അള്‍ട്രാ പ്രോസെസ്സഡ് ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവര്‍ നേരത്തെ മരിക്കുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട്; ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വന്‍കുടല്‍ ക്യാന്‍സറിന് വഴിവെക്കും; പുതിയ പഠനം ഞെട്ടിക്കുന്നത്

അള്‍ട്രാ പ്രോസെസ്സഡ് ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവര്‍ നേരത്തെ മരിക്കുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട്

Update: 2025-04-29 09:38 GMT

മിതമായ അളവില്‍ സംസ്‌ക്കരിച്ച ഭക്ഷണം കഴിക്കുന്നവര്‍ നേരത്തേ മരിക്കുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വന്‍കുടല്‍ ക്യാന്‍സറിന് ഇത് കാരണമാകുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

മരണരേഖകളും ഭക്ഷണക്രമത്തിന്റെ സര്‍വ്വേ ഫലങ്ങളും വിശകലനം ചെയ്ത ഗവേഷകര്‍ 2018-ല്‍ അമേരിക്കയില്‍ ഉണ്ടായ 120,000 അകാല മരണങ്ങള്‍ക്ക് ഇത്തരം ഭക്ഷണം കഴിക്കുന്നതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പൂരിത കൊഴുപ്പുകള്‍, പഞ്ചസാര, കൃത്രിമ അഡിറ്റീവുകള്‍ എന്നിവ അടങ്ങിയ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ മാരകമായ രോഗാവസ്ഥകള്‍ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

അമേരിക്കയും യു.കെയും ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണക്രമം പരിശോധിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ഏകദേശം പത്ത് ലക്ഷത്തോളം അകാല മരണങ്ങളില്‍ ഏഴില്‍ ഒരു വിഭാഗവും മാംസം, മിഠായി, ഐസ്‌ക്രീം തുടങ്ങിയ അമിതമായ അളവില്‍ സംസ്്ക്കരിച്ച ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ പ്രായം കുറഞ്ഞ മരണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ആരോഗ്യകരമെന്ന് പൊതുവേ കരുതപ്പെടുന്ന ചില ബ്രെഡുകളും സലാഡുകളും എല്ലാം തന്നെ അപകടകാരികളായി മാറുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ശരാശരി അമേരിക്കക്കാര്‍ കഴിക്കുന്ന കലോറിയുടെ പകുതിയിലധികവും ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങളില്‍ നിന്നാണ് ലഭിക്കുന്നതെന്നും മനസിലാക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ഭക്ഷണത്തിലെ ഓരോ പത്ത് ശതമാനം അമിതമായി സംസ്‌കരിച്ച ഭക്ഷണവും അവര്‍ നേരത്തേ മരിക്കാനുള്ള സാധ്യത മൂന്ന് ശതമാനം വര്‍ദ്ധിക്കുന്നതായിട്ടാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.

ഇത്തരം ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി, ചിലതരം കാന്‍സറുകള്‍ എന്നിവയുള്‍പ്പെടെ മുപ്പത്തിരണ്ട് രോഗങ്ങള്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അതേ സമയം അമിതമായി സംസ്‌ക്കരിച്ച ഭക്ഷണസാധനങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് നേരിട്ട് അകാല മരണത്തിലേക്ക് നയിക്കില്ല എന്നാണ് ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കൊളംബിയ, ബ്രസീല്‍, ചിലി എന്നീ രാജ്യങ്ങളിലെ അകാല മരണങ്ങളില്‍ നാല് മുതല്‍ ആറ് ശതമാനം വരെ അമിതമായി സംസ്‌ക്കരിച്ച ഭക്ഷണമാണ് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News