പോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് ലഭിച്ചിരുന്ന അമിത സ്വാതന്ത്ര്യം തന്ത്രിയുടെ ആളെന്ന പരിഗണനയിലോ? ശബരിമല സ്വര്‍ണക്കവര്‍ച്ച: പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലില്‍; അന്വേഷണം തന്ത്രിയിലേക്ക് തിരിക്കാന്‍ ശ്രമം, ഗൂഢാലോചനയില്‍ ഇറിഡിയം സംഘവും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നില അതീവ പരുങ്ങലില്‍. 2025-ലെ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകള്‍ അന്വേഷണത്തില്‍ തെളിഞ്ഞതാണ് പ്രശാന്തിനെ കുരുക്കിലാക്കുന്നത്. ശില്പങ്ങള്‍ സ്വര്‍ണം പൂശാന്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വിട്ടുനല്‍കിയ നടപടി കൃത്യമായി സാധൂകരിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടപെടലുകള്‍ സംശയാസ്പദമാണെന്നും ഇതില്‍ ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്നുമാണ് സൂചന. എന്നാല്‍, തന്റെ കാലയളവിലെ നടപടികളെല്ലാം ചട്ടപ്രകാരമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി തൂക്കം രേഖപ്പെടുത്തിയ ശേഷമാണ് ശില്പങ്ങള്‍ കൈമാറിയതെന്നുമാണ് പ്രശാന്ത് മൊഴി നല്‍കിയിരിക്കുന്നത്. പോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് ലഭിച്ചിരുന്ന അമിത സ്വാതന്ത്ര്യം തന്ത്രിയുടെ ആളെന്ന പരിഗണനയിലാണെന്നും പ്രശാന്ത് മൊഴി നല്‍കിയതായി സൂചനയുണ്ട്. അന്വേഷണത്തെ തന്ത്രിയുടെ ഭാഗത്തേക്ക് കൊണ്ടു പോകാനാണ് പ്രശാന്തിന്റെ ശ്രമം.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എല്‍.ഡി.എഫ് സര്‍ക്കാരിന് നിര്‍ണ്ണായകമാകും. കോടതിയില്‍ നിന്ന് അന്വേഷണ സംഘത്തിന് എന്തെങ്കിലും തരത്തിലുള്ള വിമര്‍ശനമുണ്ടായാല്‍ അത് പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇനിയുള്ള നിലപാട് നിര്‍ണ്ണായകമാണ്.
വിദേശ വ്യവസായി നല്‍കിയ നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഡി. മണി, ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഈഞ്ചയ്ക്കലിലെ ഓഫീസില്‍ രാവിലെ 11-ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് ഏഴു മണി വരെ നീണ്ടു. ഇവരെ വിട്ടയച്ചെങ്കിലും ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് വഴിവെച്ചേക്കാം.
ഡി. മണിയുടെ സഹായിയായ ശ്രീകൃഷ്ണന് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ട് എന്നാണ് നിഗമനം. ശില്‍പങ്ങള്‍ പുറത്തു കൊണ്ടുപോയി സ്വര്‍ണം പൂശുന്നതിന് ഇടനിലക്കാരനായി നിന്നത് ഇവരാണെന്ന് സംശയിക്കുന്നു. അറസ്റ്റിലായ പ്രമുഖര്‍: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, മുന്‍ ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ നിലവില്‍ അന്വേഷണ പരിധിയിലാണ്.
അറസ്റ്റിലായ പ്രതികളെ ഇറിഡിയം സംഘത്തോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ഇതിലൂടെ സ്വര്‍ണം എവിടേക്ക് കടത്തി എന്നതിലും ആര്‍ക്കൊക്കെ വിഹിതം ലഭിച്ചു എന്നതിലും വ്യക്തത വരും. മൂന്നുമാസമായി തുടരുന്ന എസ്.ഐ.ടിയുടെ അന്വേഷണം സര്‍ക്കാരിലേക്ക് നീളുമെന്നും സൂചനയുണ്ട്. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം, സ്വര്‍ണക്കൊള്ളയെക്കുറിച്ചുള്ള അറിവ്, ഏതെങ്കിലും തരത്തില്‍ അതില്‍ ഇടപെട്ടോ തുടങ്ങിയ ചോദ്യങ്ങളാണ് എസ്.ഐ.ടി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ഉന്നയിച്ചത്.
ശബരിമലയിലെ സ്പോണ്‍സറെന്ന നിലയിലടക്കം പോറ്റിയെ അറിയാമെങ്കിലും സ്വര്‍ണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന നിലപാടില്‍ കടകംപള്ളി ഉറച്ചുനിന്നു. പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കടകംപള്ളി നല്‍കിയ മറുപടിയില്‍ അവ്യക്തതയുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നുമാണ് എസ്.ഐ.ടി നല്‍കുന്ന സൂചന.
