കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുന്ന നിര്‍ണായക കണ്ടെത്തല്‍! സാധാരണ ചികിത്സകളേക്കാള്‍ 'സുരക്ഷിതവും ഫലപ്രദവുമായ' ചികിത്സാ മാര്‍ഗം കണ്ടെത്തിയെന്ന് ഗവേഷകര്‍; കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കോശങ്ങളുടെ പുതിയ പരമ്പരകള്‍ വികസിപ്പിച്ചത് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍
കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുന്ന നിര്‍ണായക കണ്ടെത്തല്‍!
ക്യാന്‍സറിന് സാധാരണ ചികിത്സകളേക്കാള്‍ സുരക്ഷിതവും ഫലപ്രദവുമായ പ്രകൃതിദത്ത പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞന്‍മാര്‍. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെയും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകരാണ് എലികളില്‍ കാന്‍സര്‍ മുഴകള്‍ ഇംപ്ലാന്റ് ചെയ്യുകയും അവയില്‍ പ്രകൃതിദത്ത കോശങ്ങള്‍ കുത്തിവയ്ക്കുകയും ചെയ്തത്. രോഗപ്രതിരോധ സംവിധാനത്തില്‍ കാണപ്പെടുന്ന പ്രകൃതിദത്തമായ കൊലയാളി കോശങ്ങള്‍ ക്യാന്‍സറിനെ ചെറുക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കാന്‍സര്‍ ചികിത്സകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സി.എ.ആര്‍.ടി കോശങ്ങളെപ്പോലെ, കാന്‍സര്‍ കോശങ്ങളെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നതിനായി സി.എ.ആര്‍ എന്‍.കെ കോശങ്ങളും ജനിതകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. എന്നാലും രോഗിയുടെ രോഗപ്രതിരോധ സംവിധാനം കാരണം ഇത്തരം കോശങ്ങള്‍ നിരസിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇത് തടയുന്നതിനായി ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഗവേഷകര്‍ സി.എ.ആര്‍.എന്‍ കെ കോശങ്ങളുടെ ഒരു പുതിയ പരമ്പര വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
ഈ പരിഷ്‌കരിച്ച കോശങ്ങള്‍ എലികള്‍ക്ക് നല്‍കിയപ്പോള്‍, അവ മൂന്നാഴ്ചയോളം അവയുടെ ശരീരത്തില്‍ തന്നെ തുടരുകയും കാന്‍സറിനെ ഏതാണ്ട് ഇല്ലാതാക്കാനും കഴിഞ്ഞിരുന്നു. അതേസമയം, സ്വാഭാവികമായി ഉണ്ടാകുന്ന എന്‍.കെ കോശങ്ങളോ സാധാരണ സി.എ.ആര്‍.എന്‍.കെ കോശങ്ങളോ ലഭിച്ച എലികളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആ കോശങ്ങള്‍ ക്ഷയിക്കുന്നത് കണ്ടെത്തിയിരുന്നു.
ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിന് കാരണമാകുന്ന കീമോതെറാപ്പിയുടെ ഒരു പാര്‍ശ്വഫലമായ സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം ഉണ്ടാക്കാന്‍ ഈ പുതിയ സി.എ.ആര്‍.എന്‍.കെ കോശങ്ങള്‍ക്ക് സാധ്യത കുറവാണെന്നും വിദദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, അവ കാന്‍സര്‍ കോശങ്ങളെ ശക്തമായി ഇല്ലാതാക്കുകയും ചെയ്യും.
ഇത് കൂടുതല്‍ സുരക്ഷിതവുമാണ്. ലിംഫോമ എന്ന ബ്ലഡ് ക്യാന്‍സര്‍ ചികിത്സയില്‍ ഈ പുതിയ സംവിധാനം ഏറെ ഫലപ്രദമാകും എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയില്‍ ഓരോ വര്‍ഷവും തൊണ്ണൂറായിരത്തോളം പേര്‍ക്ക് ഈ രോഗം ബാധിക്കുകയും ഇരുപതിനായിരം പേര്‍ മരിക്കുകയും ചെയ്യുന്നു. ഏതായാലും പുതിയ സംവിധാനം ഉപയോഗിച്ച് ഒരു ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഗവേഷകര്‍ പദ്ധതിയിടുകയാണ്.