പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് തുരുത്തിശ്ശേരിയിലെ ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍; സീനിയര്‍ സര്‍ജന്റെ മരണത്തില്‍ ഞെട്ടല്‍; മരിച്ചത് കേരളത്തില്‍ ഏറ്റവുമധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍
പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തെ എണ്ണം പറഞ്ഞ വിദഗ്ധരില്‍ ഒരാളായ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്.
വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ എന്ന നിലയിലാണ് ഡോക്ടര്‍ ജോര്‍ജ് പി അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാം.
ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്. കൂടാതെ സംസ്ഥാനത്തെ ആദ്യ കഡാവര്‍ ട്രാന്‍സ്പ്ലാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും ഇദ്ദേഹം നടത്തുകയുണ്ടായി.
2500ലേറെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് ജോര്‍ജ്.പി.എബ്രഹാം. സംസ്ഥാനത്തിന് അകത്തും പുറത്തുമായി വലിയൊരു ശിഷ്യസമ്പത്തിന് ഉടമായാണ് അദ്ദേഹം. അങ്ങനെയുള്ള വ്യക്തിയുടെ മരണത്തില്‍ വൈദ്യശാസ്ത്ര സമൂഹത്തിനും ഞെട്ടലുണ്ടായിട്ടുണ്ട്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.