ലാലിനേയും മമ്മൂട്ടിയേയും വെല്ലുവിളിക്കാന്‍ ബാബുരാജും ഇല്ല; ആരോപണങ്ങളും അഴിമതി കഥകളും നിറയുമ്പോള്‍ താരങ്ങളില്‍ ഭൂരിഭാഗവും എതിരെന്ന് മനസ്സിലാക്കി പിന്‍മാറ്റം; അമ്മ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി ബാബുരാജ് മത്സരിക്കില്ല; പത്രിക പിന്‍വലിക്കും; കുക്കു പരമേശ്വരന്‍ താക്കോല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച പോലെ; ശ്വേതയോട് മുട്ടാന്‍ ഉറച്ച് ദേവനും; തരാസംഘടനാ കാര്‍ ഷെഡിലെ 'അനൗദ്യോഗിക ബാറും' പൂട്ടുന്നു

Update: 2025-07-31 04:08 GMT

കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ ബാബുരാജും മത്സരിക്കില്ല. ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാശിയിലായിരുന്നു ബാബുരാജ്. ഇതിനിടെ ബാബുരാജിനെതിരെ നിരവധി ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ 'അമ്മയുടെ പെണ്‍മക്കള്‍' എന്ന ഗ്രൂപ്പിലെ വികാരവും മത്സര്തിതന് ഇരയായി. തനിക്ക് ജയിക്കാന്‍ വേണ്ടി ബാബുരാജ് ഉണ്ടാക്കിയതായിരുന്നു ഈ ഗ്രൂപ്പ്. ഇതോടെ അമ്മയുടെ പ്രസിഡന്റായി ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടി. ചിലപ്പോള്‍ ജനറല്‍ സെക്രട്ടറി പദത്തില്‍ മത്സരം ഉണ്ടാകാനും സാധ്യത കുറവാണ്. ഇക്കാര്യം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തെളിയും. പ്രസിഡന്റായി ദേവന്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദത്തില്‍ മത്സരം ഉറപ്പാണ്. ജഗദീഷും അരുണ്‍ ചന്ദ്രനും പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തെ മത്സരത്തിനുള്ള പത്രിക പിന്‍വലിക്കും. മോഹന്‍ലാലും മമ്മൂട്ടിയും ശ്വേതയേയും കുക്കു പരമേശ്വരനേയും പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ അമ്മ ഓഫീസിലെ കാര്‍ പാര്‍ക്ക് ഷെഡിലെ മദ്യപാന സദസ്സില്‍ മറുനാടന്‍ നല്‍കിയ വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് പലരും. മതില്‍ കെട്ടി രഹസ്യമാക്കിയിട്ടും ഇതെങ്ങനെ പുറത്തെത്തി എന്ന ചോദ്യം അമ്മയിലെ ചില പ്രമുഖര്‍ പരസ്പരം ചോദിക്കുന്നുണ്ട്. ഇനി ആ അനൗദ്യോഗിക ബാര്‍ പ്രവര്‍ത്തിക്കില്ല. അമ്മയിലെ ബഹുഭൂരിഭാഗവും എതിര്‍ക്കുന്നുവെന്ന് മനസ്സിലാക്കിയാണ് ബാബുരാജ് പിന്മാറുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെല്ലുവിളിക്കാന്‍ ഇല്ലെന്ന സന്ദേശമാണ് ഇതിലൂടെ ബാബുരാജ് നല്‍കുന്നത്.

താരസംഘടന 'അമ്മ'യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ആരൊക്കെയെന്ന് വ്യാഴാഴ്ച അറിയാം. പകല്‍ മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. നാലോടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയാകും. സമര്‍പ്പിച്ച 74 പത്രികകളില്‍ പത്തെണ്ണം സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. 17 സ്ഥാനങ്ങളിലേക്ക് ഇരുപത്തിയഞ്ചോളം പേരാണ് പത്രിക നല്‍കിയത്. ആഗസ്ത് 15നാണ് തെരഞ്ഞെടുപ്പ്. സമവായത്തിലൂടെ ശ്വേതാ മേനോനെ പ്രസിഡന്റ്സ്ഥാനം ഏല്‍പ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മത്സരരംഗത്തുള്ള മറ്റ് അഞ്ചുപേരില്‍ നാലുപേരും പിന്മാറാന്‍ സാധ്യത തെളിഞ്ഞെങ്കിലും ദേവന്‍ പിന്മാറില്ലെന്ന് വ്യക്തമാക്കി. ഇതോടെ മത്സരം ഉറപ്പായി. മറ്റു സ്ഥാനങ്ങളിലേക്കും മത്സരസാധ്യതയേറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേരുടെ പത്രികയുണ്ട്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒമ്പത് പത്രികയും. ജോയിന്റ് സെക്രട്ടറി-13, ട്രഷറര്‍ ഒമ്പത്, 11 അംഗ എക്സിക്യൂട്ടീവിലെ നാല് വനിതാസംവരണം സീറ്റുകളിലേക്ക് എട്ട്, ബാക്കി ഏഴ് സ്ഥാനത്തേക്ക് 14 പേര്‍ എന്നിങ്ങനെയാണ് മറ്റു പത്രികകള്‍.

