ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഓഡി പ്ലാന്റ് പൂട്ടി; 7500 പേര്‍ക്ക് പണി തെറിച്ചു; ടെസ്ല വീഴുമ്പോള്‍ കുതിച്ചുയരുന്നത് ചൈനീസ് കമ്പനിയായ ബിവൈഡി; ടെസ്ലയുടെ മൂല്യം 40 ശതമാനം തന്നപ്പോള്‍ ചൈനീസ് കമ്പനി 45 ശതമാനം മൂല്യം ഉയര്‍ത്തുമ്പോള്‍
കഴിഞ്ഞ കുറേ മാസങ്ങളായി തിരിച്ചടി നേരിടുന്ന ജര്‍മ്മന്‍ കാര്‍ വിപണിയില്‍ നിന്നും, പ്രത്യേകിച്ചും ഇലക്ട്രിക് കാര്‍ വിപണിയില്‍ നിന്നും മറ്റൊരു ദുഃഖവാര്‍ത്തകൂടി. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഓഡി 2029 ആകുമ്പോഴേക്കും 7500 തൊഴിലാളികളെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള കമ്പനി, കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇതുവഴി, പ്രതിവര്‍ഷം 1 ബില്യന്‍ യൂറോ (842.5 മില്യന്‍ പൗണ്ട്) ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
സാമ്പത്തിക സ്ഥിതി കൂടുതല്‍ പരുങ്ങലിലാവുകയാണെന്നും, വിപണിയിലെ മത്സരം കടുക്കുകയാണെന്നും ഇതിനു കാരണമായി ഓഡി പറയുന്നു. അതിനു പുറമെ വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ അസ്ഥിരതയും കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ്. ലോകമാകെ തന്നെ ഇലക്ട്രിക് കാറുകളുടെ ആവശ്യകത കുറഞ്ഞു വരികയാണ്. നവംബറില്‍ തന്നെ ഫോര്‍ഡിന്റെ യു കെ വിഭാഗം മേധാവി, ബ്രിട്ടനിലെ കാര്‍ വിപണി അനിശ്ചിതാവസ്ഥയില്‍ ആണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവശ്യക്കാര്‍ കുറയുന്നതാണ് ഇതിനു കാരണം.
പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇപ്പോള്‍ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ വിപണിയില്‍ ഇറക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ്. അവരുടെ ഇംഗോള്‍സ്റ്റാറ്റ് നഗരത്ത്ജിലെ പ്ലാന്റില്‍ തന്നെയായിരിക്കും ഇതിന്റെ നിര്‍മ്മാണം നടക്കുക. ചെലവ് കുറയ്ക്കുന്നതിനും അതുവഴി വില കുറച്ച് വിപണിയില്‍ പിടിച്ചു നില്‍ക്കുന്നതിനുമായി യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് നിര്‍മ്മാണ പ്രക്രിയകള്‍ മാറ്റുന്നതിനിടയില്‍ ജര്‍മ്മന്‍ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകും ഈ വാര്‍ത്ത. അടുത്ത നാല് വര്‍ഷക്കാലം ഇതിനായി 8 ബില്യന്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.
ഓഡി ഉടമകളായ ഫോക്സ്വാഗന്‍ ഇതിനോടകം തന്നെ 35,000 പേരെ പിരിച്ചു വിടുന്ന കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഫോക്സ്വാഗന്റെ തന്നെ ഉടമസ്ഥതയിലുള്ള പോര്‍ഷെയും 3900 പേരെ പിരിച്ചു വിടുകയാണ്. അടുത്ത കാലത്തായി വിപണിയില്‍ മോശം പ്രകടനമാണ് ഓഡി കാഴ്ചവയ്ക്കുന്നത്. 2024 ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ പ്രവര്‍ത്തന ലാഭം 7 ശതമാനത്തില്‍ നിന്നും 4.5 ശതമാനമായി കുറഞ്ഞിരുന്നു. ഓഡിയുടെ പ്രധാന വിപണികളില്‍ വില്‍പ്പന കുറഞ്ഞതായിരുന്നു കാരണം. കഴിഞ്ഞ മാസമായിരുന്നു ഓഡിയുടെ ബ്രസ്സല്‍സിലെ നിര്‍മ്മാണ യൂണിറ്റ് അടച്ചു പൂട്ടിയത്. 3000 ല്‍ അധികം തൊഴില്‍ നഷ്ടമാണ് ഇതുകൊണ്ടുണ്ടായത്.
ടെസ്ലയുടെ വീഴ്ച തുണയ്ക്കുന്നത് ബിവൈഡിയെ
ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകും എന്നാണ് പഴമൊഴി. അത് അന്വര്‍ത്ഥമാക്കുകയാണ് ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ബി വൈഡി. ടെസ്ലയുടെ ഓഹരി മൂല്യം ഇടിയുമ്പോള്‍, അത് ഗുണകരമാകുന്നത് ബിവൈഡിക്കാണെന്ന് ഓഹരി വിപണിയില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ബി വൈഡിയുടെ മൂല്യത്തില്‍ 44 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ച ദൃശ്യമായപ്പോള്‍, ടെസ്ലയ്ക്ക് നഷ്ടമായത് 40 ശതമാനത്തോളം മൂല്യമാണ്.
എലന്‍ മസ്‌കിന്റെ ശ്രദ്ധ വ്യത്യസ്ത മേഖലകളിലേക്ക് തിരിഞ്ഞതോടെ ടെസ്ല തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയതായി നിക്ഷേപകരില്‍ ഒരു വിഭാഗം കരുതുന്നു. മാത്രമല്ല, എലന്‍ മസ്‌കിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവര്‍ ടെസ്ല ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതും കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. ടെസ്ലയ്ക്ക് പകരമായി ബി വൈ ഡി വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 4.3 മില്യന്‍ കാറുകളായിരുന്നു ബി വൈ ഡി വിറ്റത്. ഇത് റെക്കോര്‍ഡാണ്. അതേസമയം ടെസ്ലയുടെ വില്പന മുന്‍വര്‍ഷത്തേക്കാള്‍ 1 ശതമാനം ഇടിഞ്ഞ് 1.8 മില്യനിലെത്തി. വിപണിയിലെ ഈ മാറ്റം ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.