'ടണ്‍ കണക്കിന് എയര്‍, ഓണ്‍ എയര്‍, അഭിപ്രായങ്ങള്‍ മാനിക്കുന്നു: ട്രോളുകളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് വാഴ നടന്‍; പിന്തുണച്ച് താരങ്ങള്‍

Update: 2024-09-26 05:36 GMT

തിയേറ്ററുകളില്‍ കിട്ടിയ സ്വീകാര്യത വാഴ ഒടിടി റിലീസിന് എത്തിയപ്പോള്‍ ലഭിക്കുന്നില്ല. ചിത്രത്തിന് വെറുതെ ഹൈപ്പ് നല്‍കിയതാണെന്നും ചിത്രം അത്രയ്ക്ക് പോര എന്നുമാണ് ഒടിടിയില്‍ വന്നതിന് ശേഷമുള്ള പ്രതികരണങ്ങള്‍. ചിത്രത്തിലെ നടന്‍മാര്‍ക്കുമെതിരെയും ട്രോളുകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ട്രോളുകളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് നടനും കണ്ടന്റ് ക്രിയേറ്ററുമായ അമിത് മോഹന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ടണ്‍ കണക്കിന് എയര്‍, ഓണ്‍ എയര്‍ എന്നീ വാചകങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ ചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്. വാഴയിലെ വിമര്‍ശനം നേടിയ രംഗത്തിന്റെ ട്രോളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. താരങ്ങളും സംവിധായകരും ആരാധകരുമെല്ലാം ഒരുപോലെ താരത്തെ പിന്തുണച്ചുകൊണ്ട് എത്തുകയാണ്. സുഹൃത്തേ ഒടിടിയില്‍ നന്നായി അഭിനയിക്കണ്ടേ..., എന്നാണ് നടന്‍ സിജു സണ്ണി കുറിച്ചത്. നടന്‍ സഞ്ജു സനിച്ചന്‍, നടി അഹാന കൃഷ്ണ, സംവിധായകന്‍ വിപിന്‍ ദാസ് തുടങ്ങിയവരും പിന്തുണച്ച് കമെന്റ് ചെയ്തിട്ടുണ്ട്.

അഭിനയിക്കാനറിയില്ല ഓവര്‍ ആക്ടിങ്ങ് തുടങ്ങിയ കമെന്റുകളും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും മറുവശത്ത് ഈ രംഗത്തിന് കൈയടികളും വരുന്നുണ്ട്. നിരവധിപ്പേരാണ് അമിത് മോഹന് പിന്തുണയുമായി എത്തുന്നത്. ഇതേ മാനസികാവസ്ഥയിലൂടെ തങ്ങളും കടന്നുപോയിട്ടുണ്ടെന്നാണ് പലരും കുറിക്കുന്നത്.

ജയ ജയ ജയ ജയഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. ഡബ്യൂബിറ്റിഎസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Tags:    

Similar News