ജര്‍മ്മന്‍ വിദേശകാര്യമന്ത്രി വനിത ആയതിനാല്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച സിറിയന്‍ നേതാവ്; നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു പാശ്ചാത്യ മാധ്യമങ്ങള്‍; പുരോഗമനം താലിബാന്‍ ശൈലിയിലോ എന്ന വിമര്‍ശനം
ജര്‍മ്മന്‍ വിദേശകാര്യമന്ത്രി വനിത ആയതിനാല്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച സിറിയന്‍ നേതാവ്
ബെര്‍ലിന്‍: ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയായ വനിതക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച സിറിയന്‍ നേതാവ്. സിറിയയിലെ ഡമാസ്‌ക്കസില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിയായ അനലേന ബെയര്‍ബോക്ക്. അവിടെയത്തിയ സിറിയയിലെ വിമതമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അബു മുഹമ്മദ് അല്‍ ജൊലാനി അവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മിക്കുകയായിരുന്നു. അനലേന ഒരു സ്ത്രീയായത് കൊണ്ടാണ് ജോലാനി ഇതിന് വിസമ്മതിച്ചത് എന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ തൊട്ടടുത്ത് നിന്ന പുരുഷനായ ഫ്രഞ്ച് വിദേശകാര്യമന്ത്രിയായ ജീന്‍ നോയല്‍ ബാരോക്ക്് ഹസ്തദാനം ചെയ്തിരുന്നു. ഈ നടപടിയെ ജര്‍മ്മന്‍ മാധ്യമങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പല ഇസ്ലാമിക രാജ്യങ്ങളിലും സ്വന്തം കുടുംബത്തില്‍ പെട്ടവരോ അതല്ലെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രമേ മറ്റൊരാളിന്റെ ശരീരത്തില്‍ തൊടാന്‍ അനുമതിയുള്ളൂ.
അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത വിമതര്‍ രാജ്യത്ത് കൂടുതല്‍ സ്വാതന്ത്യവും സഹിഷ്ണുതയും എല്ലാം തിരികെ കൊണ്ട് വരും എന്ന് വാഗ്ദാനം ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് അവരുടെ പരമോന്നത നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിരിക്കുന്നത്. തീവ്രവാദ പശ്ചാത്തലമുളള വ്യക്തിയാണെങ്കിലും ജൊലാനി പൊതുവേ പുരോഗമന ചിന്താഗതിക്കാരനായിട്ടാണ് അറിയപ്പെടുന്നത്.
അത്തരം ഒരു വ്യക്തിയില്‍ നിന്നാണ് ഈ രീതിയില്‍ ഒരു പെരുമാറ്റം ഉണ്ടായി എന്നതാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍ ജൊലാനി ഹസ്തദാനം ചെയ്യാത്തതില്‍ അത്ഭുതമില്ലെന്നാണ് അനലേന ബെയര്‍ബോക്ക് പറയുന്നത്. ഇക്കാര്യം താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അവര്‍ വ്യക്തമാക്കി. ഇറാഖില്‍ അല്‍-ഖൈ്വദ പ്രവര്‍ത്തകനായിരുന്ന ജൊലാനി അഞ്ച് വര്‍ഷത്തോളം അമേരിക്കന്‍ തടവറയിലും കഴിഞ്ഞിട്ടുണ്ട്.
അറബ് വസന്തത്തിന്റെ കാലത്താണ് ഇയാള്‍ സിറിയയിലേക്ക് തിരിച്ചെത്തിയത്. 2013 ല്‍ ഇയാളെ അമേരിക്ക ആഗോളതീവവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. സിറിയയെ ശരിയത്ത് നിയമത്തിലേക്ക് തിരികെ കൊണ്ട് പോകുമെന്ന് ജോലാനി പലവട്ടം പ്രഖ്യാപിച്ചിരുന്നു.