പരിശുദ്ധ അമ്മ, നമ്മുടെ കുറവുകളെ ആദ്യമറിയുന്നവള്‍ : മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്
നോക്ക് / അയര്‍ലണ്ട് : നമ്മുടെ കുടുംബത്തിലെ കുറവുകള്‍ ആദ്യം അറിഞ്ഞ് നമ്മുക്കായി മാധ്യസ്ഥം വഹിക്കുന്നവളാണ് പരിശുദ്ധ അമ്മയെന്ന് സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു. നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജൂബിലി വര്‍ഷത്തിലെ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ വി. കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. കാനായിലെ കല്യാണ വിരുന്നില്‍ വെള്ളം വീഞ്ഞാക്കിയ വചന ഭാഗം ഉദ്ദരിച്ച് സംസാരിക്കവെ, ഈശോ പറയുന്നത് അനുസരിക്കാന്‍ മറിയം ആഹ്വാനം ചെയ്യുന്നതായി ബിഷപ്പ് സ്റ്റീഫന്‍ പറഞ്ഞു.
പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പായുടെ മാതൃസ്‌നേഹവും ബിഷപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ എല്ലാ വിദേശയാത്രകളും റോമിലെ സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും സമാപിക്കുകയും ചെയ്തതായും, അവസാനം അദ്ദേഹത്തിന്റെ അന്ത്യവിശ്രമവും അവിടെയായിരുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മാതാവിലൂടെ ഈശോയിലേക്കെന്നതാവണം നമ്മുടെ ലക്ഷ്യം ബിഷപ്പ് സ്റ്റീഫന്‍ ഉദ്ദ്‌ബോദിപ്പിച്ചു.
ജൂബിലി വര്‍ഷത്തിലെ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഏഴായിരത്തോളം വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യം നിറഞ്ഞ് നില്‍ക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ ബസലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു. വിശ്വാസികള്‍ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരുന്നു. അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍, മുന്‍ നാഷണല്‍ കോര്‍ഡിനേറ്ററും എര്‍ണാകുളം അങ്കമാലി അതിരൂപതയുടെ മുന്‍ വികാരി ജനറാളുമായ മോണ്‍. ആന്റണി പെരുമായന്‍ തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി പരതേപ്പതിയ്ക്കല്‍, റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവരും അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഇരുപത്തഞ്ചോളം വൈദീകരും സഹകാര്‍മ്മികരായിരുന്നു.
സഭായോഗം സെക്രട്ടറി ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറയായിരുന്നു തീര്‍ത്ഥാടനത്തിന്റെ മാസ്റ്റര്‍ ഓഫ് സെറിമണി. പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന ജൂബിലി 2025 ന്റെ തീം ആയിരുന്നു ഈ തീര്‍ത്ഥാടനത്തിനും.
സീറോ മലബാര്‍ സമൂഹം ഐറീഷ് കമ്യൂണിറ്റിക്കും, ആരോഗ്യ പരിപാലന മേഖലയിലും, ക്രിസ്തീയ വിശ്വാസമേഖലയിലും ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദിപറഞ്ഞ് എല്ലാ വിശ്വാസികളേയും നോക്ക് തീര്‍ത്ഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് നോക്ക് അന്താരാട്ര തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ വെരി. റവ. ഫാ. റിച്ചാര്‍ഡ് ഗിബോണ്‍സ് സംസാരിച്ചു.
പ.ഫ്രാന്‍സീസ് പാപ്പായിലൂടെ സഭയ്ക്കുനല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞ് പാപ്പായെ അനുസ്മരിച്ച് പ്രാര്‍ത്ഥിച്ച സീറോ മലബാര്‍ സമൂഹം. പുതിയ മാര്‍പ്പാപ്പ ലിയോ പതിനാലാമന് എല്ലാ പ്രാര്‍ത്ഥനാ ആശംസകളും നേര്‍ന്നു.
ഈ വര്‍ഷം അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്ന് ആഘോഷമായ വി. കുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ബിഷപ്പ് വി. കുര്‍ബാന നല്‍കി. അയര്‍ലണ്ടിലെ എല്ലാ കുര്‍ബാന സെന്ററുകളില്‍നിന്നുമുള്ള അള്‍ത്താര ബാലന്മാരും കുര്‍ബാനയില്‍ പങ്കെടുത്തു.
അഞ്ച് കുട്ടികളുള്ള സോര്‍ഡ്‌സിലെ ദിലീപ് മാത്യു സൗമ്യാ ജോസ് ദമ്പതികളേയും ഡെറിയില്‍ നിന്നുള്ള ജിബിമോന്‍ ജോസ് അനുഗ്രഹ തോമസ് ദമ്പതികളേയും തദ്ദവസരത്തില്‍ ആദരിച്ചു. മക്കള്‍ക്കായി ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.