ഭാരവാഹിത്വത്തില്‍നിന്ന് മോഹന്‍ലാല്‍ പൂര്‍ണമായി വിട്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. മമ്മൂട്ടി പതിവുപോലെ ഇക്കുറിയും രംഗത്തില്ല. ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1994 മുതല്‍ 31 വര്‍ഷത്തിനിടെ 1997ല്‍മാത്രമാണ് മോഹന്‍ലാല്‍ വിട്ടുനിന്നിട്ടുള്ളത്. മറ്റു ഭരണസമിതികളിലെല്ലാം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിങ്ങനെ സ്ഥാനങ്ങള്‍ വഹിച്ചു. 2018 മുതല്‍ പ്രസിഡന്റാണ്. 2027 വരെ കാലാവധിയുണ്ടായിരുന്ന ഭരണസമിതി, ഹേമ കമ്മിറ്റി വിവാദത്തെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്. അതിനിടെ താരസംഘടന 'അമ്മ'യുടെ അമരത്ത് വനിതകള്‍ വരണമെന്നാണ് ആഗ്രഹമെന്ന് നടന്‍ സലിം കുമാര്‍ പ്രതികരിച്ചു. സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന വനിതകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. വനിതകള്‍ നേതൃത്വസ്ഥാനത്ത് വന്നാല്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയായിരിക്കും. ആരോപണവിധേയര്‍ മത്സരിക്കുന്നതിനെപ്പറ്റി പ്രതികരിക്കാനില്ലെന്നും സലിം കുമാര്‍ പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെ മനസ്സ് കൂടിയാണ് സലിംകുമാര്‍ പങ്കുവച്ചത്. ഇതോടെയാണ് ബാബുരാജും പിന്മാറാന്‍ തയ്യറാകുന്നത്.

താരസംഘടനയായ അമ്മയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ദേവന്‍ അറിച്ചിട്ടുണ്ട്. ഇപ്പോള്‍ വിഘടിച്ചുനില്‍ക്കുന്നവരും തന്നോടൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. അവരെ തനിക്കൊപ്പം നില്‍ക്കാന്‍ കൊണ്ടുവരും. ഇപ്പോഴുള്ള പ്രശ്‌നം അമ്മ എന്ന സംഘടനയുമായുള്ളതല്ല. വ്യക്തികള്‍ തമ്മിലാണ് പ്രശ്‌നം. അവര്‍ക്കുള്ളിലെ ഈ?ഗോയാണ് അതിന് കാരണമെന്നും ദേവന്‍ പറഞ്ഞു. ആരൊക്കെ തമ്മിലാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ് അവരെ ഒരുമിച്ചിരുത്തുകയാണ് പ്രസിഡന്റ് ചെയ്യേണ്ടതെന്ന് ദേവന്‍ പറഞ്ഞു. അതിനുള്ള ഉത്തരവാദിത്തം പ്രസിഡന്റിനാണ്. അവരെ വിളിച്ചുവരുത്തി ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തുമിരുത്തി നമുക്ക് കൂടിയാലോചന നടത്താം. അമ്മയില്‍ സാമ്പത്തിക തിരിമറിയുണ്ടെന്ന ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എന്നാല്‍ താന്‍ പ്രസിഡന്റായാല്‍ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും. സംഘടനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന ആരോപണം ശരിയല്ല. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ അമ്മയിലുണ്ട്. ഇന്നുവരെ അത്തരത്തിലൊരു സംസാരമോ പ്രവര്‍ത്തനമോ ആരില്‍നിന്നും ഉണ്ടായിട്ടില്ല. അമ്മയില്‍ കക്ഷി രാഷ്ട്രീയമില്ലെന്നും ദേവന്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാനുണ്ടായ സാഹചര്യത്തേക്കുറിച്ചുള്ള തന്റെ അഭിപ്രായവും ദേവന്‍ പറഞ്ഞു. 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാലിന് നേരിടേണ്ടിവന്ന ചില ചോദ്യങ്ങളുണ്ട്. എല്ലാവരും വിരല്‍ ചൂണ്ടിയത് ലാലിനുനേരെയായിരുന്നു. അത് ശരിയല്ല. ആരോപണ വിധേയര്‍ക്ക് കുഴപ്പമില്ല. പക്ഷേ മോഹന്‍ലാല്‍ എന്ന ആ മഹാനടനെ മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും ചോദ്യം ചെയ്യാന്‍ തുടങ്ങി. അതിലദ്ദേഹം വളരെയധികം വിഷമിച്ചു. നമ്മളെല്ലാം എന്തൊക്കെ ചെയ്തിട്ടും ഇങ്ങനെയൊക്കെ വന്നല്ലോ, എനിക്കിനി ആ സ്ഥാനം വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥമായ താത്പര്യങ്ങളൊന്നുമില്ലാതെയാണല്ലോ നമ്മളിതില്‍ നില്‍ക്കുന്നത്. മോഹന്‍ലാല്‍ ശരിക്കും വേദനിച്ചു. കണ്ണൊക്കെ നിറഞ്ഞിട്ടാണ് എന്നോട് സംസാരിച്ചത്. ഞാന്‍ തെറ്റുചെയ്തതു പോലെയാണ് തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പിന്‍മാറിയതും. എല്ലാവര്‍ക്കും ഒപ്പമുണ്ടാകുമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു അധികാരസ്ഥാനത്തിരുന്നുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് സാഹചര്യം.' ദേവന്‍ പറഞ്ഞു.

തനിക്ക് ഒരു പാനലുമില്ലെന്ന് ദേവന്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തനിക്ക് വോട്ട് ചെയ്യട്ടേ. പാനലൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തീരുമാനിക്കാം. തന്നെ വിശ്വസിക്കുന്നവരുടെ വോട്ടാണ് തനിക്ക് ലഭിക്കുക. അത് കിട്ടുമെന്ന് ഉറപ്പുണ്ട്. ആരൊക്കെയാണ് എതിര്‍സ്ഥാനാര്‍ത്ഥികളെന്ന് നോക്കിയിട്ടല്ല താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News