അല്ലെങ്കില്‍ പിന്നെയാകട്ടെ..! ഓണ വിപണിയില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടവര്‍ പ്ലാന്‍ മാറ്റി; ജി.എസ്.ടി നിരക്കു കുറയുന്നത് വരെ കാക്കാന്‍ ഉപഭോക്താക്കള്‍; ഓണത്തിന് വമ്പന്‍ വില്‍പ്പന പ്രതീക്ഷവര്‍ വലിയ നിരാശയില്‍; ഓണ വിപണി ഇത്തവണ അത്ര കളറല്ല..!

ഓണ വിപണി ഇത്തവണ അത്ര കളറല്ല..!

Update: 2025-08-30 07:02 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിപണി സജീവമാകുന്ന സമയമാണ് ഓണക്കാലം. മാര്‍ക്കറ്റ് വലിയ തോതില്‍ സജീവമാകുന്ന സമയം. വില്‍പ്പന പൊടിപൊടിക്കുന്ന സമയമാണ് ഓണക്കാലം. എന്നാല്‍, ഇക്കുറി ഓണവിപണിയില്‍ വന്‍ നേട്ടം കൊയ്യാമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ചില തിരിച്ചടികളാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും വാഹനങ്ങളും ഇലക്ട്രോണിക് സാധനങ്ങളും അടക്കം വാങ്ങാമെന്ന് കരുതിയവര്‍. ഇതിന് കാരണമായത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജിഎസ്ടി ഇളവാണ്. ഈ ഇളവ് പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ ഓണം വിപണി ഉഷാറാകുമായിരുന്നു. എന്നാല്‍, അങ്ങനെ ഉണ്ടായില്ല. ഇതോടെ ഫലത്തില്‍ പ്രഖ്യാപനം കാരണം തിരിച്ചടിയാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്.

ജി.എസ്.ടി ഇളവില്‍ വമ്പന്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഏതാനും മാസം കാത്തിരിക്കാന്‍ ഉപയോക്താക്കള്‍ തീരുമാനിക്കുന്ന അവസ്ഥയാണിപ്പോള്‍. ഇലക്ട്രോണിക്സ്, ആഭരണ, വാഹന വിപണിയെ ജി.എസ്.ടി പരിഷ്‌ക്കരണം താത്കാലികമായി ബാധിച്ചിരിക്കുന്നത്. ഇത് മറികടക്കാന്‍ വേണ്ടി വ്യാപാരികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു രംഗത്തുണ്ട്. കിടിലന്‍ ഓഫറുകള്‍ നല്‍കി ഇതിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ഒക്ടോബറിലെ ദീപാവലി സീസണില്‍ ഇരട്ടിമധുരമായി ജി.എസ്.ടി നിരക്ക് പരിഷ്‌ക്കാരം നടപ്പിലാക്കുമെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എസിക്കും മറ്റ് കൂളിംഗ് അപ്ലയന്‍സിനും നിലവില്‍ ചുമത്തുന്ന 28 ശതമാനം ജി.എസ്.ടി 18 ശതമാനമാക്കി കുറക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ എ.സി വിലയില്‍ 6-10 ശതമാനം വരെ (1,500 മുതല്‍ 2,500 രൂപ വരെ) കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ ഓണം വിപണിയെ കാര്യമായി ബാധിച്ചു. ഇപ്പോള്‍ പദ്ധതിയിട്ടവരെല്ലാം തീരുമാനം മാറ്റുന്ന അവസ്ഥയാണ് ഉണ്ടായത്.

കേരളത്തില്‍ മഴക്കാലമായതിനാല്‍ ഓണക്കാലത്ത് എ സി വാങ്ങാന്‍ ഇരുന്നവര്‍ തീരുമാനം മാറ്റി. നിരക്ക് കുറക്കാനുള്ള തീരുമാനമെത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് എ.സി വാങ്ങാനുള്ള മാര്‍ഗം തുറക്കുമെന്നും വില്‍പ്പനയ ബാധിച്ചിരിക്കുന്നത്. വാഹന വിപണിയിലാണ് വലിയ തിരിച്ചടി നേരിട്ടത്. ഓണക്കാലത്ത് പുതിയ വാഹനം സ്വന്തമാക്കാന്‍ ഇരുന്നവര്‍ തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞു. ഇവര്‍ക്ക് രണ്ട് മാനസ്സാണ് ഇക്കാര്യത്തിലിപ്പോള്‍.

