രുചിയിൽ മാത്രമല്ല ഗുണത്തിലും കേമൻ തന്നെ..; ദിവസവും പൈനാപ്പിൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്; അറിയാം ചിലത്
രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും മുൻപന്തിയിലാണ് പൈനാപ്പിൾ. ദിവസവും ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സിയും ധാരാളം ഫൈബറും അടങ്ങിയ പൈനാപ്പിൾ, ജ്യൂസായും അല്ലാതെയുമൊക്കെ കഴിക്കാവുന്നതാണ്.
പൈനാപ്പിളിൽ അടങ്ങിയ ലയിക്കുന്ന ഫൈബർ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മലബന്ധം തടയുന്നതിനും അമിതമായ വിശപ്പ് നിയന്ത്രിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ചെറുക്കാനും ഉത്തമമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും പൈനാപ്പിൾ മികച്ചതാണ്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, മറ്റ് ധാതുക്കൾ എന്നിവ കണ്ണുകളെ സംരക്ഷിക്കുകയും കോശങ്ങൾ നശിക്കുന്നത് തടയുകയും ചെയ്യും.
ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനും പൈനാപ്പിൾ സഹായിക്കും. ഇതിലടങ്ങിയ ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതായി പറയപ്പെടുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നു.
വിറ്റാമിൻ എ, സി, ഇ, കെ എന്നിവയോടൊപ്പം പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയും പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന നാശം ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. വിവിധ പോഷകങ്ങളാൽ സമ്പന്നമായ പൈനാപ്പിൾ, ആരോഗ്യകരമായ ജീവിതശൈലിക്ക് വലിയ മുതൽക്കൂട്ടാണ്.