മനുഷ്യന്റെ തലച്ചോറിന് അഞ്ച് 'യുഗങ്ങൾ', 'മുതിർന്നവരുടെ' ഘട്ടം ആരംഭിക്കുന്നു 32 വയസ്സിൽ; തലച്ചോറിന്റെ വികാസത്തിന് നാല് നിർണായക 'വഴിത്തിരിവുകൾ'; ന്യൂറോ സയൻസിൽ സുപ്രധാന വഴിത്തിരിവായി കേംബ്രിഡ്ജ് പഠനം

Update: 2025-11-27 07:21 GMT

കേംബ്രിഡ്ജ്: മനുഷ്യന്റെ തലച്ചോറിന് ജീവിതകാലം മുഴുവൻ അഞ്ച് പ്രധാന 'യുഗങ്ങൾ' ഉണ്ടെന്ന ശാസ്ത്രജ്ഞർ കണ്ടെത്തൽ നാഡീശാസ്ത്രത്തിൽ ഒരു സുപ്രധാന വഴിത്തിരിവായിരിക്കുകയാണ്. കേംബ്രിഡ്ജ് സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന സമഗ്രമായ പഠനമാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിൽ. ശിശുപ്രായം മുതൽ വാർദ്ധക്യം വരെയുള്ള നാഡീബന്ധങ്ങൾ എങ്ങനെ മാറുന്നു എന്ന് വിശദീകരിക്കുന്ന ഈ പഠനം, തലച്ചോറിന്റെ ഘടനാപരമായ വികസനം സ്ഥിരമായ പുരോഗതിയല്ല, മറിച്ച് പ്രധാനപ്പെട്ട നാല് 'വഴിത്തിരിവുകൾ' ഉള്ള പ്രക്രിയയാണെന്ന് വെളിപ്പെടുത്തുന്നു. ഏകദേശം 4,000 ആളുകളുടെ ബ്രെയിൻ സ്കാനുകൾ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ മുതൽ 90 വയസ്സുള്ളവർ വരെയുള്ളവരുടെ വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തലച്ചോറിന്റെ പ്രവർത്തനത്തിലും ഘടനയിലും സമൂലമായ മാറ്റങ്ങൾ വരുത്തുന്ന നാല് പ്രധാന വഴിത്തിരിവുകൾ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഈ വഴിത്തിരിവുകൾ ഏകദേശം 9, 32, 66, 83 വയസ്സുകളിലാണ് സംഭവിക്കുന്നത്.

തലച്ചോറിന്റെ അഞ്ച് വികാസഘട്ടങ്ങൾ:

ശൈശവ ഘട്ടം (Childhood Epoch): ജനനം മുതൽ 9 വയസ്സു വരെ ഈ കാലഘട്ടം 'നെറ്റ്‌വർക്ക് ഏകീകരണം' (Network Consolidation) എന്ന പ്രക്രിയയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു കുഞ്ഞിന്റെ തലച്ചോറിലെ കോടിക്കണക്കിന് സിനാപ്‌സുകൾ (നാഡീകോശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണികൾ) അരിച്ചെടുക്കപ്പെടുകയും കൂടുതൽ സജീവമായവ നിലനിർത്തുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ തലച്ചോറിലെ ബന്ധങ്ങളുടെ കാര്യക്ഷമത കുറയുകയും ഗ്രേ മാറ്ററും വൈറ്റ് മാറ്ററും അതിവേഗം വളരുകയും ചെയ്യുന്നു.

കൗമാര ഘട്ടം (Adolescent Epoch): ഏകദേശം 9 മുതൽ 32 വയസ്സു വരെ വെളുത്ത ദ്രവ്യം (White matter) വളരുന്നത് തുടരുന്ന ഈ ഘട്ടത്തിൽ, തലച്ചോറിലെ ആശയവിനിമയ ശൃംഖലകൾ കൂടുതൽ മികച്ചതാവുന്നു. ഈ ഘട്ടം ശരാശരി 32 വയസ്സു വരെ നീണ്ടുനിൽക്കുന്നു എന്നതാണ് പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ. തലച്ചോറിലെ ബന്ധങ്ങളുടെ കാര്യക്ഷമത ക്രമാനുഗതമായി വർദ്ധിക്കുകയും ഇത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രകടനവുമായി (Cognitive performance) ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.

