'വാർ ഹണ്ട്' സിനിമയിലൂടെ അരങ്ങേറ്റം; ദി സ്റ്റിംഗിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ; 'ഗോൾഡൻ ബോയ്' എന്നറിയപ്പെട്ട വ്യക്തിത്വം; പ്രശസ്ത ഹോളിവുഡ് താരം റോബർട്ട് റെഡ്ഫോർഡ് വിടവാങ്ങുമ്പോൾ
ഹോളിവുഡ് ഇതിഹാസ നടനും സംവിധായകനും ഓസ്കാർ ജേതാവുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. യു.എസിലെ യുട്ടാനിൽ പ്രോവോയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെയാണ് അദ്ദേഹം വിടവാങ്ങിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിലൂടെ ഹോളിവുഡിന്റെ ഗതി മാറ്റിയെഴുതിയ പ്രതിഭയായിരുന്നു റെഡ്ഫോർഡ്. ഒരു കാലഘട്ടത്തിൽ അമേരിക്കൻ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന അദ്ദേഹത്തിന് "ഗോൾഡൻ ബോയ്" എന്നും വിളിപ്പേരുണ്ടായിരുന്നു. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് അദ്ദേഹത്തിന്റെ സംഭാവനകളിൽ പ്രധാനപ്പെട്ടതാണ്.
1936ൽ ലോസ് ആഞ്ചലസിൽ ജനിച്ച റെഡ്ഫോർഡ് 1950കളുടെ അവസാനത്തിലാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. 1960കളിൽ ടെലിവിഷനിലും അരങ്ങേറ്റം കുറിച്ചു. "വാർ ഹണ്ട്" എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് എത്തുന്നത്. 1973ലെ "ദി സ്റ്റിംഗ്", "ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്", "ത്രീ ഡേയ്സ് ഓഫ് ദി കോണ്ടോർ" (1975), "ഓൾ ദി പ്രസിഡന്റ്സ് മെൻ" (1976) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക പ്രീതി നേടി. "ദി സ്റ്റിംഗിലെ" അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.
നിർമ്മാതാവും സംവിധായകനുമെന്ന നിലയിലും റെഡ്ഫോർഡ് വ്യക്തിമുദ്ര പതിപ്പിച്ചു. 1980ൽ പുറത്തിറങ്ങിയ "ഓർഡിനറി പീപ്പിൾ" എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹം മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അടക്കം നാല് ഓസ്കാറുകൾ നേടുകയുണ്ടായി. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാർ ലഭിച്ചു. 2018ൽ പുറത്തിറങ്ങിയ "ദി ഓൾഡ് മാൻ ആൻഡ് ദി ഗൺ" ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. പരിസ്ഥിതി സംരക്ഷണ രംഗത്തും അദ്ദേഹം സജീവമായിരുന്നു.