മസില്‍ പെരുപ്പിക്കുന്ന നാസ്തിക ഭാരദ്വേഹകര്‍ക്ക് ഒരിക്കലും കുംഭമേളകള്‍ ആസ്വദിക്കാനാവില്ല; പ്രയാഗ് രാജ് ലക്ഷ്യം വച്ച മനുഷ്യപ്രവാഹത്തെ പടുവിഡ്ഢിക്കൂട്ടം എന്ന് പരിഹസിക്കുമ്പോള്‍ ആ ജനതതിയുടെ അസ്തിത്വമാണ് നിരാകരിക്കുന്നത്: സജീവ് ആലയുടെ അനുഭവ കുറിപ്പ്

കുംഭമേള: സജീവ് ആലയുടെ അനുഭവ കുറിപ്പ്

Update: 2025-02-27 18:29 GMT

സജീവ് ആല

കുംഭമേള കാണണം അറിയണം അനുഭവിക്കണം. ഇങ്ങനെയൊരു മോഹം ഉള്ളില്‍ അങ്കുരിപ്പിച്ചത് എഴുത്തുകാരന്‍ സഖറിയയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വതസിദ്ധമായ വശ്യമനോഹര ഭാഷയില്‍ സഖറിയ എഴുതിയ കുംഭമേളക്കാഴ്ചകള്‍ വായിച്ചപ്പോള്‍ മേളകളുടെ മഹാമേളയായ, മഹോത്സവങ്ങളുടെ മഹോത്സവമായ ഈ അപൂര്‍വാഘോഷത്തില്‍ എന്നെങ്കിലുമൊരിക്കല്‍ പങ്കുകൊള്ളണമെന്ന് മനസ്സില്‍ കുറിച്ചിട്ടിരുന്നു.

അപ്പോഴതാ വരുന്നു മഹാകുംഭമേള. എന്തായാലും ഇത്തവണ പോകാന്‍ തന്നെ തീരുമാനിച്ചു. പ്രയാഗ് രാജിനൊപ്പം വാരണാസിയും കാണണം.

ഫെബ്രുവരി 18നുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. റെയില്‍വേ റിട്ടയറിംഗ് റൂമില്‍ താമസം തരപ്പാടാക്കി.

അതിനിടയില്‍ സ്‌നാനത്തിരക്കില്‍ പ്രയാഗ് രാജില്‍ ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിക്കിലും തിരക്കിലും കുരുങ്ങി ന്യു ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും ആളുകള്‍ മരിച്ചു. പ്രയാഗ് രാജില്‍ നിന്ന് 300 കിലോമീറ്റര്‍ വരെ ട്രാഫിക്ക് കുരുക്കാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു.

ഭയവും ആശങ്കയും വെപ്രാളവുമൊക്കെ പിടികൂടിയെങ്കിലും കുംഭമേള കാണണമെന്ന തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ജനമഹാപ്രളയത്തിലേക്ക് ഒറ്റയ്ക്ക് പോകുന്നത് അപകടകരമാണെന്നും എന്തും സംഭവിക്കാവുന്ന ഭീതിജനകമായ സാഹചര്യമാണ് പ്രയാഗരാജിലുള്ളതെന്നും പ്രിയപ്പെട്ട പലരും സ്‌നേഹബുദ്ധ്യാ ഉപദേശിച്ചു.

കുറച്ച് ഹിന്ദി അറിയാം എന്ന ഒരൊറ്റ ആത്മവിശ്വാസമാണ് ഒറ്റയ്ക്ക് കുംഭമേളയിലേക്ക് എടുത്തു ചാടാനുള്ള ധൈര്യം നല്കിയത്.

കഴിഞ്ഞ 18ന് വൈകുന്നേരം പ്രയാഗ് രാജിലേക്കുള്ള വണ്ടി പിടിക്കാന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അതാ വരുന്നു ഇരുട്ടടിയായൊരു റെയില്‍വേ കുറിമാനം. മടക്കയാത്രയ്ക്ക് വാരണാസിയില്‍ നിന്ന് ഇറ്റാര്‍സിയിലേക്ക് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ റദ്ദാക്കിയിരിക്കുന്നു. ഈ മെസേജ് കണ്ട് ആദ്യമൊന്ന് അമ്പരന്നു പോയെങ്കിലും പോകുവാന്‍ തന്നെ തീരുമാനിച്ചു.

