ബ്രാഹ്‌മണ്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള ആയുധമായിരുന്നു ഗുരുവിന്റെ ദര്‍ശനങ്ങള്‍; ഐതിഹ്യങ്ങളെ ചരിത്രമാക്കുന്നു; സാംസ്‌കാരിക ഫാസിസത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
വര്‍ക്കല: ഭാരതത്തിന്റെ ബഹുസ്വരതയെയും വൈവിധ്യമാര്‍ന്ന ഉപസംസ്‌കാരങ്ങളെയും തകര്‍ത്ത് ഏകശിലാരൂപത്തിലുള്ള സാംസ്‌കാരിക ഫാസിസം അടിച്ചേല്‍പ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 93-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗമുള്ളതിനാല്‍ അധ്യക്ഷ പ്രസംഗത്തിന് മുമ്പേ മുഖ്യമന്ത്രി പ്രസംഗിച്ചു. കര്‍ണ്ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസംഗം കേള്‍ക്കാനും നിന്നില്ല. ഇതിന് വേദിയില്‍ വിശദീകരണം മുഖ്യമന്ത്രി നല്‍കുകയും ചെയ്തു.
ഐതിഹ്യങ്ങളെയും കല്‍പ്പിത കഥകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിച്ച് മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യവാഞ്ഛയെയും ചങ്ങലയ്ക്കിടാനാണ് ഭരണകൂട അധികാരം ഉപയോഗിച്ച് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കര്‍ണ്ണാടക സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ബുള്‍ഡോസര്‍ രാഷ്ട്രീയം മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. ഏവരും അത്തരം വിലയിരുത്തലുകള്‍ നടത്തിയിരുന്നു. ബിജെപിയെ പരോക്ഷമായി കടന്നാക്രമിക്കുന്ന രീതിയാണ് മുഖ്യമന്ത്രി ശിവഗിരിയില്‍ എടുത്തത്.
ലോകം നേരിടുന്ന സംഘര്‍ഷങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രീനാരായണ ഗുരുവിന്റെ 'മനുഷ്യത്വമാണ് ജാതി' എന്ന സങ്കല്‍പ്പത്തിന് സാധിക്കുമെന്നും അന്ധവിശ്വാസങ്ങളെ മാത്രമല്ല അന്ധകാരം നിറഞ്ഞ മനസ്സുകളെയും മാറ്റാനാണ് ഗുരു ശ്രമിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ബ്രാഹ്‌മണ്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള ആയുധമായിരുന്നു ഗുരുവിന്റെ ദര്‍ശനങ്ങള്‍.
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ വളര്‍ന്നതെന്നും 1957-ലെ ഇ.എം.എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ വിപ്ലവവുമാണ് 'കേരള മോഡലിന്' അടിത്തറയിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗുരു നിര്‍ദ്ദേശിച്ച ശുചിത്വം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ ആശയങ്ങളാണ് ഹരിതകേരളം, വിദ്യാകിരണം, ലൈഫ്, ആര്‍ദ്രം തുടങ്ങിയ മിഷനുകളിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കുന്നത്. സാധാരണക്കാരുടെ മക്കള്‍ക്ക് ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ ഗുരുവിന്റെ 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന സന്ദേശമാണ് സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശിവഗിരി മഠം ഭാരവാഹികളും വിവിധ ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
