കെ.ഐ.ജി.കുവൈത്ത് നടത്തിവന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിന്‍ സമാപിച്ചു
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ അവകാശികള്‍ തങ്ങള്‍ മാത്രമാണെന്ന സവര്‍ണ വംശീയ അജണ്ടയാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന് പ്രമുഖ ദളിത് ചിന്തകനും ആക്റ്റിവിസ്റ്റുമായ സണ്ണി എം കപിക്കാട് പറഞ്ഞു. പ്രവാചകന്‍ വിശ്വ വിമോചകന്‍ എന്ന തലക്കെട്ടില്‍ കെ.ഐ.ജി.കുവൈത്ത് നടത്തിവന്നിരുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യം വൈദേശിക ആധിപത്യത്തില്‍ നിന്ന് മോചിതമാകുന്നതിലും രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ നിര്‍ണയിക്കുന്നതിലും യാതൊരുവിധ പങ്കുമില്ലാത്ത ഫാസിസ്റ്റ് ശക്തികളെ സമസ്ത മേഖലകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ മുഴുവന്‍ ജന വിഭാഗങ്ങളും തയ്യാറാകണം. പിന്നാക്ക ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും വളര്‍ത്തിയെടുത്ത് പൊതുലക്ഷ്യം മുന്നില്‍ കണ്ട് മുന്നോട്ടുപോയാല്‍ മാത്രമേ രാജ്യത്തെ വീണ്ടെക്കാന്‍ കഴിയൂ. ഫാസിസത്തോട് ഒരു കാലത്തും സന്ധി ചെയ്തിട്ടില്ലാത്ത ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി.ആര്‍.അംബേദ്കറെ പോലും തങ്ങളുടേതാക്കി മാറ്റാനുള്ള സവര്‍ണ വര്‍ഗ ആഖ്യാനങ്ങളെയും നിഗൂഢമായ ശ്രമങ്ങളെയും തിരിച്ചറിഞ്ഞു തോല്‍പിക്കണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
എഴുത്തുകാരനും പ്രഭാഷകനുമായ ടി മുഹമ്മദ് വേളം പ്രഭാഷണം നടത്തി. മനുഷ്യരുടെ അടിമത്തത്തില്‍ നിന്നും ദൈവത്തിന്റെ അടിമത്തത്തിലേക്ക് മനുഷ്യനെ വിമോചിപ്പിച്ച മഹാനായ നേതാവായിരുന്നു പ്രവാചകന്‍ മുഹമ്മദ് എന്ന് അദ്ദേഹം പറഞ്ഞു. നീതിക്ക് വേണ്ടി നിലകൊള്ളുവാനും പോരാടുവാനുമുള്ള നിരവധി പാഠങ്ങള്‍ പ്രവാചക ജീവിതത്തില്‍ കാണാന്‍ കഴിയും. മനുഷ്യസമത്വം ഉദ്ഘോഷിക്കുക മാത്രമല്ല അത് പ്രയോഗതലത്തില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു.
കാമ്പയിനിന്റെ ഭാഗമായി നടന്ന ക്വിസ് ബൊണാന്‍സയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം നടത്തി. ഗിരീഷ് മിഖായേല്‍, രാധിക, വിനയ് വേണുഗോപാല്‍, സമീറ, മെഹ്ബൂബ, ഹുസ്ന എന്നിവര്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ വിജയികളായി. ഫൈനല്‍ റൗണ്ട് ക്വിസ് മത്സരത്തിന് അന്‍വര്‍ സഈദ് നേതൃത്വം നല്‍കി. അബ്ബാസിയ ആസ്‌പെയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ കെ.ഐ.ജി.പ്രസിഡണ്ട് പി.ടി. ശരീഫ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ നന്ദി പ്രകടനവും നടത്തി. കുവൈത്തിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.