ഇന്നുവരെ ആരും കാണാത്ത വ്യക്തി; ഒരു വ്യക്തിയാണോ അതോ ഒരു സംഘം ആളുകളാണോ എന്ന് പോലും അറിയില്ല; ബിറ്റ് കോയിന്‍ ഉപജ്ഞാതാവായി അറിയപ്പെടുന്ന സറ്റോഷി നാകാമോട്ടോ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പന്നന്‍; നാകാമോട്ടോ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ വര്‍ദ്ധിക്കുന്നത് ആ പേരിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍

Update: 2025-07-15 02:20 GMT

ലണ്ടന്‍: ബിറ്റ് കോയിന്‍ ഉപജ്ഞാതാവിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ വീണ്ടും ശക്തമാവുകയാണ്. ഒരു വ്യക്തിയാണോ അതല്ലെങ്കില്‍ ഏതാനും വ്യക്തികളുടെ സംഘമാണോ എന്ന് പോലും ഇതുവരെ വ്യക്തമാകാത്ത സറ്റോഷി നാകാമോട്ടോ എന്ന പേര് വീണ്ടും ലോക മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നു. എന്നാല്‍, ഇത്തവണ അത് ഏതെങ്കിലും പുതിയ കണ്ടുപിടുത്തത്തിന്റെ പേരിലല്ല എന്ന് മാത്രം. 2008 ല്‍ ബിറ്റ് കോയിന്‍ വൈറ്റ് പേപ്പര്‍ ഇറക്കികൊണ്ടാണ് സറ്റോഷി നാകാമോട്ടോ ആദ്യം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് 2009 ല്‍ ആദ്യ ബിറ്റ് കോയിന്‍ ബ്ലോക്ക് മൈനിംഗും നടത്തി. ഇപ്പോള്‍ ഈ പേര് വീണ്ടും ചര്‍ച്ചയാകുന്നത്, ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് എത്തിയതോടെയാണ്.

ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 1,096 മില്യന്‍ ബിറ്റ് കോയിനുകള്‍ സ്വന്തമായുള്ള നാകാമോട്ടോയുടെ ആസ്തി 128.92 ബില്യന്‍ ഡോളര്‍ ആണ്. സാങ്കേതിക വിദ്യാരംഗത്തെ മൈക്കല്‍ ഡെല്ലിനേക്കാള്‍ കൂടുതല്‍. ഡെല്ലിന്റെ ആസ്തി 124.8 ബില്യന്‍ ഡോളര്‍ ആണ്. ഇത്രയൊക്കെ ആസ്തിയുണ്ടായിട്ടും, ഇന്നും, സാങ്കേതിക വിദ്യാരംഗത്തിനും, സാമ്പത്തിക മേഖലയ്ക്കും ഒരു പിടികിട്ടാത്ത പ്രഹേളികയായി തുടരുകയാണ് സറ്റോഷി നാകാമോട്ടോ എന്ന പേര്. ബിറ്റ് കോയിന്‍ വിപണിയില്‍ എത്തിയതുമുതല്‍ തന്നെ പല ഊഹോപോഹങ്ങളും ഈ പേരിനെ ചുറ്റിയുണ്ടായിരുന്നു. ക്രിപ്‌റ്റോഗ്രാഫിക് രംഗത്തെ തലതൊട്ടപ്പനായ ഹാള്‍ ഫിന്നി മുതല്‍ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റ് രംഗത്തെ പ്രമുഖനായ നിക്ക് ഷാബ് വരെയുള്ളവരുടെ പേരുകള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അതിനു പുറമെ, എലന്‍ മസ്‌ക്, ജാക്ക് ഡോര്‍സേ തുടങ്ങിയവരുടെ പേരുകളും നാകാമോട്ടോ എന്ന പേരിനൊപ്പം ബന്ധിപ്പിച്ച് പല വാര്‍ത്തകളും കഥകളും പുറത്തു വന്നിരുന്നു. ആസ്‌ട്രേലിയന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ക്രെയ്ഗ് റൈറ്റ് താനാണ് നാകാമോട്ടോ എന്ന് സ്വയം അവകാശപ്പെട്ട് രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ 2024 ല്‍ യു കെ ഹൈക്കോടതി ഇയാള്‍ക്കെതിരെ വ്യാജ അവകാശവാദം ഉയര്‍ത്തിയതിനും ലീഗല്‍ ടെററിസത്തിനും നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. 12 മാസത്തെ തടവ് ശിക്ഷ നല്‍കിയെങ്കിലും അത് പിന്നീട് മരവിപ്പിക്കുകയായിരുന്നു. മാത്രമല്ല, ബിറ്റ് കോയിനു മേല്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ നിന്നും അയാളെ നിയമപരമായി വിലക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ അന്വേഷണങ്ങള്‍ നടത്തിയിട്ടും സറ്റോഷി നാകാമോട്ടോ എന്ന പേരിന് പുറകിലെ രഹസ്യം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ അന്വേഷണത്തിനിടയില്‍, നിരവധി പേരുകള്‍ പുറത്തു വന്നെങ്കിലും അതൊന്നും തന്നെ നാകാമോട്ടോ ആണെന്ന് തെളിയിക്കാനായില്ല. 2011 വരെ നാകാമോട്ടോ ഫോറങ്ങള്‍ വഴിയും ഈമെയില്‍ വഴിയും ഓണ്‍ലൈന്‍ ആയി പലരുമായും സംവേദിക്കാറുണ്ടായിരുന്നു എന്ന് രേഖകള്‍ തെളിയിക്കുന്നു. ജപ്പാനില്‍ ജീവിക്കുന്ന ഒരു 37 കാരനാണ് താനെന്ന് നാകാമോട്ടോ അവകാശപ്പെട്ടു എന്ന് ന്യൂ യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍, അവരുടെ പ്രവര്‍ത്തന സമയം ഏതാണ്ട് ബ്രിട്ടീഷ് പ്രവര്‍ത്തന സമയവുമായി ഒത്തുപോകുന്നതാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

