വഖഫ് ബിൽ മൗലികാവകാശ ലംഘനം - ഐ ഐ സി കുവൈത്ത്

Update: 2025-04-05 14:23 GMT

കുവൈത്ത് സിറ്റി :ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ പക്ഷപാത സമീപനം സ്വീകരിക്കുകയാണെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും മുസ്‌ലിം സമുദായവും വഖഫ് ബില്ലിനെതിരാണെന്ന യാഥാര്‍ത്ഥ്യം വളരെ വ്യക്തമാണ്.

വഖഫ് നിയമം പരിഷ്കരിക്കണമെന്ന് രാജ്യത്ത് ഔദ്യോഗികമായ ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല എന്നിരിക്കെ ഇത് മുസ്ലിംകളുടെ ഗുണത്തിന് വേണ്ടിയാണെന്ന് ചിലർ ജൽപിക്കുന്നത് തെളിഞ്ഞ കാപട്യമാണ്. നീതിയുടെയും മതനിരപേക്ഷതയുടെയും പക്ഷത്ത് ഒന്നിച്ചണിനിരക്കേണ്ട സഭാനേതൃത്വം സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്നത് എത്ര മാത്രം അപഹാസ്യമായ നിലപാടാണെന്ന് ഐ.ഐ.സി നേതാക്കൾ വിശദീകരിച്ചു.

വഖഫ് ബില്ലിനെതിരില്‍ സഭയില്‍ ഒറ്റക്കെട്ടായി നിന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ തീരുമാനം ആശാവഹമാണ്. മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാൻ ബി.ജെ.പി കൊണ്ടുവരുന്ന ബില്ലിനെ പിന്തുണച്ചവർ രാഷ്ട്രത്തിൻ്റെ മതനിരപേക്ഷ നിലപാടിനെയാണ് തമസ്കരിച്ചിരിക്കുന്നത്. രാജ്യത്തെ മുസ്ലിംകളെ പ്രഥമ ശത്രുക്കളായി കാണുന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്ര അജണ്ടകള്‍ ഇവിടെ അവസാനിക്കും എന്നു നാം കരുതുന്നില്ല. ജനാധിപത്യപരമായ പ്രതിരോധങ്ങൾക്കും നിയമപരമായ പോരാട്ടങ്ങൾക്കും എല്ലാവരും പിൻതുണ നൽകേണ്ടതുണ്ട്. യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ പ്രസ്താവനയിൽ സൂചിപ്പിച്ചു

Similar News