പതിനെട്ട് മണിക്കൂറുകള്‍ നീണ്ട ജയില്‍വാസം; ഉപാധികളോടെ ജാമ്യത്തിന് പിന്നാലെ പി.വി അന്‍വര്‍ പുറത്തിറങ്ങി; യുഡിഎഫുമായി കൈകോര്‍ത്ത് പോരാട്ടത്തിന് തയ്യാറെന്ന് അന്‍വര്‍; പിണറായി സ്വയം കുഴി തോണ്ടുകയാണെന്നും പ്രതികരണം; മാലയും പൊന്നാടയും അണിയിച്ച് പ്രവര്‍ത്തകര്‍

പി.വി അന്‍വര്‍ പുറത്തിറങ്ങി

Update: 2025-01-06 15:24 GMT

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസില്‍ ജാമ്യം ലഭിച്ച പിവി അന്‍വര്‍ എംഎല്‍എ ജയിലില്‍ നിന്ന് പുറത്തിറങ്ങി. പതിനെട്ട് മണിക്കൂറോളം നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അന്‍വര്‍ രാത്രി 8.25ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിവി അന്‍വറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജാമ്യ ഉത്തരവ് ഇ- മെയില്‍ വഴി തവനൂര്‍ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് എം.എല്‍.എ. പുറത്തിറങ്ങിയത്. നിലമ്പൂര്‍ കോടതി നേരത്തേ അന്‍വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

പിണറായി സര്‍ക്കാരിനെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും ഇനി യുഡിഎഫുമായി കൈകോര്‍ത്തുള്ള പോരാട്ടത്തിന് തയ്യാറാണെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. ഇതുവരെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. തന്നെ പിന്തുണച്ച യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞ അന്‍വര്‍ പിണറായി സ്വയം കുഴിതോണ്ടുകയാണെന്നും പറഞ്ഞു.

പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുര്‍ഭരണത്തിനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിര്‍ക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങി മുഴുവന്‍ പേരും ഈ വിഷയത്തില്‍ ധാര്‍മിക പിന്തുണ നല്‍കിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാര്‍, സി.പി.ജോണ്‍ തുടങ്ങിയവരും പിന്തുണച്ചു. ജാമ്യം കിട്ടിയതിന് ദൈവത്തിന് നന്ദിയെന്നും അന്‍വര്‍ പറഞ്ഞു.

''വന്യജീവി ആക്രമണം അങ്ങേയറ്റം ഭീഷണിയാണെന്ന് അംഗീകരിക്കപ്പെടുന്നതാണ് ഈ പിന്തുണ കൊണ്ടു കാണുന്നത്. 100 ദിവസമായാലും ജയിലില്‍ കിടക്കാന്‍ തയാറായി, വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജുഡീഷ്യല്‍ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി. സര്‍ക്കാരിന് തിരച്ചടി മാത്രമേയൂള്ളൂ. പിണറായി സ്വയം കുഴികുത്തുകയാണ്.

സിപിഎം ഇനി അധികാരത്തില്‍ വരാതിരിക്കാനുള്ള കരാറാണ് പിണറായിയും കേന്ദ്രത്തിലെ ആര്‍എസുംഎസും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്. കേരളത്തിലെ മുസ്ലിംകള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നു. ന്യൂനപക്ഷത്തെ മനഃപൂര്‍വം അകറ്റുന്ന നിലപാടാണ് പിണറായിയുടേത്. എല്‍ഡിഎഫിനോട് ആഭിമുഖ്യമുണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകലുകയാണ്. പിന്നീടുള്ളത് ക്രൈസ്തവ സമൂഹമാണ്. അവരും വനഭേദഗതി ബില്ലു കാരണം പാര്‍ട്ടിയില്‍നിന്ന് അകലും. കേരളത്തിന്റെ നിയമത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം കൊടുക്കുന്നത്.'' അന്‍വര്‍ പറഞ്ഞു.

ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അന്‍വര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. പിവി അന്‍വറിന് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ജയിലിന് പുറത്ത് പിവി അനവറിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

വൈകിട്ടോടെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലില്‍ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയില്‍ മോചനം വൈകിയത്. രാത്രി 7.45ഓടെയാണ് അന്‍വറിന്റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലില്‍ നിന്നും അന്‍വര്‍ പുറത്തിറങ്ങുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ എടവണ്ണ ഓതായിയിലെ വീടുവളഞ്ഞാണ് എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയിലുമാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

അതേസമയം, കേസില്‍ പി വി അന്‍വര്‍ എംഎഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ എ സുകുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഫ്‌ഐആറില്‍ അന്‍വറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ അന്‍വറടക്കം 5 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടക്കര പൊലീസ് നിലമ്പൂരില്‍ കോടതിപ്പടിയില്‍ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അന്‍വറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു.

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിവി അന്‍വറിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി തള്ളിയാണ് ജാമ്യം അനുവദിച്ചത്. അന്‍വര്‍ ജനപ്രതിനിധി ആണെന്നും മണ്ഡലത്തില്‍ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ല. ഗൂഢാലോചന ആരോപണവും കോടതി തള്ളി. ഗൂഢാലോചന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാന്‍ കാരണം അല്ലെന്നും കോടതി പറഞ്ഞു.

അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് തുക കോടതിയില്‍ കെട്ടിവയ്ക്കണം എന്നീ ജാമ്യ ഉപാധികളോടെയാണ് അന്‍വര്‍ പുറത്തിറങ്ങുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാനകുറ്റക്യത്യത്തില്‍ ഏര്‍പ്പെടരുത്, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യ ഉപാധിയില്‍ പറയുന്നുണ്ട്.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡി.എം.കെ. പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചത്. പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചതിന്റെ പേരില്‍ എം.എല്‍.എ.യെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തത്.

Tags:    

Similar News