നാകാമോട്ടോവിന്റെ പ്രോഗ്രാമിംഗിലെ പ്രാവീണ്യം, പ്രത്യേകിച്ചു സി പ്ലസ് പ്ലസിലേത് വളരെ ഉയര്‍ന്ന നിലയിലുള്ളതാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സമ്മതിക്കുന്നു. ആദ്യമാദ്യം, സാങ്കേതികവിദ്യാ രംഗത്തുള്ളവര്‍ക്കിടയിലെ ചര്‍ച്ചകളില്‍ മാത്രമായി ഒതുങ്ങിയ സറ്റോഷി നാകാമോട്ടോ എന്ന പേര് 2022 ല്‍ ബിറ്റ് കോയിന്‍ ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള ഒന്‍പതാമത്തെ ആസ്തിയായി മാറിയതോടെയാണ് പൊതുരംഗത്തും ചര്‍ച്ചയാകുന്നത്. ഇതോടെ നാകാമോട്ടോയുടെ സാമ്പത്തിക സരണിക്ക് പൊതുജനസമ്മതി ആര്‍ജ്ജിക്കുകയായിരുന്നു. സമ്പത്തിനു പുറമെ അധികാര വികേന്ദ്രീകരണത്തിനും, സ്വയം മറഞ്ഞിരിക്കുന്നതിനും കൂടി പ്രതീകമായാണ് സറ്റോഷി നാകാമോട്ടോ ഇന്ന് കരുതപ്പെടുന്നത്.

അതുകൊണ്ടു തന്നെയാണ് ലോകത്തിലാരും ഇന്നുവരെ കാണാത്ത ഒരു വ്യക്തിയുടെ, മുഖം മൂടിയണിഞ്ഞ പ്രതിമ ഹംഗറി ബുഡാപെസ്റ്റിലെ ഗ്രാഫിസോഫ്റ്റ് പാര്‍ക്കില്‍ സ്ഥാപിച്ചത്. മനുഷ്യ ശരീരത്തിന്റെ പൊതുവായ ഘടനയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. നാകാമോട്ടോ എന്ന പേരിന്റെ ലിംഗഭേദമോ, വംശമോ, പ്രായമോ, ഉയരമോ ഒന്നും ആര്‍ക്കും അറിയാത്തതിനാലാണ് ഒരു സാധാരണ മനുഷ്യരൂപത്തില്‍ പ്രതിമ നിര്‍മ്മിച്ചത്. ഈ വെങ്കലത്തിലും അലൂമിനിയത്തിലും നിര്‍മ്മിച്ച ഈ പ്രതിമയുടെ തേച്ചു മിനുക്കിയ മുഖത്തിനു മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുടെ മുഖത്തിന്റെ പ്രതിബിംബം അതില്‍ കാണാന്‍ കഴിയും. നമ്മളെല്ലാവരും സറ്റോഷി നാകാമോട്ടോമാരാണെന്ന് വിളംബരം ചെയ്യുന്നത് പോലെ.

ഗ്രിഗറി റെക്ക, തമാസ് ഗില്ലി എന്നി ശില്പികള്‍ ചേര്‍ന്ന് നിമ്മിച്ച പ്രതിമയ്ക്ക് കീഴെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് നാകാമോട്ടോവിന്റെ വീക്ഷണം സാമ്പത്തിക മേഖലയെ ഒരു കേന്ദ്രീകൃത നിയന്ത്രണത്തില്‍ നിന്നും മോചിതമാക്കി എന്നാണ്. വ്യക്തിയായാലും സംഘമായാലും സറ്റോഷി നാകാമോട്ടോ എന്ന പേര് ആധുനിക സാങ്കേതിക വിദ്യാരംഗത്തെ ഒരു നാഴികക്കല്ല് തന്നെയാണ്. ഡിജിറ്റല്‍ ഫിനാന്‍സില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു എന്നതിനു പുറമെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയെ ലോകത്തിന് പരിചയപ്പെടുത്തിയതും നാകാമോട്ടോയാണ്

Tags:    

Similar News