ഉപയോക്താക്കളില്‍ പലരും വണ്ടിയെടുക്കാനുള്ള തീരുമാനം രണ്ട് മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. 28 ശതമാനമുള്ള ജി.എസ്.ടി 18 ശതമാനമാക്കി കുറച്ചാല്‍ വലിയൊരു തുകയുടെ ആശ്വാസം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ കമ്പനികളും ഡീലര്‍ഷിപ്പുകളും ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്ന സമയമാണ് ഓണക്കാലം. എക്സ്ചേഞ്ച് ഓഫറുകളും ചേര്‍ത്ത് ഒരു ലക്ഷം രൂപ വരെയാണ് ചില ബ്രാന്‍ഡുകള്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഈ ഡിസ്‌ക്കൗണ്ട് പ്രതീക്ഷിക്കുന്നവര്‍ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.

നിലവില്‍ പല കാറുകള്‍ക്കും 28% ജി.എസ്.ടിയാണ് ബാധകമായിരിക്കുന്നത്. കൂടാതെ ഇതോടൊപ്പം 22% വരെയുള്ള ഒരു കോമ്പന്‍സേഷന്‍ സെസും ഈടാക്കും. വാഹനത്തിന്റെ വലിപ്പം, എന്‍ജിന്‍ സൈസ് എന്നിവയ്ക്ക് അനുസരിച്ചാണിത്. ചെറിയ പെട്രോള്‍ കാറുകള്‍ 29%, എസ്.യു.വികള്‍ 50% വരെ എന്നിങ്ങനെയാണ് നികുതി നല്‍കേണ്ടത്. അതേ സമയം വൈദ്യുത വാഹനങ്ങള്‍ക്ക് 5% ജി.എസ്.ടി മാത്രമാണ് ബാധകം.

നിലവില്‍ 12%, 28% സ്ലാബുകള്‍ ഒഴിവാക്കി 5%, 18% ജി.എസ്.ടി സ്ലാബുകള്‍ മാത്രം നില നിര്‍ത്താനാണ് മന്ത്രിതല ഉപസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് നടപ്പാകുന്നതോടെ എല്ലാ ചെറിയ കാറുകള്‍, ടൂ വീലറുകള്‍ തുടങ്ങിയവയുടെ ജി.എസ്.ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയും. അതേ സമയം സെസ് അഡ്ജസ്റ്റ്‌മെന്റുകളോട് കൂടി ആഡംബര വാഹനങ്ങള്‍ക്ക് 40 ശതമാനത്തിന്റെ പ്രത്യേക സ്ലാബായിരിക്കും ബാധകമാകുന്നത്. വൈദ്യുത വാഹനങ്ങള്‍ക്ക് നിലവിലെ 5% ജി.എസ്.ടി നിരക്കുകള്‍ തുടരും.

മുന്‍വര്‍ഷത്തേക്കാള്‍ വാഹന വില്‍പ്പനയില്‍ നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. വാഹന വായ്പയുടെ പലിശ നിരക്കും ചട്ടങ്ങളും ഉദാരമല്ലാത്തത്, ഉപയോക്താക്കളുടെ ഭയം, ജി.എസ്.ടി കുറക്കുമെന്ന പ്രതീക്ഷ എന്നിവയാണ് വില്‍പ്പനയില്‍ തിരിച്ചടിയായത്. അതേസമയം എ.സി, ടെലിവിഷന്‍ വിപണിക്ക് പുതുജീവനേകാന്‍ ജി.എസ്.ടി പരിഷ്‌ക്കാരണത്തിന് കഴിയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 32 ഇഞ്ചിന് മുകളിലുള്ള ടി.വിയുടെ വില്‍പ്പന കൂട്ടാന്‍ തീരുമാനത്തിനാകും. ഓണം ഓഫറുകളുടെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍, ചിലരെങ്കിലും ജിഎസ്ടിയിലെ നിരക്കിളവ് പ്രതീക്ഷിച്ച് മാറി നില്‍ക്കുന്നുണ്ട്.

നിലവില്‍ 28 ശതമാനം ജി.എസ്.ടിയാണ് ഈയിനത്തിലുള്ള ഉപകരണങ്ങള്‍ക്ക് ചുമത്തുന്നത്. പുതിയ തീരുമാനത്തില്‍ നികുതി 18 ശതമാനമാകും. 32 ഇഞ്ചിന് താഴെ വലിപ്പമുള്ള ടി.വിയുടെ ജി.എസ്.ടി നിലവിലെ 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടെ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വരെ എ.സി, ടി.വി വില്‍പ്പനയില്‍ വര്‍ധനയുണ്ടാകുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.

