അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി; പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതര്‍ക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ക്ക് കൈമാറി.
അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍നിന്നും വ്യക്തികളില്‍നിന്നും സമാഹരിച്ച 32680.17 യൂറോ ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ സഭക്കൂട്ടയ്മകള്‍ സമാഹരിച്ച 69838.30 യൂറോ സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ വഴി ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന രൂപതകളിലേയ്ക്ക് എത്തിച്ചു.
2024 ജൂലൈ അവസാനം വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമത്തിലെ മുണ്ടകൈ ചൂരമല, വെള്ളാരിമല പ്രദേശങ്ങള്‍ അപ്പാടെ ഒലിച്ചുപോയ ദുരന്തത്തില്‍ നാനൂറ്റി ഇരുപത് ആളുകള്‍ കൊല്ലപ്പെടുകയും അനേകരെ കാണാതാവുകയും ചെയ്തു. 1200 കോടി രൂപയുടെ നാശനഷ്ടമാണു ഈ ദുരന്തത്തില്‍ ഉണ്ടായത്. വയനാട്ടിലെ ദുരിതബാധിതര്‍ക്കുള്ള യൂറോപിലെ സീറോ മലബാര്‍ സഭയുടെ സഹായമായി 27935.32 യൂറോ (24,99,595 രൂപ) മാനന്തവാടി രൂപതയുടെ വയനാട് സോഷ്യന്‍ സര്‍വ്വീസ് സൊസൈറ്റിക്ക് (WSS) കൈമാറി. സൊസൈറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിയ സ്ഥലത്ത് ദുരന്തബാധിതര്‍ക്കായുള്ള വീടുകളുടേയും അനുബന്ധ സൗകര്യങ്ങളുടേയും നിര്‍മ്മാണം ആരംഭഘട്ടത്തിലാണ്.
2024 ജൂലൈമാസം കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമത്തില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ഉരുള്‍പ്പൊട്ടലില്‍ അനേകം വീടുകളും ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും ഒലിച്ചുപോയിരുന്നു. തൊട്ടുമുമ്പ് വയനാട്ടില്‍ നടന്ന ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയതിനാല്‍ മരണ സംഖ്യ കുറക്കാന്‍ സാധിച്ചുവെന്നാലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്. ദുരിത ബാധിതര്‍ക്കായി സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേഷണ്‍ കൈമാറിയ 41902.98 യൂറോ (37,51,477 രൂപ) താമരശേരി രൂപതയുടെ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്പ്‌മെന്റ് (COD) വഴി ദുരിതബാധിതരിലേയ്ക്ക് എത്തും. നാല്‍പ്പത്തൊന്ന് വീടുകളാണ് സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്പ്‌മെന്റിന്റെ നേതൃത്വത്തില്‍ വിലങ്ങാട് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. എട്ട് വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തറക്കല്ലിട്ടു ഉത്ഘാടനം നിര്‍വ്വഹിച്ചു. സ്ഥലം ലഭ്യമാകുന്നമുറക്ക് മറ്റ് വീടുകളുടെ നിര്‍മ്മാണം ആരംഭിക്കും.
ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കാന്‍ മന:സ്സുകാണിച്ച എല്ലാവിശ്വാസികളേയും നന്ദിയോടെ സ്മരിക്കുന്നതായി യൂറോപ്പ്യന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും, അയര്‍ലണ്ട് സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടും അറിയിച്ചു