സോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?

Update: 2025-12-31 07:24 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ രാഷ്ട്രീയ പ്രമുഖരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണസംഘം കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിന്നാലെയാണ് ഈ നീക്കം. സോണിയാ ഗാന്ധിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഒഴികെ പോറ്റിയുമായി ബന്ധമുള്ള എല്ലാ രാഷ്ട്രീയക്കാരേയും ചോദ്യം ചെയ്യും. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യലിലെ നാണക്കേട് ഒഴിവാക്കാനാണ് ഇത്.

പോറ്റി ഒരു 'കാട്ടുകള്ളനാണെന്ന്' തനിക്ക് അറിയില്ലായിരുന്നുവെന്നും, ആറ്റിങ്ങല്‍ എംപി എന്ന നിലയിലാണ് അദ്ദേഹം തന്നെ കാണാന്‍ വന്നതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയാ ഗാന്ധിയെ കാണാന്‍ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും അദ്ദേഹം നേരത്തെ അപ്പോയിന്റ്മെന്റ് എടുത്തിരുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു. തന്നെ കാണുന്നതിന് മുന്‍പേ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നതായും, ശബരിമല സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പോറ്റി തന്നോട് പറഞ്ഞതായും അടൂര്‍ പ്രകാശ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആരോപണം നിലവാരമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കൂടുതല്‍ രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നത്. സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ച ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, ചെന്നൈയിലെ പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്വര്‍ണ്ണക്കൊള്ള കേസ് സജീവമായത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് സര്‍ക്കാരിനും സി.പി.എമ്മിനും വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനും ശ്രദ്ധ തിരിക്കാനുമാണ് അടൂര്‍ പ്രകാശ് എം.പിക്കെതിരെ ഇപ്പോള്‍ നീക്കം നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിലൂടെ ഭരണപക്ഷത്തെ പ്രമുഖ നേതാവിനും കേസില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നേതാവായ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. സ്വര്‍ണ്ണ കൊള്ളയില്‍ കടകംപള്ളിക്കെതിരെ മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴി എടുത്തത്.

Tags:    

Similar News