വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരിരക്ഷ : കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നു ഡല്‍ഹി ഹൈക്കോടതി

Update: 2024-12-12 14:05 GMT
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരിരക്ഷ : കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നു ഡല്‍ഹി ഹൈക്കോടതി
  • whatsapp icon

കുവൈറ്റ്: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നു ഡല്‍ഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബക്രു ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവ് നല്‍കിയത്.

1983ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം നിലവിലുള്ള എമിഗ്രേഷന്‍ വ്യവസ്ഥകളില്‍ വിദേശത്ത് വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി സംരക്ഷിക്കുന്ന യാതൊരു വ്യവസ്ഥകളും അടങ്ങിയിട്ടില്ലെന്ന് പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഈ നിയമം തൊഴില്‍ കേന്ദ്രീകൃതമാണ്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ സംരക്ഷണം നിലവില്‍ നല്‍കുന്നില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരിരക്ഷയുടെ അഭാവത്തില്‍ ഇന്ത്യയിലും വിദേശത്തുമായുള്ള ഏജന്‍സികളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പലപ്പോഴും കടുത്ത ചൂഷണത്തിന് വിധേയരാകുന്നുവെന്നും അതിനാല്‍ ഉചിതമായ നിയമനിര്‍മ്മാണം ആവശ്യമാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രവാസി ലീഗല്‍ സെല്‍ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസില്‍ ജൈസണ്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്.

നിരവധിയായി ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ പഠനാവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി നടപടി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. നിലവില്‍ വിദേശ ജോലികളുടെ മറവില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന മനുഷ്യക്കടത്തുകള്‍ക്കിരയായ നിരവധി പ്രവാസികള്‍ക്കാണ് ഇതിനോടകം പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയിലും പ്രവാസി ലീഗല്‍ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിന്റെ ഭാഗമായി കേരളാ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ ഈയിടെ വിദ്യാര്‍ഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡന്‍സ് വിംഗിനും രൂപം നല്‍കിയിട്ടുണ്ട്.

വീഡിയോ ലിങ്ക

https://we.tl/t-wPRa0fWB1g

Tags:    

Similar News