'വര്‍ഷങ്ങളായി ചിമ്പാന്‍സികള്‍ എന്നെ പഠിപ്പിച്ചത് അവര്‍ നമ്മളെപ്പോലെയാണ് എന്നതാണ്; മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി അവര്‍ കുറച്ചു' ലണ്ടനില്‍ ജനിച്ച് ആഫ്രിക്കയിലെത്തി ലൂയി ലീക്കിയുടെ കീഴില്‍ പഠനം; ' ലീക്കിയുടെ മാലാഖമാരില്‍'' പ്രധാനിയും ഇനി ഓര്‍മ്മ; നരവംശ ശാസ്ത്രജ്ഞ ഡോ. ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചു

Update: 2025-10-02 02:25 GMT

വാഷിങ്ടണ്‍: പ്രശസ്ത നരവംശശാസ്ത്രജ്ഞയുമായ ഡോ. ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചു. ചിമ്പാന്‍സികളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ലോകശ്രദ്ധ നേടിയ ശാസ്ത്രജ്ഞനായിരുന്നു. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു അന്ത്യം. 91-ാം വയസായിരുന്നു. അവരുടെ സ്ഥാപനമായ 'ജെയ്ന്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' ആണ് മരണ വിവരം പുറത്ത് വിട്ടത്. യു.എസ് പര്യടനത്തിനിടെ കാലിഫോര്‍ണിയയിലായിരുന്നു ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞയുടെ അന്ത്യം. ചിമ്പാന്‍സികളെക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെയാണ് ഗുഡാള്‍ അറിയപ്പെടുന്നത്. 1960-കളില്‍ തന്റെ 26-ാം വയസില്‍ ടാന്‍സാനിയയിലെ ഗോംബെ സ്ട്രീം നാഷണല്‍ പാര്‍ക്കില്‍ വെച്ച് ചിമ്പാന്‍സികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് അവര്‍ നടത്തിയ പഠനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് മൃഗങ്ങളെ കുറിച്ചുള്ള പഠനങ്ങളെ മാറ്റി മറിച്ചു. ചിമ്പാന്‍സികള്‍ക്കും മനുഷ്യര്‍ക്കും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ചും കണ്ടെത്തി. ഗുഡാല്‍ പതിറ്റാണ്ടുകളായി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ലോകത്തോട് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിയുടെ ഭീകരമായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

