വാപ്പിങ്ങും ഇ-സിഗരറ്റും പുകവലിയേക്കാള്‍ കുഴപ്പക്കാര്‍; ക്യാന്‍സര്‍ മാത്രമല്ല ഡിമെന്‍ഷ്യയും ഹൃദ്രോഗവും അവയവങ്ങളുടെ തകരാറും സംഭവിക്കാന്‍ ഇടയാകും: കുട്ടികള്‍ക്ക് ഇടയില്‍ വരെ പ്രസിദ്ധി നേടിയ വാപ്പ് മഹാ കുഴപ്പക്കാരന്‍
ലണ്ടന്‍: ഇ-സിഗരറ്റുകള്‍ പതിവായി ഉപയോഗിക്കുന്നത് ഡിമെന്‍ഷ്യയും ഹൃദ്രോഗവും അവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാരില്‍ ലക്ഷണക്കിന് പേരാണ് ഇപ്പോള്‍ വാപ്പിംഗ് ഉപയോഗിക്കുന്നത്. ഏകദേശം പത്തില്‍ ഒരാള്‍ ഈ ശീലത്തിന് അടിമപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിഗരറ്റിനേക്കാള്‍ സുരക്ഷിതവും പുകവലി ഉപേക്ഷിക്കുന്നതിനുള്ള ഉപയോഗപ്രദവുമായ ഉപകരണമായാണ് പൊതുവെ വാപ്പുകള്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന വാപ്പര്‍മാരില്‍ ഏകദേശം എട്ടു ശതമാനം പേര്‍ മുമ്പ് ഒരിക്കലും പുകവലിച്ചിട്ടില്ലെന്നാണ് സര്‍വേകളിലെ കണ്ടെത്തല്‍.
മാത്രമല്ല, വാപ്പ് വലി സിഗരറ്റിനേക്കാള്‍ ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുമെന്നാണ് മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും വിശ്വസിക്കുന്നത്. പ്രൊപിലീന്‍ ഗ്ലൈക്കോള്‍, ഗ്ലിസറിന്‍, സുഗന്ധദ്രവ്യങ്ങള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ അടങ്ങിയ ഒരു ദ്രാവകം ചൂടാക്കി ഉത്പാദിപ്പിക്കുന്ന നിക്കോട്ടിന്‍ ആണ് വാപ്പറിലൂടെ ഇ-സിഗരറ്റായി ആളുകള്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ ഉയര്‍ന്ന അളവിലുള്ള നിക്കോട്ടിന്‍ ആണ് ശരീരത്തില്‍ എത്തുക.
ഈ ഉയര്‍ന്ന നിക്കോട്ടിന്‍ അളവ് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്നും രക്തക്കുഴലുകള്‍ ചുരുങ്ങുകയും ധമനികളുടെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, പുകവലിക്കുമ്പോള്‍ സംഭവിക്കുന്ന അതേ പ്രശ്നങ്ങളും രോഗങ്ങളും ആണ് വാപ്പിംഗ് ചെയ്യുന്ന ഒരാള്‍ക്ക് സംഭവിക്കുകയെന്നും വിദഗ്ധര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
സിഗരറ്റ് വലിക്കുമ്പോള്‍ ഒരെണ്ണം തീര്‍ന്നാല്‍ മറ്റൊന്ന് എടുക്കണം. മാത്രമല്ല, പുകവലി സ്വീകാര്യമല്ലാത്ത ഇടങ്ങളില്‍ അതു ചെയ്യാന്‍ സാധിക്കില്ല. പുറത്തു പോയി വലിക്കേണ്ടിയും വരും. എന്നാല്‍ വാപ്പിംഗിന് ഇതിന്റെയൊന്നും ആവശ്യമില്ല. അതുകൊണ്ടു തന്നെ എവിടെയിരുന്നും നിയന്ത്രണങ്ങളില്ലാതെ വാപ്പിംഗ് ചെയ്യാന്‍ കഴിയും. അതുവഴി ക്രമാതീതമായ അളവില്‍ നിക്കോട്ടിന്‍ മനുഷ്യ ശരീരത്തിലേക്ക് എത്തുമെന്ന് ഹൃദയാരോഗ്യ വിദഗ്ധനായ ഡോ. മാക്സിം ബോയ്ഡിന്‍ വ്യക്തമാക്കി.
അതേസമയം, പുകവലിയേക്കാള്‍ സുരക്ഷിതമാണ് വാപ്പിംഗെന്ന് എന്‍എച്ച്എസ് മേധാവികള്‍ വാദിക്കുന്നുണ്ടെങ്കിലും, വാപ്പിംഗ് അപകടരഹിതമല്ലെന്ന് വിദഗ്ധര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇ-സിഗരറ്റുകളില്‍ ദോഷകരമായ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും ബുദ്ധിമുട്ടുകളും ഇതുവരെയും പുറത്തു വന്നിട്ടില്ല. ചെറുപ്പത്തില്‍ തന്നെ ഈ ശീലത്തിന് അടിപ്പെട്ടവര്‍ക്ക് ഭാവിയില്‍ ശ്വാസകോശ രോഗങ്ങള്‍, ദന്ത പ്രശ്നങ്ങള്‍, കാന്‍സര്‍ എന്നിവപോലും ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
