ഇന്ത്യയെ വെല്ലുവിളിച്ചതോടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങി; സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞതോടെ രാജിസമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിപ്രഖ്യാപനം ഗത്യന്തരമില്ലാതെ; ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു; യു എസ് പ്രസിഡന്റായി ട്രംപ് തിരിച്ചെത്തുംമുമ്പെ ട്രൂഡോയുടെ പടിയിറക്കം
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി. ഒന്‍പത് വര്‍ഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ.
ഒന്‍പത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാര്‍ത്തകള്‍ പുറത്തുവന്നത്.
തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പുതിയ നേതാവിനെ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി ട്രൂഡോ തുടരുമോ എന്നും വ്യക്തമല്ല
സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയും ജനങ്ങളും നിരന്തരമായി ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രൂഡോ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനായത്. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടിയുടെ ഉന്നതതല യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം.
കനേഡിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു. കൂടാതെ പാര്‍ട്ടിയുടെ അറ്റ്‌ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് തീരുമാനം.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ മൂന്നു മുതല്‍ നാലു മാസം വരെയെടുക്കും. ഈ വര്‍ഷം ഒക്ടോബര്‍ 20ന് മുന്‍പാണ് കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ നേതാവിന്റെ സ്ഥാനത്തേക്ക് മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, കനേഡിയന്‍ കേന്ദ്ര ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ മാര്‍ക് കാര്‍നി, മുന്‍ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുന്‍ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാര്‍ക്ക് എന്നിവരുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
ഒക്ടോബറില്‍ ഏകദേശം 20ഓളം എംപിമാര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തില്‍ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സര്‍ക്കാര്‍ നേരിടുന്നത്. ഡിസംബര്‍ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി. സ്വന്തം പാര്‍ട്ടി പോലും തന്നോട് ഒപ്പമില്ലന്ന് മനസിലാക്കിയ ട്രൂഡോ വേറേ പോംവഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജി വെയ്ക്കുന്നത്.
രാജ്യത്ത് പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ട്രൂഡോക്ക് വീഴ്ച സംഭവിച്ചതായി രാജിവച്ചതിന് ശേഷം ക്രിസ്റ്റിയാ ഫ്രീലാന്‍ഡ് ആരോപിച്ചിരുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജസ്റ്റിന്‍ ട്രൂഡോ പടിഞ്ഞാറന്‍ കാനഡയിലെ ഒരു സ്‌കീ റിസോര്‍ട്ടില്‍ അവധി ദിവസങ്ങളില്‍ അധികവും ചെലവഴിച്ചിരിക്കുകയാണെന്നും ഇക്കാലയളവില്‍ ഒന്നും ഔദ്യോഗിക പരിപടികള്‍ ഒന്നും തന്നെ ആസൂത്രണം ചെയ്യുന്നില്ലെന്നും ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വോട്ടിങ് ശതമാനം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രാജിവയ്ക്കാന്‍ ട്രൂഡോയ്ക്ക് മേല്‍ സമ്മര്‍ദ്ദം നല്‍കുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തിടെ നടത്തിയ സമീപകാല നാനോസ് റിസര്‍ച്ച് സര്‍വേയില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന നേട്ടത്തെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ പ്രധാനമന്ത്രിയുടെ ഹോം പ്രവിശ്യയായ ക്യൂബെക്കില്‍ നിന്നുള്ള ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ രാജിവെക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടിയേറ്റ നയത്തില്‍ തന്റെ സര്‍ക്കാരിന് തെറ്റുപറ്റിയെന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആ നയങ്ങളുടെ മറപറ്റി, വ്യാജകോളേജുകളും വന്‍കിട കമ്പനികളും അവരവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി കുടിയേറ്റസംവിധാനത്തെ ചൂഷണം ചെയ്യുന്നസ്ഥിതിയുണ്ടായെന്ന് ട്രൂഡോ വ്യക്തമാക്കി.
ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) പിന്തുണയോടെയാണ് ലിബറല്‍ പാര്‍ട്ടി വിജയിച്ചത്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ട്രൂഡോ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സെപ്തംബറില്‍ എന്‍ഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ലിബറലുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അവിശ്വാസ വോട്ട് അവതരിപ്പിക്കുമെന്ന് സിംഗ് പ്രഖ്യാപിച്ചിരുന്നു.