അയര്‍ലണ്ടിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
പോര്‍ട്ട്‌ലീഷ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലുള്ള അയര്‍ലണ്ടിലെ പോര്‍ട്ട്‌ലീഷ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ (ഈസ്റ്റര്‍) ശുശ്രൂഷകള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഏപ്രില്‍ 4 ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി റവ. ഫാ. ജിത്തു വര്‍ഗ്ഗീസ് മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് നടന്ന ഉയിര്‍പ്പ് ശുശ്രൂഷകളിലും, തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായ ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിലും വിശ്വാസികള്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇടവകയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തു.
മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും പുതുജീവന്റെയും സന്ദേശമാണ് പകരുന്നത്. ഏതൊരു ഇരുട്ടിന് പിന്നിലും പ്രകാശമുണ്ടെന്നും മരണത്തിന് മേല്‍ ജീവന്‍ വിജയം നേടുമെന്നും ഈ ഉയിര്‍പ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു,' എന്ന് റവ. ഫാ. ജിത്തു വര്‍ഗ്ഗീസ് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനിലെ ആദ്യത്തെ ഹാശാ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പ് പെരുന്നാളും വന്‍ വിജയമാക്കാന്‍ ഇടവക ട്രസ്റ്റി സാം പാപ്പച്ചന്‍ വര്‍ഗീസ്, സെക്രട്ടറി ജസ്റ്റിന്‍ ലെജി ജോസഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ ആത്മീയ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുശ്രൂഷകള്‍ക്ക് ശേഷം നടന്ന സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.