ഓള്‍ അയര്‍ലണ്ട് കാറ്റിക്കിസം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ഐറിന്‍ ലിജോ (വാട്ടര്‍ഫോര്‍ഡ്), അമോസ് ഷാജി (ബെല്‍ ഫാസ്റ്റ്), നെയ്തന്‍ സിജു (ലിമെറിക്ക്) ഏഴാം ക്ലാസുകാരായ ജോവാന മേരി ജിയോ (ഗാല്‍വേ), ജോഹാന്‍ ജേക്കബ് അബിന്‍ (സോര്‍ഡ്‌സ്), എവിലിന്‍ ജിനേഷ് ( ഫിബ്‌സ്ബറോ), ജോയല്‍ വര്‍ഗ്ഗീസ് (ബ്രേ), പത്താം ക്ലാസുകാരായ ഐലിന്‍ റോസ് ജെയ്‌സ് (റ്റുള്ളുമോര്‍), അന്ന ജെസ്റ്റിന്‍ ( ലിമെറിക്ക്), ഡാനിയ ഡിലോണ്‍ (കില്‍ക്കെനി) പത്രണ്ടാം ക്ലാസുകാരായ എമ്മാനുവേല്‍ ജിസ് (റ്റുള്ളുമോര്‍), റിയാന റിജു (ഡെറി), ആല്‍ബിയ മാര്‍ട്ടിന്‍ (സോര്‍ഡ്‌സ്) എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ ലീവിങ്ങ് സേര്‍ട്ട് പരീക്ഷകളിലും, നോര്‍ത്തേന്‍ അയര്‍ലണ്ടിലെ, എ - ലെവല്‍ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡും ബിഷപ്പ് വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹരായവര്‍
ലീവിങ്ങ് സേര്‍ട്ട് : മൈക്കിള്‍ സുനില്‍ (ബ്യൂമൗണ്ട്)
എ ലെവല്‍ : ആക്‌സല്‍ ഷാജി (ബെല്‍ ഫാസ്റ്റ്)
ബൈബിള്‍ ക്വിസ് മത്സരത്തില്‍ നാഷണല്‍ തലത്തില്‍ വിജയികളായ ഇവ ജോയല്‍ പ്രിന്‍സ് (കാസില്‍ബാര്‍), എല്‍സ സുമോദ് (നാസ്) ജോയല്‍ വര്‍ഗ്ഗീസ് (ബ്രേ), ഇമ്മാനുവേല്‍ സക്കറിയ (ലിമറിക്ക്), നിഷ ജോസഫ് (ഫിബ്‌സ്ബറോ) എന്നിവരും ബൈബിള്‍ ക്വിസ് നാഷണല്‍ ഗ്രാന്റ് ഫിനാലയില്‍ വിജയികളായ
കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ (ഒന്നാം സ്ഥാനം), ഫിബ്‌സ്ബറോ (രണ്ടാം സ്ഥനം), റ്റുള്ളുമോര്‍ (മൂന്നാം സ്ഥാനം) ടീമുകള്‍ ബിഷപ്പില്‍ നിന്ന് ടോഫികള്‍ സ്വന്തമാക്കി.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അയര്‍ലന്‍ഡിലെ മണ്ണില്‍ മാര്‍തോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊന്‍, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ അണിനിരന്നു. ലൂക്കന്‍ കുര്‍ബാനസെന്റര്‍ ഒരുക്കിയ കേരള തനിമയാര്‍ന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതല്‍ മികവേകി. ചെറുപുഷ്പം മിഷന്‍ ലീഗ് (ഇങഘ) ടീഷര്‍ട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയന്‍ പതാകകളുമായി മാതൃവേദി പ്രവര്‍ത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയില്‍ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവര്‍ത്തകരും, അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍നിന്നെത്തിയ അള്‍ത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുര്‍ബാന സ്വീകരിച്ച വേഷത്തില്‍ കുട്ടികളും പ്രദക്ഷിണത്തെ വര്‍ണാഭമാക്കി. മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തില്‍ വന്ന കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു, കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങള്‍ക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തില്‍ സമാപിച്ചു. പ്രദക്ഷിണത്തിന് ബെല്‍ഫാസ്റ്റ് റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിന്‍ റീജയണും നേതൃത്വം നല്‍കി.
തുടര്‍ന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് /ചെറുപുഷ്പം മിഷന്‍ ലീഗ് കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയയും, മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും, അഭിവദ്യ പിതാവിന്റേയും ഇരുപന്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികള്‍ അണിനിരന്ന കേരളതനിമയാര്‍ന്ന പ്രദക്ഷിണവും, തീര്‍ത്ഥാടകര്‍ക്ക് വേറിട്ട അനുഭവമായി. അടുത്തവര്‍ഷത്തെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനം മെയ് 9 ശനിയാഴ്ച നടക്കും. കൂടാതെ എല്ലാ രണ്ടാം ശനിയാശ്ചകളിലും പതിവ്‌പോലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നോക്ക് ദേവാലയത്തില്‍ ഉണ്ടായിരിക്കും