പൂർണ്ണവളർച്ച ഘട്ടം (Adult Mode Epoch): ഏകദേശം 32 മുതൽ 66 വയസ്സു വരെ 32 വയസ്സിലാണ് തലച്ചോറിന്റെ നാഡീബന്ധങ്ങൾ 'മുതിർന്നവരുടെ മോഡിലേക്ക്' (Adult Mode) മാറുന്നത്. ഈ വഴിത്തിരിവാണ് ജീവിതത്തിൽ തലച്ചോറിൽ കാണുന്ന ഏറ്റവും ശക്തമായ പരിവർത്തനം. മാതാപിതാക്കളാകുന്നത് പോലുള്ള പ്രധാനപ്പെട്ട ജീവിത സംഭവങ്ങൾ ഈ മാറ്റങ്ങളിൽ ഒരു പങ്ക് വഹിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. ഈ യുഗം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുകയും, തലച്ചോറിന്റെ ഘടന സ്ഥിരമായി നിലനിൽക്കുകയും ചെയ്യുന്നു. മറ്റ് പഠനങ്ങളനുസരിച്ച്, ഈ കാലയളവിൽ ബുദ്ധിശക്തിയിലും വ്യക്തിത്വത്തിലും 'സ്ഥിരത' (plateau) ഉണ്ടാകുന്നു.

പ്രാരംഭ വാർദ്ധക്യ ഘട്ടം (Early Ageing Epoch): ഏകദേശം 66 മുതൽ 83 വയസ്സു വരെ 66 വയസ്സിൽ വരുന്ന മൂന്നാമത്തെ വഴിത്തിരിവ് 'പ്രാരംഭ വാർദ്ധക്യ' ഘട്ടത്തിന് തുടക്കം കുറിക്കുന്നു. ഈ കാലയളവിൽ തലച്ചോറിലെ കണക്റ്റിവിറ്റി കുറയാൻ തുടങ്ങുന്നു. ഇത് വാർദ്ധക്യവുമായി ബന്ധപ്പെട്ട വൈറ്റ് മാറ്ററിന്റെ ക്ഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവസാന വാർദ്ധക്യ ഘട്ടം (Late Ageing Epoch): ഏകദേശം 83 വയസ്സിനു ശേഷം ഏകദേശം 83 വയസ്സിലാണ് അവസാനത്തെ വഴിത്തിരിവ് സംഭവിക്കുന്നത്. ഇതോടെ തലച്ചോറ് 'അവസാന വാർദ്ധക്യ' ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ ഘട്ടവും കണക്റ്റിവിറ്റി കുറയുന്നതിലൂടെ അടയാളപ്പെടുത്തപ്പെടുന്നു.

തലച്ചോറിന്റെ ഘടനാപരമായ യാത്ര സ്ഥിരമായ പുരോഗതിയല്ല, മറിച്ച് ചില പ്രധാന വഴിത്തിരിവുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലാക്കുന്നത്, അതിന്റെ ശൃംഖലകൾക്ക് എപ്പോഴാണ് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് തിരിച്ചറിയാൻ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ന്യൂറോ ഇൻഫോർമാറ്റിക്സ് ഗവേഷകനും പഠനത്തിന്റെ സീനിയർ പ്രൊഫ. ഡങ്കൻ ആസ്റ്റ്ൽ പറഞ്ഞു.

മാനസികാരോഗ്യ വൈകല്യങ്ങൾ (Mental Health Disorders) ഏറ്റവും കൂടുതൽ കണ്ടുവരുന്നത് കൗമാര ഘട്ടത്തിലാണ്. ഈ കണ്ടെത്തലുകൾ മാനസികാരോഗ്യ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഘടകങ്ങളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.

ഗവേഷണത്തിന് നേതൃത്വം നൽകിയ അലക്സ മൗസ്ലി പറയുന്നത്: "20-കളുടെ അവസാനത്തിലുള്ളവർ കൗമാരക്കാരെപ്പോലെ പെരുമാറുമെന്നോ അവരുടെ തലച്ചോറ് അതുപോലെയായിരിക്കുമെന്നോ ഞങ്ങൾ പറയുന്നില്ല. ഇത് മാറ്റത്തിന്റെ ഒരു മാതൃകയാണ്. തലച്ചോറിന്റെ ഘടനാപരമായ യാത്രയിലുള്ള ഈ 'യുഗങ്ങൾ' അതിന്റെ ബലഹീനതകൾ എപ്പോഴാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കും." മനുഷ്യന്റെ കോഗ്നിറ്റീവ് വികാസത്തെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും ഈ കണ്ടെത്തലുകൾ.

Tags:    

Similar News