പിണറായിയുടെ ദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിലൂടെ തകരുന്നത് കേരളത്തിലെ സാമ്പത്തികരംഗം; ഔദ്യോഗിക അറിയിപ്പ് വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യത; സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ജി.ഒകള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളും കുറയും; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ കേരളം നേരിടാന്‍ പോകുന്നത് ഗുരുതര പ്രതിസന്ധിയോ?

പിണറായിയുടെ ദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിലൂടെ തകരുന്നത് കേരളത്തിലെ സാമ്പത്തികരംഗം

Update: 2025-11-01 05:54 GMT

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍െ്റ അതി ദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ പോകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍. ദാരിദ്ര്യ വിമുക്ത പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ധനസഹായം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ പോലും ഈ പ്രഖ്യാപനത്തിലൂടെ നിലക്കും. കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലെന്ന് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചാല്‍, ഇപ്പോള്‍ ലഭിക്കുന്ന ഫണ്ടുകളില്‍ അറുപതു ശതമാനത്തോളം കുറയും. ദാരിദ്ര്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മഞ്ഞ റേഷന്‍ കാര്‍ഡിലൂടെ അരിയും ഗോതമ്പും ലഭിക്കുന്ന 5.92 ലക്ഷം പേര്‍ക്ക് ലഭിക്കുന്ന കേന്ദ്രസഹായത്തിലും ആശങ്ക. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി വിജയന്‍ നടത്തിയ തട്ടിപ്പ് പ്രഖ്യാപനത്തിലൂടെ കേരളത്തിന്‍െ്റ സാമ്പത്തികരംഗം തന്നെ തകരുമെന്ന ആശങ്കയില്‍ സാമൂഹ്യ, സാമ്പത്തിക വിദഗ്ധര്‍.

കേരളത്തില്‍ ഇപ്പോള്‍ 148 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടക്കുന്നുണ്ട്. അതില്‍ 60 ശതമാനത്തോളം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടവയാണ്. കേരളം അതിദാരിദ്ര്യ വിമുക്തമായെന്ന് പ്രഖ്യാപിച്ചതിനാല്‍ കേന്ദ്രത്തിന് ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇനി തുടരേണ്ടതില്ലെന്ന് വേണമെങ്കില്‍ തീരുമാനിക്കാം. പദ്ധതികള്‍ അവസാനിപ്പിച്ചാല്‍ കേരളത്തിന് ഒന്നും പറയാനുമാവില്ല. ഫണ്ടിനായി പദ്ധതികള്‍ തുടരണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ സംസ്ഥാനത്ത് അതിദരിദ്രര്‍ ഇനിയുമുണ്ടെന്ന് തിരുത്തേണ്ടിവരും. ഈ പ്രഖ്യാപനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന ഗുരുതരമായ പ്രധാനപ്രശ്നം അതാകും. കൂടാതെ സംസ്ഥാനത്തിന്റെ സാമ്പത്തികനില സംബന്ധിച്ച ചട്ടക്കൂട് തന്നെ പൊളിച്ചെഴുതേണ്ടിവരും. അതി ദരിദ്രര്‍ ഇല്ലാത്തതിനാല്‍ ബജറ്റിലും മാറ്റം വരുത്തേണ്ടിവരും.

2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കേരളത്തില്‍ നടപ്പാക്കുന്ന പൊതു വിതരണ സമ്പ്രദായത്തില്‍ നാല് വിഭാഗങ്ങളുണ്ട്. അതില്‍ ഏറ്റവും ദരിദ്രരെന്ന വിഭാഗത്തില്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ 5.92 ലക്ഷം കുടുംബങ്ങളാണ്. അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 2023 മുതല്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അരിക്ക് കിലോയ്ക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും വിലക്കാണ് നല്‍കുന്നത്. കേരളം അതിദാരിദ്ര്യ മുക്തമായെന്ന് പ്രഖ്യാപിക്കുമ്പോള്‍ മഞ്ഞകാര്‍ഡിലുള്ള വിഭാഗത്തെ ഒഴിവാക്കേണ്ടിവരും.

അതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്‍െ്റ സഹായം അവസാനിക്കുകയും ചെയ്യും. സംസ്ഥാനത്ത് 2002 ല്‍ ആശ്രയ പദ്ധതി പ്രകാരം കണ്ടെത്തിയ അഗതി കുടുംബങ്ങള്‍ 1,18,309 ആയിരുന്നു. അത്തരം കുടുംബങ്ങളാണ് ഇപ്പോള്‍ 64,006 ആയി ചുരുങ്ങിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍വേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടും ബങ്ങളെ 2021 ജൂലൈ മുതല്‍ തുടര്‍ന്നു വന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യ മുക്തമാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശവാദം. അതി ദരിദ്രരെയാണോ അഗതികളെയാണോ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ക്കൊപ്പം സ്വകാര്യ, സാമൂഹ്യ മേഖലയിലും സര്‍ക്കാര്‍ പ്രഖ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളുടെ ഫണ്ടാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. വിവിധ മതസ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പണമെത്തുന്നത്. കേരളം അതി ദാരിദ്ര്യ വിമുക്തമായെന്ന പ്രഖ്യാപനത്തിലുടെ ഈ പണമൊഴുക്കും നിലക്കും. നിരവധി അഗതിമന്ദിരങ്ങളുടെയും അനാഥാലയങ്ങളുടെയും പ്രവര്‍ത്തനത്തെയും ഇതു സാരമായി ബാധിക്കും. അതി ദരിദ്രര്‍ ഇവിടെയില്ലെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ എന്തിനാണ് പണമയക്കുന്നതെന്ന ചോദ്യമാകും വിദേശരാജ്യങ്ങളില്‍ നിന്നും ഉയരുക.

2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തു അതി തീവ്രദാരിദ്ര്യം അനുഭവിക്കുന്ന 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ ഉണ്ട്. എന്നാല്‍, പുതിയ കണക്കില്‍ 6400 കുടുംബങ്ങളെ മാത്രമാണ് അതിദരിദ്ര വിഭാഗമായി കണ്ടെത്തിയിട്ടുള്ളത്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യമെന്നാണു സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു കുടുംബം പോലും ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

സര്‍വേയിലൂടെ കേരളത്തിലെ 64006 അതി ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 64006 കുടുംബങ്ങളില്‍ 4421 കുടുംബങ്ങള്‍ മരിച്ചു. നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ള എല്ലാ കുടുംബങ്ങളെയും അതി ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചെന്നും ഇത് സര്‍ക്കാര്‍ നിഗൂഢമായി ചെയ്ത പദ്ധതിയല്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതിന്റെ ആധികാരികതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

Tags:    

Similar News