ലൈസന്‍സ് ഇല്ലാതെ റസിഡന്‍ഷ്യല്‍ ഏര്യയില്‍ ആക്രി ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് ഏഴ് കൊല്ലം; കാക്കനാട്ടെ ഈ വീഴ്ച കറുത്ത പുകയായി; കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാന്‍ അഗ്നിശമന സേന പെടാപാടില്‍; പുകയില്‍ വലഞ്ഞ് ജനം

Update: 2025-01-05 07:00 GMT

കൊച്ചി: കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാന്‍ ഉള്ള ശ്രമം തുടരുകയാണ്. തൃക്കാക്കരയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു തീപിടിത്തം. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

ചെമ്പുമുക്കിലെ ഈ ആക്രിക്കട സ്ഥിതി ചെയ്യുന്നത് റെസിഡന്‍ഷ്യല്‍ ഏരിയയിലാണ്. ഏഴ് കൊല്ലമായി ലൈസന്‍സ് ഇല്ലാതെയാണ് ഈ ആക്രിക്കട പ്രവര്‍ത്തിക്കുന്നത്. കാക്കനാട്ടെ ഈ വീഴ്ച കറുത്ത പുകയായി മാറിയിരിക്കുകയാണ്. റസിഡന്‍ഷ്യല്‍ ഏര്യയായതിനാല്‍ വലിയ രീതിയില്‍ ആളുകള്‍ തീങ്ങി പാര്‍ക്കുന്ന ഇടമാണ്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ആകെ വലിയ രീതിയില്‍ പുക ഉയരുകയാണ്.

തീ അണക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജോലിയില്‍ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരന്‍ ഉണ്ടായിരുന്നതായും ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാര്‍ പറഞ്ഞു. തൃക്കാക്കരയിലെ ഫയര്‍ യുണീറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ അതിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സാധനങ്ങള്‍ ഏറെ ഉള്ള ആക്രിക്കട ആയതിനാല്‍ തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്.

അതേസമയം, വാഹനം എത്തിപ്പെടാന്‍ സാധിക്കാത്തയിടത്താണ് അപകടം ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ ഫയര്‍ഫോഴ്‌സിനും പരിസരത്തേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ വലിയ പൈപ്പുകള്‍ വലിച്ചാണ് തീയണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മേരിമാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക നിലവില്‍ ഇല്ല.

വലിയ രീതിയില്‍ ആളി പടരുകയാണ്. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി കടയില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു.

Tags:    

Similar News