കുഭമേളക്കാലത്ത് ഉത്തരേന്ത്യയിലേക്കുള്ള സ്‌ളീപ്പര്‍ ക്‌ളാസ് യാത്ര ഭീകരാനുഭവമാകുമെന്ന് ബോധ്യമുള്ളതിനാല്‍ തേര്‍ഡ് എസിയിലായിരുന്നു ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. മണിക്കുറുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ട് വരുമെന്ന് കേട്ടതിനാല്‍ സ്വെറ്റര്‍ പോലും എടുക്കാതെ അത്യാവശ്യം ഐറ്റങ്ങള്‍ മാത്രമുള്ള ഒരു ബാഗ് മാത്രമായിരുന്നു എടുത്തത്.

സ്‌പെഷ്യല്‍ ട്രെയിന്‍ നിറയെ പ്രയാഗ് രാജ് യാത്രികരായിരുന്നു. എല്ലാവരുടെയും ലക്ഷ്യം ത്രിവേണിസംഗമ പുണ്യസ്‌നാനം. അവിടുത്തെ വെള്ളം മലിനമായതിനാല്‍ ഒരു കാരണവശാലും കുളിക്കാന്‍ പാടില്ലെന്ന് വിശ്വാസിയായ വീട്ടുകാരി കട്ടായം പറഞ്ഞിരുന്നു.

ട്രെയിനില്‍ വച്ച് പരിചയപ്പെട്ട രണ്ട് മലയാളികളുമായി സൗഹൃദത്തിലായി. മധ്യപ്രദേശില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ ഗ്രാമീണ കുടുംബം നിറയെ സഞ്ചികളും ബാഗുകളുമായി വന്നു. പുണ്യസ്‌നാനത്തിനായാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആ വലിയ സംഘവും പുറപ്പെട്ടിരിക്കുന്നത്. ജാട്ട് കര്‍ഷകരുടെ ദേഹഭാവങ്ങളുള്ള അവര്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്ന വിവിധ ഭക്ഷണസാധനങ്ങള്‍ സ്‌നേഹവായ്‌പോടെ തീറ്റിക്കാന്‍ ശ്രമിച്ചെങ്കിലും വിനയപൂര്‍വം നിരസിച്ചു. അവസാനം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു എള്ളുണ്ട വാങ്ങി കടിച്ചു പൊട്ടിച്ചു.

സ്‌പെഷ്യല്‍ ട്രെയിന്‍ എന്നാല്‍ വഴി മുഴുവന്‍ പിടിച്ചിടുന്ന തീവണ്ടി എന്ന നിര്‍വചനത്തോടെ അങ്ങേയറ്റം നീതിപുലര്‍ത്തി ഒന്‍പത് മണിക്കൂര്‍ വൈകി രാത്രി ഒന്നരയ്ക്ക് വണ്ടി പ്രയാഗ് രാജ് ചിയോക്കി സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഒഴുകിയ ജനമഹാസാഗരത്തില്‍ ഒരു കുഞ്ഞുതുള്ളിയായി ഞാനും ചേര്‍ന്നുനിന്നു. സ്റ്റേഷന് പുറത്ത്, രൂപം കൊണ്ട് അതിദരിദ്രരെന്ന് തോന്നിപ്പിക്കുന്ന മനുഷ്യര്‍ നടത്തുന്ന കുഞ്ഞിച്ചായക്കടകള്‍. അവിടെ നിന്നും 10രൂപയ്ക്ക് മൈക്രോ പേപ്പര്‍ കപ്പില്‍ കിട്ടിയ ചായ കുടിച്ചു. കൊടുംതണുപ്പ് മേളയാണെന്ന് കേട്ടിരുന്നവെങ്കിലും അര്‍ദ്ധരാത്രിയില്‍ പോലും അത്ര തണുപ്പ് ഫീല്‍ ചെയ്തില്ല. സ്വെറ്റര്‍ ജാക്കറ്റ് ഇവയൊന്നുമില്ലാതെ വന്ന എന്റെ ദീര്‍ഘദര്‍ശനത്തെ ചെറുതായൊന്ന് സ്വയം അഭിനന്ദിച്ചു.

