ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം; അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് തൊഴിലാളികള്‍ കുടുങ്ങി

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

Update: 2024-11-05 16:15 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. നാല് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എസ് പി അറിയിച്ചു.

ആനന്ദ് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിയിരുന്നു രക്ഷാപ്രവര്‍ത്തനം.

'ചൊവ്വാഴ്ച വൈകുന്നേരം മാഹി നദിയില്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണ സ്ഥലത്ത് മൂന്ന് തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കിടയില്‍ കുടുങ്ങി. ക്രെയിനുകളും എക്സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി, അദ്ദേഹം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.' നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറഞ്ഞു.

Tags:    

Similar News