തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശന്‍ അന്തരിച്ചു; വിട പറഞ്ഞത് കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളിലൂടെ തമിഴ്‌നാട്ടിലെ കുടുംബങ്ങളില്‍ പരിചിതമായി മാറിയ ഉദ്യോഗസ്ഥ; അന്ത്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവേ

തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശന്‍ അന്തരിച്ചു

Update: 2025-09-25 09:04 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശന്‍(56) അന്തരിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥയായിരുന്നു ഇവര്‍. ദീര്‍ഘകാലമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഊര്‍ജ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ദിവസവും നടത്തുന്ന വാര്‍ത്താസമ്മേളനം വഴി കോവിഡ് കാലത്ത് തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും ചിരപരിചിത മുഖമായി മാറിയിരുന്നു ബീല വെങ്കിടേശന്‍. ആ സമയത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു.

1969 നവംബര്‍ 15 ന് തൂത്തുക്കുടി ജില്ലയിലാണ് ബീല വെങ്കിടേശന്‍ ജനിച്ചത്. പിന്നീട് ചെന്നൈയിലെ കൊട്ടിവാക്കം പ്രദേശത്താണ് അവര്‍ താമസിച്ചിരുന്നത്. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഡോ. ബീല വെങ്കിടേശന്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. 1997ല്‍ സിവില്‍ സര്‍വീസ് നേടി. ബിഹാറിലായിരുന്നു ആദ്യ നിയമനം. പിന്നീട് കുറെ കാലം ഝാര്‍ഖണ്ഡിലും സേവനം ചെയ്തു. അതിനു ശേഷമാണ് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.

ചെങ്കല്‍പട്ടു സബ്കലക്ടറായാണ് തമിഴ്‌നാട്ടില്‍ നിയമനം. പിന്നീട് ഫിഷറീസ് കമീഷണര്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് കമീഷണര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതി കമീഷണര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ആരോഗ്യ സെക്രട്ടറി എന്ന നിലയില്‍, ഭാവി റഫറന്‍സിനും ഗവേഷണ ആവശ്യങ്ങള്‍ക്കുമായി തമിഴ്നാട്ടിലുടനീളമുള്ള രോഗികളുടെ ഡാറ്റ ഡിജിറ്റൈസ് ചെയ്യുകയും ക്ലൗഡില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ആശുപത്രി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുന്നതില്‍ ബീല വെങ്കിടേശന്‍ നിര്‍ണായക പങ്കുവഹിച്ചു. 2019 ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളുടെ എണ്ണം കുറക്കുന്നതിലും അവരുടെ പങ്ക് നിര്‍ണായകമായി.

ബീലയുടെ അമ്മ റാണി വെങ്കിടേശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്നു. നാഗര്‍കോവില്‍ സ്വദേശിയായിരുന്നു അവര്‍. പിതാവ് എസ്.എന്‍. വെങ്കിടേശന്‍ ഡി.ജി.പിയായാണ് വിരമിച്ചത്. നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചിച്ചു.

Tags:    

Similar News