ഭാവിയില്‍ വായിക്കാനായി നമ്മള്‍ കണ്ണട ഉപയോഗിക്കുന്നത് അവസാനിപ്പിക്കാം; തുള്ളിമരുന്നില്‍ പ്രതീക്ഷ അര്‍പ്പിക്കാം; നേത്ര ചികില്‍സയെ ഈ മരുന്ന് മാറ്റി മറിക്കുമോ?
ഭാവിയില്‍ വായിക്കാനായി നമ്മള്‍ കണ്ണട ഉപയോഗിക്കുന്നത് അവസാനിപ്പിക്കാം. പകരം ദിവസവും കുറച്ച് തവണ കണ്ണില്‍ തുള്ളിമരുന്ന് ഉപയോഗിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം നിങ്ങളുടെ കാഴ്ച വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകരമായി മാറുമെന്നാണ് കരുതപ്പെടുന്നത്. പ്രായമാകുമ്പോള്‍ കണ്ണടകളോ ശസ്ത്രക്രിയയോ കൂടാതെ കാഴ്ച വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ദീര്‍ഘകാലമായി ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു.
766 രോഗികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നിരവധി ഗവേഷണങ്ങളുടെ ഫലമായി തയ്യാറാക്കിയ തുള്ളിമരുന്ന് ഇവരുടെ കണ്ണില്‍ ഒഴിക്കുകയായിരുന്നു. ജെയ്ഗര്‍ ചാര്‍ട്ട് എന്ന് വിളിക്കപ്പെടുന്ന കാഴ്ച പരിശോധനയില്‍ ഭൂരിപക്ഷത്തിനും രണ്ടോ മൂന്നോ അതിലധികമോ വരികള്‍ കൂടുതലായി വായിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഈ തുള്ളി മരുന്നില്‍ കൃഷ്ണമണികളെ ഞെരുക്കുകയും സിലിയറി പേശിയെ ചുരുക്കുകയും ചെയ്യുന്ന ഒരു മരുന്നായ പൈലോകാര്‍പ്പൈന്‍ അടങ്ങിയിരുന്നു.
ഇത് വ്യത്യസ്ത ദൂരങ്ങളില്‍ വസ്തുക്കളെ കാണാനുള്ള കണ്ണിന്റെ കഴിവിനെ നിയന്ത്രിക്കുന്നതാണ്. ഇത് കൂടാതെ തുള്ളി മരുന്നില്‍ കണ്ണിന്റെ വീക്കം കുറയ്ക്കുന്ന ഒരു മരുന്നായ ഡൈക്ലോഫെനാക് അടങ്ങിയിട്ടുണ്ടായിരുന്നു. പൈലോകാര്‍പൈന്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയും ഈ മരുന്ന് ഇല്ലാതാക്കും. രോഗികള്‍ക്ക് ദിവസത്തില്‍ രണ്ടുതവണയാണ് കണ്ണില്‍ തുള്ളിമരുന്ന് നല്‍കിയത്. രാവിലെ ഉണരുന്നതിന് പിന്നാലെയും വീണ്ടും ആറ് മണിക്കൂര്‍ കഴിഞ്ഞും.
കൂടുതല്‍ കാഴ്ച സുഖം ആവശ്യമുണ്ടെങ്കില്‍, ഇതിന്റെ മൂന്നാം ഡോസും ഉപയോഗിക്കാം. തുള്ളിമരുന്ന് ആദ്യമായി നല്‍കിയതിന് ഒരു മണിക്കൂറിന് ശേഷം വായനാ ഗ്ലാസുകള്‍ ഇല്ലാതെ രോഗികള്‍ക്ക് കാഴ്ച ചാര്‍ട്ട് എത്രത്തോളം നന്നായി വായിക്കാന്‍ കഴിയുമെന്നതിലെ പുരോഗതി ഗവേഷകര്‍ വിലയിരുത്തി. അര്‍ജന്റീനയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഫോര്‍ പ്രെസ്ബയോപിയയുടെ ഡയറക്ടര്‍ ഡോ. ജിയോവന്ന ബെനോസ പറയുന്നത് വായന ഗ്ലാസുകള്‍ അല്ലെങ്കില്‍ ശസ്ത്രക്രിയാ ഇടപെടലുകള്‍ പോലുള്ള നിലവിലെ പരിഹാരങ്ങള്‍ക്ക് നിരവധി സങ്കീര്‍ണതകളും പരിമിതികളും ഉണ്ട് എന്നാണ്. എല്ലാ ഭാഗത്ത് നിന്നും കാണാന്‍ ഈ മരുന്ന് ഉപയോഗിച്ചവര്‍ക്ക് കഴിയുന്നുണ്ട് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഏതാണ്ട് രണ്ടു വര്‍ഷത്തോളം ഈ മരുന്ന് ഉപയോഗിച്ചവരില്‍ കാര്യമായ പുരോഗതി കണ്ടെത്തി എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഏതായാലും ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ കണ്ണടയുടെ ഉപയോഗം കുറയ്്ക്കാന്‍ കഴിയും എന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് ഒരിക്കലും ശസ്ത്രക്രിയക്ക് ബദലാകില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണട ഉപയോഗിക്കുന്നതിന്റെ അസൗകര്യത്തില്‍ നിന്ന് മോചനം തേടുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ഗവേഷകര്‍ സമ്മതിക്കുന്നത്.
യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാറ്ററാക്റ്റ് ആന്‍ഡ് റിഫ്രാക്റ്റീവ് സര്‍ജന്‍സിന്റെ 43-ാമത് കോണ്‍ഗ്രസിലാണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.