വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന്‍ നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ 'ചുവപ്പ് അടയാളം': ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ല
തിരുവനന്തപുരം: തിരുവനന്തപുരത്തെ നേമത്ത് കുറച്ചു ദിവസങ്ങളായി അനുഭവിച്ച ഭീതിക്ക് ഒടുവില്‍ വിചിത്രമായ അന്ത്യം. വീടുകളുടെ മതിലുകളിലും തൂണുകളിലും രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദുരൂഹമായ ചുവന്ന അടയാളങ്ങള്‍ക്ക് പിന്നില്‍ മോഷണസംഘമല്ലെന്നും ഒരു സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയിലെ ജീവനക്കാരാണെന്നും വ്യക്തമായി.
നേമം കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ലെയിന്‍, ജെ.പി ലെയിന്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് സ്‌പ്രേ പെയിന്റ് ഉപയോഗിച്ചുള്ള അടയാളങ്ങള്‍ കണ്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് മുന്നില്‍ ഇത്തരം മാര്‍ക്കുകള്‍ ഇടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടതോടെ നാട്ടുക്കാര്‍ വന്‍ പരിഭ്രാന്തിയിലായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിച്ച് മോഷണം നടത്തിയ 'കുപ്രസിദ്ധ' രീതിയാണോ ഇതെന്ന സംശയത്തില്‍ റെസിഡന്റ്സ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് തികച്ചും അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. വാര്‍ത്തകള്‍ കണ്ട് ഭയന്ന രണ്ട് യുവാക്കള്‍ സ്വയം നേമം പോലീസ് സ്റ്റേഷനില്‍ ഹാജരായി. തങ്ങള്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികളാണെന്നും പുതിയ കണക്ഷന്‍ നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാനാണ് അടയാളങ്ങള്‍ ഇട്ടതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട 'മുഖംമൂടി' ശരിക്കും സ്‌പ്രേ പെയിന്റ് അടിക്കുമ്പോള്‍ ശ്വാസതടസ്സം ഒഴിവാക്കാന്‍ കെട്ടിയ തുണിയായിരുന്നുവെന്നും യുവാക്കള്‍ വിശദീകരിച്ചു. യുവാക്കളുടെ വിശദീകരണം പോലീസ് മുഖവിലയ്ക്ക് എടുത്തു. സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ പോലീസ് റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.
എങ്കിലും അപരിചിതമായ സാഹചര്യങ്ങള്‍ കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്ന ജാഗ്രതാ നിര്‍ദ്ദേശം നേമം പോലീസ് നിലനിര്‍ത്തിയിട്ടുണ്ട്.