ഇനി ടമിഴമാ പോകണം. ബൈക്ക് ടാക്‌സികളുമായി യുവാക്കള്‍ മാടിവിളിക്കുന്നു. 300രൂപയ്ക്ക് സംഗത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ ഹീറോ ഹോണ്ട സ്‌പെളന്‍ഡറില്‍ കയറി. ഏതൊക്കെയോ വഴികളിലൂടെ അപകടകരമായ വേഗത്തില്‍ ഓടിച്ച് ഒരിടത്ത് എത്തിച്ചു. ഇനി സ്വല്പം ദൂരം നടക്കേണ്ടതേയുള്ളു എന്ന് കേട്ട് ഇറങ്ങി ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു. ഗംഗാ- യമുനാ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താല്ക്കാലിക പാലത്തിലൂടെ ഒന്നൊന്നര കിലോമീറ്ററോളം നടന്ന് മറുകരയെത്തി. അവിടെനിന്നും വീണ്ടും 100രൂപ ബൈക്ക് സവാരി ചെയ്ത് ടമിഴമാ പോയിന്റില്‍ എത്തിച്ചേര്‍ന്നു.

ടമിഴമാ ല്‍ ഒത്തിരി കുളിക്കടവുകളുണ്ട്. അവിടെ സ്ത്രീകളും പുരുഷന്‍മാരും അവര്‍ പുണ്യമെന്ന് വിശ്വസിക്കുന്ന ഗംഗാസ്‌നാനം ചെയ്യുന്നു. ആണ്‍- പെണ്‍ വിവേചനമോ വേര്‍തിരിവോ ഒന്നും അവിടെയില്ല. സ്ത്രീകള്‍ ഉള്‍പ്പടെ മിക്കവരും തീരത്ത് നിന്ന് പരസ്യമായി വസ്ത്രം മാറുന്നു. തീര്‍ത്തും ജെന്‍ഡര്‍ ന്യൂട്രലായ അന്തരീക്ഷം.

ഗംഗ പ്രത്യക്ഷത്തില്‍ ഒട്ടും മലിനമായി തോന്നിയില്ല. ട്രെയിനില്‍ വച്ച് കിട്ടിയ ചങ്ങാതികള്‍ അവരുടെ സാമാനങ്ങള്‍ എന്നെയേല്പിച്ച് കുളിക്കാനിറങ്ങി. അവര്‍ മുങ്ങുന്നത് കണ്ടപ്പോള്‍ നാട്ടിലെ പമ്പാ ഇറിഗേഷന്‍ കനാലില്‍ കുളിച്ച് തിമിര്‍ത്ത കുട്ടിക്കാലം ഓര്‍മ്മയിലേക്ക് ഓടിയെത്തി. അവര്‍ തിരിച്ചുകയറിയപ്പോള്‍ ഞാനും ഗംഗയിലേക്ക് നൂഴ്ന്നിറങ്ങി. തീരത്തില്‍ നിന്ന് സ്വല്പം അകലെ വെള്ളക്കൂടുതലുള്ള ഭാഗത്തേക്ക് നീങ്ങി. നല്ല സുഖമുള്ള കുളിര്. മൂക്ക് പൊത്തിപ്പിടിച്ച് കുറച്ചേറെ തവണ മുങ്ങി. കുറച്ച് നേരം കൂടി ഗംഗയില്‍ നീരാടിക്കളിക്കണമെന്ന് തോന്നി. മുങ്ങിയവര്‍ മുങ്ങിയവര്‍ ഉടന്‍ തന്നെ കരയ്ക്ക് കയറി ഘാട്ടില്‍ നിന്ന് പോകണമെന്നുള്ള മൈക്ക് അനൗണ്‍സ്‌മെന്റ് കേട്ട് കുളി പൂര്‍ത്തിയാക്കി തീരത്തണഞ്ഞു.

