ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും ഇല്ലാതിരുന്ന പഞ്ഞകാലം; കരുതല്‍ ധനം പണയം വച്ച പേരു ദോഷം; പിന്നെ കണ്ടത് സാമ്പത്തിക വളര്‍ച്ച; കാര്‍ഷിക വായ്പ എഴുതി തള്ളി; തൊഴിലുറപ്പ് പദ്ധതി വിപ്ലവമായി; ആരോഗ്യത്തിന് പണമൊഴുക്കി; ഡോ മന്‍മോഹന്‍ സിംഗ് പാവങ്ങളുടെ കണ്ണീരൊപ്പിയ കഥ
ന്യൂഡല്‍ഹി: ഇന്ത്യയുടെ മനസ്സ് അറിഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗ്. ധനകാര്യ മന്ത്രിയായ ശേഷം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രവും മന്‍മോഹന്‍ സിംഗിനുണ്ട്. അങ്ങനെ തിരഞ്ഞെടുപ്പില്‍ തോറ്റ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അത്യപൂര്‍വ്വ തന്ത്രമാണ് രാജ്യത്തിന് വികസനത്തിന്റെ പുതിയ ദിശാബോധം നല്‍കിയത്. രണ്ടാം മന്‍മോഹന്‍ സര്‍ക്കാര്‍ ഘടകകക്ഷികളുടെ അഴിമതി ആര്‍ത്തിയില്‍ കുടുങ്ങിയതാണ് വിനയായത്. അല്ലാത്ത പക്ഷം അധികാരത്തില്‍ ഹാട്രിക് തികയ്ക്കാന്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലൂടെ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. തൊഴിലില്ലായ്മയ എന്ന സാമൂഹിക വിപത്തിന് മറുമന്ത്രമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാറി. ഇതിനൊപ്പം രാജ്യത്ത ആരോഗ്യ മേഖലയേയും സമഗ്ര പൊളിച്ചെഴുത്തിന് വിധേയമാക്കി. സാമ്പത്തിക ഉദാരവത്കരണത്തിലൂടെ കിട്ടിയ ശത കോടികള്‍ പാവങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു.
സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷികവായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, യൂണിക്ക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു. ഇതെല്ലാം ഇന്നും പ്രസക്തമായി തന്നെ രാജ്യം മുമ്പോട്ട് കൊണ്ടു പോകുന്നു. വിവരാവകാശത്തിന്റെ കരുത്തില്‍ പല അഴിമതികളും പുറം ലോകത്ത് എത്തി. ആധാറിനെ എതിര്‍ത്തവര്‍ തന്നെ യൂണിക്ക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആരാധകരായി. അങ്ങനെ രാജ്യത്തിന് യഥാര്‍ത്ഥ വികസന കാഴ്ച പാട് നല്‍കിയ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ്. ആഗോള തലത്തില്‍ ഇന്ധന വില കുതിച്ചുയര്‍ന്നതും മറ്റും ആ കാലത്ത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായിരുന്നു. ഇതും രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. ഇന്ന് ആഡംസ്മിത്ത് പുരസ്‌കാരം (കേംബ്രിജ് സര്‍വകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്റു ജന്മശതാബ്ദി പുരസ്‌കാരം, മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം എന്നിവയടക്കമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ധനമന്ത്രിയാക്കിയത്. മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തകര്‍ച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി. 2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടര്‍ന്ന് ആ ചുമതല മന്‍മോഹനിലേക്കെത്തി. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്ഞ ചെയ്തു. 2009 ല്‍ പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമില്‍ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മന്‍മോഹന്‍സിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്‌സഭയില്‍ അംഗമായിട്ടില്ല. ഇതും വലിയ അപൂര്‍വ്വതയാണ്. ധനമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ മത്സരിച്ച് തോറ്റ മന്‍മോഹന്‍ സിംഗിനെ പിന്നീട് രാജ്യസഭയിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ലമന്റ് അംഗമാക്കിയത്.
ഇന്ത്യയിലെ ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും പോലും ഇല്ലാതെ വന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു 1991ല്‍ ധനകാര്യ മന്ത്രിയാക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പക്കായി കരുതല്‍ സ്വര്‍ണം പോലും പണയം വെക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് എടുത്ത തീരുമാനങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു. അങ്ങനെ തകര്‍ച്ചയിലേക്കു പോകുകയായിരുന്ന സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണങ്ങളാണ്.
കയറ്റുമതി സബ്സിഡി നിര്‍ത്തി, രൂപയുടെ മൂല്യം താഴ്ത്തി, കമ്പനികളോട് ലൈസന്‍സില്ലാതെ തന്നെ ഉത്പാദനം നടത്താനാവശ്യപ്പെട്ടതടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഏവരുടെയും കൈയടി നേടി. 1992-93ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 5.1 % ലേക്കും 1993-94 കാലത്ത് 7.3 % ലേക്കും ഉയര്‍ന്നു. 1991 മുതല്‍ 1996 വരെയുള്ള അദ്ദേഹത്തിന്റെ ബജറ്റുകള്‍ രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി.
പിന്നീട് കോണ്‍ഗ്രസിന് ഭരണം നഷ്ടമായപ്പോള്‍ 1998-2004 രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി തിളങ്ങാനും മന്‍മോഹന്‍ സിംഗിനു കഴിഞ്ഞു. 2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ പ്രധാനമന്ത്രി കസേര അദ്ദേഹത്തെ തേടിയെത്തി. കാര്‍ഷിക കട ബാധ്യതകള്‍ എഴുതിത്തള്ളിയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയും അദ്ദേഹം 2009 വീണ്ടും യുപിഎയെ ഭരണത്തിലെത്തിച്ചു.