നിങ്ങള്‍ ചെവിയുടെ അകവും പുറവും വൃത്തിയായി കഴുകാറുണ്ടോ? ഇല്ലെങ്കില്‍ സംഭവിക്കുന്നത് സ്വപ്നത്തില്‍ പ്രതീക്ഷിക്കാത്തത്: ചെവി കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്നത് എന്തൊക്കെയെന്ന് അറിയുക
ചെവിയുടെ പിന്‍ഭാഗം നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഒരു ത്വക്ക് രോഗ വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെവി വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ കരപ്പനും അണുബാധയും മുതല്‍ ജീവന് ഭീഷണിയുയര്‍ത്തുന്ന സെപ്സിസ് വരെ ബാധിച്ചേക്കാം എന്നാണ് ഡോക്ടര്‍ റോജര്‍ കപൂര്‍ പറയുന്നത്. വിസ്‌കോന്‍സിനിലെ ബെലോയ്റ്റ് ഹെല്‍ത്ത് സിസ്റ്റംസിലെ ത്വക്ക് രോഗ വിദഗ്ധനായ ഡോക്ടര്‍ കപൂര്‍ പറയുന്നത്.
അതുകൊണ്ടു തന്നെ ചെവിയുടെ പുറകുവശം, മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞും, മൃതകോശങ്ങള്‍ നീക്കം ചെയ്തും വൃത്തിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, വിരളമായി മാത്രമെ ആളുകള്‍ ഈ ഭാഗം വൃത്തിയാക്കാന്‍ ശ്രദ്ധിക്കാറുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടങ്ങളില്‍ മാലിന്യം അടിഞ്ഞുകൂടി, വിയര്‍പ്പുമായി കലര്‍ന്ന് ഗ്രീസ് രൂപത്തിലാകുമ്പോള്‍ അതില്‍ ബാക്ടീരിയകള്‍ പറ്റിപ്പിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അവ, കാതുകുത്തുമ്പോഴോ, അതല്ലാതെ ചെവിയില്‍ പോറലേല്‍ക്കുമ്പോഴോ ഉണ്ടാകുന്ന മുറിവിലൂടെ ചെവിക്കകത്ത് പ്രവേശിച്ച് അണുബാധക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ടു തന്നെ, ദിവസവും ചെവിയുടെ പിന്‍ഭാഗം വൃത്തിയാക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിക്കുന്നു. വളരെ ഗുരുതരാവസ്ഥയില്‍, ചെവിയിലെ അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. ഒരുപക്ഷെ, രക്തത്തില്‍ കലരാന്‍ വരെ ഇടയുണ്ട്. വളരെ വിരളമായാണെങ്കിലും ഇത് ജീവാപായമുണ്ടാക്കുന്ന സ്‌പെപ്സിസിന് കാരണമായേക്കാം. ശരീരം അതിന്റെ തന്നെ സ്വന്തം കോശങ്ങളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണിത്. ഇതുവഴി അവയവങ്ങള്‍ ക്രമേണ പ്രവര്‍ത്തന രഹിതമായേക്കാം.
മാത്രമല്ല, രോഗബാധയുണ്ടായവര്‍ക്ക് ശരീരം ചൊറിഞ്ഞ് തടിക്കുന്ന കരപ്പനും ഇത് കാരണമായേക്കാം എന്നും ഡോക്ടര്‍ കപൂര്‍ പറയുന്നു. എണ്ണ, അഴുക്ക്, വിയര്‍പ്പ് എന്നിവ കൂടിക്കലര്‍ന്ന പശ്ചാത്തലം ബാക്ടീരിയകള്‍ക്കും ഫ്രംഗസുകള്‍ക്കും വളരാന്‍ വളക്കൂറുള്ള വിളനിലമാണ്. അത് കരപ്പനോ മറ്റ് ത്വക്ക് രോഗങ്ങള്‍ക്കോ കാരണമായേക്കാം. കാലക്രമേണ, ഈ അണുബാധ ത്വക്കിലെ സുഷിരങ്ങളെ മൂടുകയും പരുക്കള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്തേക്കാം. അതിനെല്ലാം പുറമെ, ചെവിക്ക് പുറകില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ ശരീര ദുര്‍ഗന്ധത്തിനും കാരണമാകും.
എണ്ണയേയും ബാക്ടീരിയയേയും വേര്‍പെടുത്താന്‍ കഴിയുന്ന ചേരുവകള്‍ അടങ്ങിയ വിവിധ തരം ഷാമ്പു ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ചെവിയുടെ പുറക് വശം വൃത്തിയാക്കാന്‍ അവ അനുയോജ്യമല്ല എന്നും ഡോക്ടര്‍ കപൂര്‍ പറയുന്നു. വെള്ളമൊഴിക്കുമ്പോള്‍ അവ പോകുമെന്നതിനാല്‍ ഈ ഷാമ്പുവിലെ ചേരുവകള്‍ ത്വക്കുമായി ദീര്‍ഘനേരം സമ്പര്‍ക്കത്തില്‍ വരുന്നില്ല എന്നതാണ് കാരണം.. സോപ്പ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുകയാണ് ഏറ്റവും ഉത്തമം എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ, കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ കണ്ണടക്കൈകളും കൂടെക്കൂടെ വൃത്തിയാക്കണം എന്നും അദ്ദേഹം പറയുന്നു. അവ കൂടുതല്‍ സമയവും ചെവിയുടെ പുറകില്‍ ആയിരിക്കും എന്നതിനാല്‍, മാലിന്യം അതിലേക്കും പടരാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.