കുളി കഴിഞ്ഞ് വരുന്നവര്‍ക്ക് 20രൂപയ്ക്ക് നെറ്റിയില്‍ കളഭം പൂശി നല്കുന്ന ഒത്തിരി സ്ത്രീകള്‍. അവരിലൊരാള്‍ എന്റെ നെറ്റിയിലും ചന്ദനലേപസുഗന്ധം പൂശി. കുംഭനഗരിയിലെ വര്‍ണ്ണക്കാഴ്ചകളിലേക്ക് വിസ്മയമിഴികളോട് ഉറ്റുനോക്കുന്ന ബാലനായി സ്വയം മാറിയപ്പോള്‍ പുലരിത്തണുപ്പിലും ആരവമുഖരിതമായ ഗംഗയും തീരവും നാട്ടിലെ പരിചിതമായ അമ്പലപ്പറമ്പായി.

മേളനഗറില്‍ എല്ലായിടത്തും കച്ചവടം പൊടിപൊടിക്കുന്നു. ഗംഗാജലം ശേഖരിക്കാനുള്ള ബോട്ടിലുകള്‍, രുദ്രാക്ഷം കുങ്കുമം ലോക്കറ്റുകള്‍ മാലകള്‍ ഇവയൊക്കെ വില്ക്കുന്ന കമ്പിളി ചൂടിയ ഗ്രാമീണസ്ത്രീകള്‍. ആയിരക്കണക്കിന് കുടുംബങ്ങളെ അന്നമൂട്ടുന്ന തൊഴില്‍മേള കൂടിയാണ് കുംഭമേള.

പ്രകാശപൂരിതമായ കുംഭനഗരിയിലേക്ക് പല വഴികളിലൂടെ പല ദിശകളില്‍ നിന്ന് ജനങ്ങള്‍ പ്രവഹിക്കുന്നു. പക്ഷെ പേടിപ്പെടുത്തുന്ന, ആശങ്കയുളവാക്കുന്ന തിക്കോ തിരക്കോ ഫെബ്രുവരി 21 പുലര്‍കാലത്തുണ്ടായിരുന്നില്ല. സംഗം ഘാട്ടില്‍ നിന്ന് ബോട്ടില്‍ കയറി ത്രിവേണി സംഗമത്തിലെത്തിയാണ് ഭക്തര്‍ സ്‌നാനം ചെയ്യുന്നത്. ഗംഗയും യമുനയും പിന്നെ സാങ്കല്പിക സരസ്വതിയും സംഗമിക്കുന്ന പോയിന്റാണ് ത്രിവേണി സംഗമം. ഈ അവിശ്വാസിക്ക് ഗംഗയിലെ കുളിര്‍കുളി തന്നെ ധാരാളം.

കുംഭമേളയില്‍ കുളിച്ചാല്‍ ചൊറി പിടിക്കുമോ..? അറിയില്ല. ഞാന്‍ കുളിച്ച സംഗം ഘാട്ടില്‍ വെള്ളം മോശപ്പെട്ട അവസ്ഥയിലായിരുന്നില്ല. അവിടം മലിനമായിരുന്നെങ്കില്‍ ഞാന്‍ ഇറങ്ങി കുളിക്കുമായിരുന്നില്ല. സ്‌ക്കിന്‍ അലര്‍ജിയുള്ളവര്‍ക്ക് ഒരു പക്ഷെ ചൊറിച്ചിലോ മറ്റോ വന്നേക്കാം

ഗംഗാ- യമുനാ താല്ക്കാലിക പാലത്തിലൂടെ നടന്നപ്പോള്‍ വെള്ളം വറ്റിയ ചെറുതുരുത്ത് പോലെ കാണപ്പെട്ട ഒരിടം അഴുക്കുപിടിച്ച് കണ്ടിരുന്നു. പക്ഷെ അത് കുളിക്കടവായിരുന്നില്ല. ശബരിമല മണ്ഡലകാലത്തെ പമ്പയേക്കാള്‍ പ്രത്യക്ഷത്തില്‍ വൃത്തിയും തെളിച്ചവും പ്രയാഗ് രാജിലെ ഗംഗയില്‍ കാണാനായി. ( ഇന്ത്യയിലെ ഒരു നദിയിലെ വെള്ളവും കുടിക്കാന്‍ കൊള്ളില്ല. ഗംഗാജലം കുടിച്ചാല്‍ പണി പാളും)

കുംഭമേള നഗരി മുഴുവന്‍ താല്ക്കാലിക ടോയ്ലറ്റുകളും യൂറിനലുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ടെസ്റ്റ് ഡോസ് എന്ന നിലയില്‍ രണ്ടിടത്ത് കയറി നോക്കിയപ്പോള്‍ അവിടെയെങ്ങും വെള്ളം ഇല്ലായിരുന്നു. വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടോയ്ലറ്റുകള്‍ ആളുകള്‍ പണം കൊടുത്ത് ഉപയോഗിക്കുന്നത് കണ്ടു.

