പഠിക്കാൻ വരുന്ന പിള്ളേർക്ക് ഒന്നും വിശപ്പില്ല; പലർക്കും പനിയും..ഭയങ്കര തലവേദനയും; ആലപ്പുഴ ജില്ലയെ നടുക്കി അടുത്ത ഭീതി; രോഗം പ്രതിരോധിക്കാൻ ഒരു സ്‌കൂൾ കൂടി അടച്ചു; പ്രദേശങ്ങളിൽ അതീവ ജാഗ്രത
ആലപ്പുഴ: ജില്ലയിൽ സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് രോഗവ്യാപനം തടയാനാകുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാരാരിക്കുളം ഗവൺമെൻ്റ് എൽ.പി. സ്കൂൾ വ്യാഴാഴ്ച മുതൽ 21 ദിവസത്തേക്ക് അടച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിലായി ജില്ലയുടെ തെക്കൻ മേഖലയിൽ പടർന്നുപിടിച്ച രോഗം നിലവിൽ വടക്കൻ മേഖലയിലേക്കും വ്യാപിക്കുകയാണ്. രോഗം പടരുമ്പോൾ സ്കൂളുകൾ അടയ്ക്കുക എന്നതല്ലാതെ മറ്റൊരു പ്രതിരോധ മാർഗ്ഗവും ആരോഗ്യവകുപ്പിന് മുന്നിലില്ലാത്ത സ്ഥിതിയാണ്. വാക്സിനേഷൻ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
മീസിൽസ്, മുണ്ടിനീര്, റുബെല്ല എന്നിവ പ്രതിരോധിക്കാനായി നേരത്തെ എം.എം.ആർ. (MMR) വാക്സിൻ സൗജന്യമായി നൽകിയിരുന്നു. എന്നാൽ, 2017 മുതൽ കേന്ദ്ര സർക്കാർ ഇത് മീസിൽസ്, റുബെല്ലാ വാക്സിൻ (എം.ആർ.) മാത്രമാക്കി ചുരുക്കി. ഇതിനുശേഷം മുണ്ടിനീര് വ്യാപകമായപ്പോൾ സംസ്ഥാനം മുൻകൈയെടുത്ത് വാക്സിൻ സൗജന്യമായി നൽകിയിരുന്നെങ്കിലും പിന്നീട് ഇത് നിലച്ചു. വാക്സിനേഷൻ പുനരാരംഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.
നിലവിൽ വാക്സിനേഷനുള്ള ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. പകരം സൗജന്യ വാക്സിനായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. പരീക്ഷാക്കാലമായതിനാൽ രോഗവ്യാപനവും സ്കൂൾ അടച്ചിടലുകളും വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ജില്ലയിൽ എല്ലാ മാസവും ഏതെങ്കിലും സ്കൂളുകൾ മുണ്ടിനീരു കാരണം അടയ്ക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ഡിസംബർ ഒൻപതിന് പുറക്കാട് എ.എസ്.എം.എൽ.പി. സ്കൂളും രോഗവ്യാപനത്തെത്തുടർന്ന് അടച്ചിരുന്നു.
ഇതിനുമുമ്പ് കലവൂർ ഗവൺമെൻ്റ് ഹൈസ്കൂളിലെ എൽ.കെ.ജി.-യു.കെ.ജി. വിഭാഗം, തമ്പകച്ചുവട് യു.പി. സ്കൂളിലെ എൽ.കെ.ജി.-യു.കെ.ജി. വിഭാഗം, നീർക്കുന്നം എച്ച്.ഐ.എൽ.പി. സ്കൂൾ, മണ്ണഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിൽ എൽ.പി. വിഭാഗം, മണ്ണഞ്ചേരി അൽ-ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി.-യു.കെ.ജി. വിഭാഗം എന്നിവയും അടച്ചിരുന്നു. നവംബർ മുതലാണ് വടക്കൻ മേഖലയിലേക്ക് രോഗവ്യാപനം ഉണ്ടായത്. നേരത്തെ തെക്കൻ മേഖലയിലെ രോഗവ്യാപനം മൂലം 38 വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്കണവാടികളും അടച്ചിടേണ്ടി വന്നിരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം എട്ട് സ്കൂളുകൾ അടച്ച ഗുരുതര സാഹചര്യവും ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, മുണ്ടിനീര് വ്യാപനം തടയാൻ ഫലപ്രദമായ വാക്സിനേഷൻ പദ്ധതി അടിയന്തരമായി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