ശാസ്ത്ര മേഖലയിലെ മാറ്റങ്ങള്‍ക്ക് ഒപ്പം പ്രകൃതി സംരക്ഷണത്തിനും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ടു. 'റൂട്ട്സ് & ഷൂട്ട്സ്' പോലുള്ള പരിപാടികളിലൂടെ പരിസ്ഥിതി സംരക്ഷണം ഏറ്റെടുത്തു. യുവതലമുറയേയും ഇതിലേക്ക് അടുപ്പിച്ചു. 2002-ല്‍ ഐക്യരാഷ്ട്രസഭയുടെ 'മെസഞ്ചര്‍ ഓഫ് പീസ്'ആയി തിരഞ്ഞെടുക്കപ്പെട്ടു. 1934ല്‍ ലണ്ടനില്‍ ജനിച്ച ഗുഡാല്‍ ചിമ്പാന്‍സികളെക്കുറിച്ചുള്ള നടത്തിയത് വിപ്ലവകരമായ ഗവേഷണങ്ങളായിരുന്നു. ആഫ്രിക്കയിലെ ചിമ്പാന്‍സികള്‍ക്കിടയില്‍ പഠനം നടത്തുകയും അവയുടെ വ്യത്യസ്ത വ്യക്തിത്വങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. 1960കളുടെ തുടക്കത്തിലാണ് ടാന്‍സാനിയയില്‍ ചിമ്പാന്‍സികളെക്കുറിച്ച് ആദ്യമായി പഠിനം തുടങ്ങിയത്. അവയെ ദൂരെ നിന്ന് അവയെ നിരീക്ഷിക്കുക മാത്രമല്ല, അവയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുഴുകുകയും ചെയ്തു. അവയ്ക്ക് ഭക്ഷണം നല്‍കുകയും പേരുകള്‍ നല്‍കുകയും ചെയ്തു. 1963ല്‍ നാഷണല്‍ ജിയോഗ്രാഫിക്കിലും പിന്നീട് ഒരു ഡോക്യുമെന്ററിയിലും ആദ്യമായി പ്രത്യക്ഷപ്പെട്ട ഗുഡാല്‍ വിവരങ്ങള്‍ പങ്കുവച്ചു. ഗുഡാലിന്റെ കൈവശമുണ്ടായിരുന്ന ഫോട്ടോകളുടെ ശേഖരം ചിമ്പാന്‍സികളെക്കുറിച്ച് കൂടുതലറിയാന്‍ ലോകത്തെ സഹായിച്ചു. 'വര്‍ഷങ്ങളായി ചിമ്പാന്‍സികള്‍ എന്നെ പഠിപ്പിച്ചത് അവര്‍ നമ്മളെപ്പോലെയാണ് എന്നതാണ്, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി അവര്‍ കുറച്ചു' - എന്നായിരുന്നു 1997ല്‍ അസോസിയേറ്റഡ് പ്രസിനോട് ഗുഡാല്‍ പറഞ്ഞത്.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ടാന്‍സാനിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് ഗുഡാല്‍ ഉന്നത സിവിലിയന്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്. 2025ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു. 2021ല്‍ പ്രശസ്തമായ ടെമ്പിള്‍ട്ടണ്‍ സമ്മാനം നേടി. പ്രമുഖ പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലൂയിസ് ലീക്കിയുടെ വ്യക്തിപരമായ ശ്രദ്ധയിലും ശിക്ഷണത്തിലുമാണ് ജെയ്ന്‍ ഗുഡാളിന്റെ വളര്‍ച്ച. പശ്ചിമ ടാന്‍സാനിയായിലെ ഗോബേ സ്ട്രീം ദേശീയോദ്യാനത്തില്‍ ചിമ്പാന്‍സികളെപ്പറ്റിയുള്ള തന്റെ പഠനത്തിന് ജെയ്ന്‍ തുടക്കമിട്ടു. ബാല്യം മുതല്‍ക്കേ പ്രകൃതിയോടും, മൃഗങ്ങളോടും ചങ്ങാത്തം കൂടാനായിരുന്നു ജെയിനിന് താല്‍പര്യം. തനിക്ക് സമ്മാനമായി ലഭിച്ച ജൂബിലിയെന്ന ചിമ്പാന്‍സി പാവയായിരുന്നു അവളുടെ പ്രചോദനം. ഗോംബെ നാഷണല്‍ പാര്‍ക്കില്‍ തികച്ചും വന്യമൃഗങ്ങളായ ചിമ്പാന്‍സികളോട് ക്ഷമയോടും, ധൈര്യത്തോടും ജെയ്ന്‍ സഹവര്‍ത്തിച്ചു. ചിമ്പാന്‍സികള്‍ ജെയിനിനെ പതുക്കെ അവരില്‍ ഒരാളായി സ്വീകരിച്ചു. ആദ്യമായി സൗഹൃദം സ്ഥാപിച്ച ചിമ്പാന്‍സിയെ അവര്‍ ഡേവിഡ് ഗ്രേബിയേര്‍ഡ് എന്നു പേരിട്ടു വിളിച്ചു. ഈ ചിമ്പാന്‍സിയാണ് ആദ്യമായി ഒരു പണിയായുധം ഉപയോഗിക്കുന്നതായി ജെയ്ന്‍ കണ്ടെത്തിയത്. ചിതല്‍പ്പുറ്റില്‍ നിന്നും ചിതലുകളെ പുറത്തെടുത്ത് ഭക്ഷിക്കാനായി പുല്‍കഷ്ണം ഉപയോഗിക്കുന്നു. ചിമ്പാന്‍സികള്‍ ഭക്ഷണത്തിനായി വേട്ടയാടുമെന്നും, മാംസം ഭക്ഷിക്കുമെന്നും, അവരവരുടെ അധീനപ്രദേശം സംരക്ഷിക്കുന്നതിനായി തീക്ഷ്ണമായി പോരാടുമെന്നും, പെണ്‍ ആള്‍ക്കുരങ്ങുകള്‍ക്ക് പ്രമുഖസ്ഥാനങ്ങളുണ്ടെന്നും, അവര്‍ക്കിടയില്‍ വളരെ തീവ്രമായ മാതൃശിശു ബന്ധം നിലനില്‍ക്കുന്നുവെന്നും, ആംഗ്യംകൊണ്ടുള്ള അവരുടെ ആശയവിനിമയം മനുഷ്യരുടേതിന് സമാനമാണെന്നും ജെയ്ന്‍ കണ്ടെത്തി.

ചിമ്പാന്‍സികളുടെ സംരക്ഷണത്തിനും, ഗവേഷണത്തിനുമായി 1977-ല്‍ ജെയ്ന്‍ ഗുഡോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. 1986-ല്‍ തന്റെ 26 വര്‍ഷങ്ങളിലെ ഗവേഷണം പൂര്‍ത്തിയാക്കി 'ചിമ്പാന്‍സീസ് ഓഫ് ഗോംബെ-പാറ്റേണ്‍സ് ഓഫ് ബിഹേവിയര്‍' എന്ന സമഗ്ര പഠനം പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജെയ്ന്‍, 1991 ല്‍ പ്രശസ്ത പരിസ്ഥിതി യുവജന പ്രസ്ഥാനം റൂട്ട് ആന്റ് ഷൂട്സ്‌ന് തുടക്കമിട്ടു. ലണ്ടനില്‍ ജനിച്ച് ആഫ്രിക്കയിലെത്തി ലൂയി ലീക്കിയുടെ കീഴില്‍ ചിമ്പാന്‍സികളെക്കുറിച്ച് പഠനം നടത്തി,അവയ്ക്കായി ജീവന്‍ ഉഴിഞ്ഞുവെച്ച ഗുഡാള്‍ ,ലീക്കിയുടെ പ്രസിദ്ധരായ മൂന്നു ശിഷ്യകളില്‍ ഒരാളാണ്.' ലീക്കിയുടെ മാലാഖമാര്‍'' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

Tags:    

Similar News