തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍; തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം; അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ സൊസൈറ്റി സാമ്പത്തികമായി തകര്‍ന്നിരുന്നു
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ സൊസൈറ്റി സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.
അനില്‍കുമാര്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പില്‍ പറയുന്നു. കോര്‍പ്പറേഷനില്‍ ബി ജെ പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവാണ് മരിച്ച അനില്‍കുമാര്‍. തലസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവാണ് ജീവനൊടുക്കിയിരിക്കുന്നത്.
ആറ് കോടിയോളം രൂപയൂടെ വായ്പാ ബാധ്യത സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൊസൈറ്റിയില്‍ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം അനിലിനെ തമ്പാനൂര്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും പാര്‍ട്ടി യോഗങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു അനില്‍ എന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.