വാര്‍ഷിക ബോണസും അഡ്വാന്‍ഡ് ശമ്പളവും ലഭിക്കുന്ന ഓണക്കാലത്താണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ ഷോപ്പിംഗ് നടത്തുന്നത്. ഓണക്കോടിയും പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനവും വാങ്ങാതെ മലയാളിക്ക് ഓണമില്ല. ഇത് മുതലാക്കാന്‍ ഇലക്ട്രോണിക്സ്, വാഹന ഷോറൂമുകള്‍ ഇതിനോടകം കിടിലന്‍ ഓഫറുകളുമായി വിപണിയില്‍ സജീവമാണ്.

കൂടുതല്‍ പേരെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യം ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് പരസ്യ രംഗത്തുള്ളവരും പറയുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 15-20 ശതമാനം വരെ ഇക്കുറി പരസ്യങ്ങള്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. കേരളത്തില്‍ മാത്രമൊതുങ്ങാതെ മലയാളികളുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കെല്ലാം ഓണപരസ്യങ്ങള്‍ വ്യാപിക്കുന്നുണ്ട്.

അതേസമയം ചരക്കു സേവനനികുതി രണ്ട് സ്ലാബുകളാക്കി മാറ്റുന്ന പരിഷ്‌കരണമുണ്ടാക്കുന്ന വരുമാന നഷ്ടത്തില്‍ എട്ടു പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴിയുണ്ടാകുന്ന വരുമാനനഷ്ടം നികത്താന്‍ മുമ്പ് ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ചെയ്തതുപോലെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ധനമന്ത്രിമാര്‍ സംയുക്തമായി ആവശ്യപ്പെട്ടിരിക്കുന്ന കാര്യം.

സാമ്പത്തിക നേട്ടം കോര്‍പറേറ്റുകള്‍ക്ക് നല്‍കാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ധനമന്ത്രിമാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ സംസ്ഥാന ധനമന്ത്രിമാരുടെ സംയുക്ത നിര്‍ദേശങ്ങള്‍ അടുത്ത മാസം മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിക്കും.

ന്യൂഡല്‍ഹി കര്‍ണാടക ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസാരിച്ചു. കൂടിയാലോചനക്കൊടുവില്‍ സമവായത്തിലെത്തിയ രണ്ടു കാര്യങ്ങളിലും തങ്ങളെ പിന്തുണക്കാന്‍ മറ്റു സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാറിനോടും യോഗം ആവശ്യപ്പെട്ടു.

5, 12, 18, 28 എന്നിങ്ങനെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്കുകളുടെ നിലവിലെ സ്ലാബുകള്‍ രണ്ടായി ചുരുക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ചരക്കുസേവന നികുതി പരിഷ്‌കരണം കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നുണ്ടായതല്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷ ധനമന്ത്രിമാര്‍ പ്രകടിപ്പിച്ചത്.

നോട്ടുനിരോധനം പോലെ ബാഹ്യ ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണെന്നാണ് അവര്‍ കരുതുന്നത്. ജി.എസ്.ടി പ്രഖ്യാപനവും പ്രധാനമന്ത്രി പൊടുന്നനെ നടത്തിയതാണ്. പുറത്തുനിന്നുള്ള ഏജന്‍സി പറയുന്നത് നടപ്പാക്കിയ നോട്ടുനിരോധനത്തില്‍ സംഭവിച്ചത് പോലൊരു തിരിച്ചടി ജി.എസ്.ടി പരിഷ്‌കരണവും ഉണ്ടാക്കുമോ എന്ന ആശങ്കയും പലരും പ്രകടിപ്പിച്ചു.

സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ തിരിച്ചടിക്ക് കാരണമാകാവുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) പരിഷ്‌കാരം മൂലം കേരളത്തിന് ചുരുങ്ങിയത് 8000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് കെ.എന്‍. ബാലഗോപാല്‍ പറയുന്നു. കേരളത്തിന്റെ പെന്‍ഷന്‍ അടക്കമുള്ള ക്ഷേമ പരിപാടികളെയും ചികിത്സ പദ്ധതിയെയും ഈ നഷ്ടം ബാധിക്കുമെന്ന ആശങ്കയും ബാലഗോപാല്‍ പ്രകടിപ്പിച്ചു. ജി.എസ്.ടി നടപ്പാക്കുന്ന ഘട്ടത്തില്‍ വരുമാന നഷ്ടമില്ലാത്ത നികുതി നിരക്ക് (റവന്യൂ നൂട്രല്‍ റേറ്റ്) 15.3 ശതമാനമായാണ് കണക്കാക്കിയിരുന്നത്. 2017-18ല്‍ നികുതിഘടന പരിഷ്‌കരിച്ചപ്പോള്‍ അത് 11.3 ശതമാനമാക്കി കുറച്ചതോടെ, സംസ്ഥാന വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു.

Tags:    

Similar News