എമര്‍ജന്‍സിക്കു സര്‍ട്ടിഫിക്കറ്റ് നല്‍കാം: ചില ഭാഗങ്ങള്‍ കട്ട് ചെയ്യണം; കങ്കണയോട് ബോംബെ ഹൈക്കോടതി

Update: 2024-09-26 08:53 GMT

ന്യൂഡല്‍ഹി: ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ കങ്കണ റണാവത്തിന്റെ എമര്‍ജന്‍സിക്കു സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ബോംബെ ഹൈക്കോടതിയില്‍. ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് റിവൈസിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. കങ്കണ ഇന്ദിരാ ഗാന്ധിയായി എത്തുന്ന ചിത്രം ഈ മാസം ആറിനു റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ബിജെപി എംപി കൂടിയായ കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധായകയും സഹ നിര്‍മാതാവും.

സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തുവന്നതോടെയാണ് എമര്‍ജന്‍സി വിവാദമായത്. സിഖ് സമുദായത്തെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നാണ് സംഘടനകള്‍ പറയുന്നത്. ചരിത്ര വസ്തുതകളെ ചിത്രം വളച്ചൊടിച്ചെന്നും അവര്‍ ആക്ഷേപിക്കുന്നു. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 25ന് അകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചിരുന്നു. ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കോടതി വിമര്‍ശിച്ചു.

Tags:    

Similar News