ജനകോടികള്‍ എത്തുന്നയിടമായിട്ടും എങ്ങും ചപ്പുചവറുകളുടെ കൂമ്പാരം കണ്ടില്ല. വേസ്റ്റ് ബിന്‍ എല്ലായിടത്തുമുണ്ടായിരുന്നു.

മണ്‍സൂണ്‍ കാലത്ത് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുന്ന നദീതടമാണ് കുംഭമേള നഗര്‍. അതുകൊണ്ടുതന്നെ അവിടുത്തെ പൂഴിമണ്ണ് പൊടി പരത്തുന്ന തരത്തിലുള്ളതാണ്. നടക്കുന്ന വഴികളില്‍ മുഴുവന്‍ ഇരുമ്പ് തകിട് സ്ഥാപിച്ചിട്ടുള്ളതിനാല്‍ പൊടിശല്യം കുറവായിരുന്നു. എങ്കിലും ഞാന്‍ മാസ്‌ക് ധരിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സൂചികകള്‍ വച്ച് വിലയിരുത്തുമ്പോള്‍ കുംഭമേള നടന്ന പ്രയാഗ് രാജും പരിസരവും മെച്ചപ്പെട്ട അവസ്ഥയില്‍ തന്നെയായിരുന്നു. മനംപുരട്ടുന്ന ദുര്‍ഗന്ധകാഴ്ചകള്‍ ചുറ്റിക്കറങ്ങിയ ഒരിടത്തും കണ്ടില്ല.

ആത്മീയോത്സവം എന്നതിലുപരി ഒരു വാണിജ്യമേളയാണ് കുംഭമേള. ബൈക്ക് ടാക്‌സിക്കാര്‍ക്ക് പോലും ദിവസം പതിനായിരത്തിന് മുകളില്‍ വരുമാനം ലഭിച്ചിട്ടുണ്ടാകണം.

ഒരു പാവം മാല വില്പനക്കാരി പെണ്‍കുട്ടിയെ മാന്ത്രിക വടി കൊണ്ടെന്ന പോലെ അഖിലേന്ത്യാ സ്റ്റാറാക്കിയ കൊമേഴ്‌സ്യല്‍ മാമാങ്കമാണ് മഹാകുംഭമേള. കഴിഞ്ഞ 45 ദിവസം ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അതിജീവനത്തിനുള്ള ഭൗതികവഴിത്താരകള്‍ തുറന്നുനല്കിയ സ്പിരിച്വല്‍ ടൂറിസ്റ്റ് സ്‌പോട്ടായി പ്രയാഗ് രാജ് മാറിക്കഴിഞ്ഞിരുന്നു.

വിദൂരഗ്രാമങ്ങളില്‍ നിന്ന് ജീവിതപ്രയാസങ്ങളുടെ ഭാണ്ഡക്കെട്ടും തലയില്‍ പേറി പുണ്യസ്‌നാനം എന്ന ഒരൊറ്റ മോഹത്താല്‍ പ്രയാഗ് രാജ് ലക്ഷ്യം വച്ച മനുഷ്യപ്രവാഹത്തെ പടുവിഡ്ഢിക്കൂട്ടം എന്ന് പരിഹസിച്ചു തള്ളുമ്പോള്‍ ആ ജനതതിയുടെ അസ്തിത്വമാണ് നമ്മള്‍ ക്രൂരമായി നിരാകരിക്കുന്നത്. കേവലാഹ്‌ളാദങ്ങളില്‍ നിന്ന് പൂര്‍ണമായും അകലം പാലിച്ച് ബൗദ്ധികശൃംഗങ്ങളില്‍ മസില്‍ പെരുപ്പിക്കുന്ന നാസ്തിക ഭാരദ്വേഹകര്‍ക്ക് ഒരിക്കലും കുംഭമേളകള്‍ ആസ്വദിക്കാനാവില്ല.

Tags:    

Similar News