അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ക്രോഗ് പാട്രിക് തീര്‍ത്ഥാടനം ജൂലൈ 26 ശനിയാഴ്ച
ഡബ്ലിന്‍ : സീറോ മലബാര്‍ സഭ അയര്‍ലണ്ട് നാഷണല്‍ പിതൃവേദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ക്രോഗ് പാട്രിക് തീര്‍ത്ഥാടനം ജൂലൈ 26 ന് ശനിയാഴ്ച നടക്കും.
അയര്‍ലണ്ടിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പര്‍ശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയര്‍ലന്‍ഡിലെ എല്ലാ കൗണ്ടികളില്‍ നിന്നും, ബെല്‍ഫാസ്റ്റില്‍ നിന്നുമുള്ള വിശ്വാസികള്‍ ഒത്തുചേരുന്ന തീര്‍ത്ഥാടനം, ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തില്‍ ആരംഭിക്കും.
അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ .ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അടിവാരത്തില്‍ നടക്കുന്ന കുര്‍ബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്. പിതൃവേദി നാഷണല്‍ ഡയറക്ടര്‍ റവ ഫാ അനീഷ് വഞ്ചിപ്പാറയില്‍, ഡബ്ലിന്‍ റീജണല്‍ പിതൃവേദി ഡയറക്ടര്‍ റവ ഫാ സിജോ ജോണ്‍ വെങ്കിട്ടക്കല്‍, കോര്‍ക്ക് റീജണല്‍ പിതൃവേദി ഡയറക്ടര്‍ റവ ഫാ സന്തോഷ് തോമസ് , ഗോല്‍വേ റീജണല്‍ പിതൃവേദി ഡയറക്ടര്‍ റവ ഫാ റജി കുര്യന്‍, അയര്‍ലണ്ട് സീറോ മലബാര്‍ സഭയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബഹുമാനപ്പെട്ട മറ്റ് വൈദികരും കുര്‍ബാനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും സഹ കാര്‍മികരായിരിക്കും.
ക്രോഗ് പാട്രിക് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങള്‍ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്. ഡോ .സനല്‍ ജോര്‍ജ് ?+447425066511? ( ബെല്‍ഫാസ്റ്റ് റീജണല്‍ കമ്മറ്റി ) റോണി ജോര്‍ജ് -0894090600 (ഗോള്‍വെ റീജിണല്‍ കമ്മറ്റി ) പുന്നമട ജോര്‍ജ്ജുകുട്ടി - 0870566531 ( കോര്‍ക്ക് റീജിണല്‍ കമ്മറ്റി)
സിബി സെബാസ്റ്റ്യന്‍ ?+353894433676? ( ഡബ്ലിന്‍ റീജണല്‍ കമ്മറ്റി ) എന്നിവരെയോ പാരിഷ് / പിതൃവേദി/ സെന്‍ട്രല്‍ / സഭായോഗം കമ്മറ്റി നേതൃത്വത്തെയോ തീര്‍ത്ഥാടനത്തിന്റെ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് നാല്‍പ്പത് ദിവസം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത കോര്‍ഗ്ഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂര്‍ണ്ണവും ഭക്തിനിര്‍ഭരവുമായ ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോര്‍ഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.