അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം മെയ് 10 ന്
ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവര്‍ഷത്തെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും.പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും.
അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 38 വി. കുര്‍ബാന സെന്ററുകളിലും മരിയന്‍ തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 2025 മെയ് 10 ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയില്‍ ആരാധന . തുടര്‍ന്ന് ആഘോഷമായ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും. അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദീകരും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികനായിരിക്കും.
കാറ്റിക്കിസം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിള്‍ ക്വിസ്സ് മത്സരത്തില്‍ നാഷണല്‍ തലത്തില്‍ വിജയം നേടിയവരേയും അയര്‍ലണ്ടിലെ ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ (A Level -Northern Ireland) 2024 വര്‍ഷത്തില്‍ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയര്‍ലണ്ടിലെ വലിയ കുടുംബങ്ങളേയും ഈ തീര്‍ത്ഥാടനത്തില്‍ വച്ച് ആദരിക്കും.
1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകള്‍ സാക്ഷികളായിരുന്നു.. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും, യോഹന്നാന്‍ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷ്യകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിന്‍കുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം ഈ ദര്‍ശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും, ഫ്രാന്‍സീസ് മാര്‍പാപ്പായും നോക്ക് ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. വി. മദര്‍ തെരേസായും നോക്ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. വര്‍ഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ നോക്ക് സന്ദര്‍ശിക്കാറുണ്ട്.
അയര്‍ലണ്ടിലെത്തുന്ന മലയാളികുടുംബങ്ങള്‍ പതിവായി നോക്ക് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10 മണിമുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടര്‍ന്ന് 12 മണിമുതല്‍ ആരാധനയും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു. സീറോ മലബാര്‍ സഭയുടെ വൈദീകന്‍ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സേവനം ചെയ്യുന്നുണ്ട്.
സീറോ മലബാര്‍ സഭ നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നോക്ക് മരിയന്‍ തീര്‍ഥാടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടന്നുവരുന്നു.നോക്ക് മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു