ലഹരിയുടെ വ്യാപനത്തെ തടയാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം - ഐ.ഐ.സി ഇഫ്ത്വാര്‍ സംഗമം

Update: 2025-03-06 13:19 GMT

കുവൈത്ത് സിറ്റി : ലഹരിയുടെ വ്യാപകമായ ഉപയോഗവും അതിക്രമങ്ങളും തടയാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്ത്വാര്‍ സംഗമം അഭിപ്രായപ്പെട്ടു. മാനവരാശി നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഖുര്‍ആന്‍ പഠനത്തിലൂടെയും അതിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെയും നേടിയെടുക്കാവുന്നതാണെന്ന് യുവ പണ്ഡിതനും പ്രമുഖ ഖുര്‍ആന്‍ ഖാരിയുമായ നൗഷാദ് മദനി കാക്കവയല്‍ പറഞ്ഞു. ''ഖുര്‍ആന്‍ അവതരിച്ച മാസം ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബാല്യ കൗമാര യൗവനകാലങ്ങളില്‍ കണ്ടുവരുന്ന അതിക്രമങ്ങള്‍ ലഹരിയുടെ പിന്‍ബലത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ സാമ്പത്തിക അഴിമതികള്‍ തുടങ്ങിയവയുടെ പരിഹാരം കുടുംബ തലത്തില്‍ നിന്നുതന്നെ ആരംഭിക്കണം. മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഖുര്‍ആന്‍ പഠനവും അതനുസരിച്ചുള്ള കാഴ്ചപ്പാടുകളും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

സംഗമം ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് എല്ലാവരും സമയം കണ്ടെത്തണം. അതിനുള്ള അവസരം കുവൈത്തില്‍ വ്യാപകമായുണ്ടെന്നും നമ്മുടെ ജീവിതത്തെ നേരായ ദിശയിലേക്ക് വിശുദ്ധ പഠനം വെളിച്ചമേകുമെന്നും ഉദ്ഘാടന ഭാഷണത്തില്‍ മുഹമ്മദ് അലി സൂചിപ്പിച്ചു.

ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, കെ.കെ.എം.എ ട്രഷറര്‍ മുനീര്‍ കുനിയാ, മുഹമ്മദ് ജമാല്‍, സിദ്ധീഖ് മദനി, അനസ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ഐ.ഐ.സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി, സെക്രട്ടറി അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. അല്‍ അമീന്‍ സുല്ലമി ഖിറാഅത്ത് നടത്തി.

Similar News