ഡിഎന്‍എയിലെ മ്യൂട്ടേഷനുകള്‍ കാരണം രൂപപ്പെടുന്ന ട്യൂമര്‍ ആന്റിജനുകളെ വേട്ടയാടി നശിപ്പിക്കും വാക്‌സിന്‍; ക്യാന്‍സറായി മാറുന്നതിന് മുന്‍പേ തന്നെ അവയെ ഇല്ലാതാക്കും; ശ്വാസകോശാര്‍ബുദം: മരണത്തെ തടയാന്‍ പുതിയ പ്രതീക്ഷ
ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. പത്തു വര്‍ഷത്തിലേറെ ഈ രോഗത്തെ അതിജീവിക്കുന്നവര്‍ പത്തു ശതമാനത്തില്‍ താഴെയാണെന്നതാണ് വസ്തുത. അതിനിടെ ഒരു പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് എത്തുന്നു. ശ്വാസകോശാര്‍ബുദത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണ്.
അടുത്ത നാല് വര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷണങ്ങളുടെ ആദ്യഘട്ടം 2026-ഓടെ ആരംഭിക്കും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും മിടുക്കരായ ശാസ്ത്രജ്ഞരാണ് ഈ ദൗത്യത്തിന് പിന്നില്‍. ക്യാന്‍സര്‍ റിസര്‍ച്ച് യുകെയില്‍ നിന്ന് 2 മില്യണ്‍ പൗണ്ടിലധികം ധനസഹായം ലഭിച്ച ഈ ഗവേഷകര്‍, 'ലംഗ്വാക്‌സ്' (LungVax) എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ എത്രമാത്രം ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കും. കൊവിഡ്-19 വാക്‌സിനുകളിലേതുപോലെ മെസഞ്ചര്‍ ആര്‍എന്‍എ (mRNA) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഒരു സൂപ്പര്‍ ഹീറോയെപ്പോലെ പരിശീലിപ്പിച്ച്, ഡിഎന്‍എയിലെ മ്യൂട്ടേഷനുകള്‍ കാരണം രൂപപ്പെടുന്ന ട്യൂമര്‍ ആന്റിജനുകളെ - വേട്ടയാടി നശിപ്പിക്കാനാണ് വാക്‌സിന്‍ സഹായിക്കുന്നത്. ക്യാന്‍സറായി മാറുന്നതിന് മുന്‍പേ തന്നെ അവയെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ശ്വാസകോശാര്‍ബുദം ഏറ്റവും ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നതാണ് ഈ മാറ്റത്തിന് വഴിതുറക്കുന്നത്. 'പുകവലി നിര്‍ത്തുന്നതാണ് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. വാക്‌സിനുകള്‍ ഒരിക്കലും അതിന് പകരമാവില്ല.
ആഗോളതലത്തില്‍ മരണനിരക്ക് വര്‍ധിപ്പിക്കുന്ന രോഗങ്ങളില്‍ മുന്നിലാണ് ശ്വാസകോശ അര്‍ബുദം. പലപ്പോഴും ലക്ഷണങ്ങളെ നിസ്സാരമായി കാണുന്നതും രോഗസ്ഥിരീകരണം വൈകുന്നതുമൊക്കെയാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. മരണസാധ്യത ഏറ്റവും കൂടുതലുള്ള ശ്വാസകോശാര്‍ബുദത്തെ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ അതിജീവിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
ഇന്നത്തെ കാലത്ത് വര്‍ധിച്ചുവരുന്ന ശ്വാസകോശാര്‍ബുദ കേസുകള്‍ക്ക് കാരണം പുകവലി മാത്രമല്ലെന്ന അഭിപ്രായമുണ്ട്. ശ്വാസകോശാര്‍ബുദ സാധ്യതയ്‌ക്കെതിരെ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കാനും വിഷവായു ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന വീക്കം തടയാനും, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ അടക്കം ചര്‍ച്ചകളില്‍ എത്തിയിട്ടുണ്ട്.
ശ്വാസകോശത്തില്‍ രൂപപ്പെടുന്ന കാന്‍സറാണ് ശ്വാസകോശാര്‍ബുദം. ഇത് രണ്ട് വിധത്തിലാണ് ഉള്ളത്. ഒന്ന് നോണ്‍ സ്മോള്‍ സെല്‍ ലംഗ് കാന്‍സര്‍ (NSCLC) രണ്ടാമത്തേത്, സ്മോള്‍ സെല്‍ ലംഗ് കാന്‍സര്‍(SCLC). ഇതില്‍ NSCLC വളരെ സാവധാനത്തില്‍ മാത്രമാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുക. ഇന്ന് മിക്കവരിലും കണ്ട് വരുന്ന കാന്‍സറാണ് ഇത്. എന്നാല്‍, SCLC വേഗത്തില്‍ പടരുന്ന കാന്‍സറാണ്. മിക്കപ്പോഴും ഈ കാന്‍സര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതിന് ശേഷം മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. പുകവലി, റേഡിയേഷനുമായുള്ള ബന്ധം, റാഡോണ്‍ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ അര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളാണ്.
