തന്റെ ഹിറ്റ് ഗാനങ്ങള്‍ പോലും അറിയപ്പെട്ടത് വയലാറിന്റെയും പി ഭാസ്‌ക്കരന്റെയും പേരില്‍; പ്രമുഖര്‍ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പോലുമില്ല; രക്ഷപ്പെട്ടത് ബാഹുബലി മൊഴി മാറ്റിയതോടെ; രാജമൗലിയുടെ പ്രിയപ്പെട്ട റൈറ്റര്‍; മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന എന്ന നിര്‍ഭാഗ്യവാനായ കവി വിട വാങ്ങുമ്പോള്‍

Update: 2025-03-17 15:43 GMT

70-കളിലും 80-കളിലും ആകാശവാണിയില്‍ നിരന്തരം കേട്ടിരുന്നു ആ പേര്. ഗാന രചന, മങ്കൊമ്പ് ഗോപാകൃഷ്ണന്‍. നാലരപ്പതിലറ്റാണ്ട് നീണ്ട സംഗീത സപര്യയില്‍, 200 സിനിമകളിലായി 700 ഓളം പാട്ടുകള്‍. നിരവധി തിരക്കഥകള്‍. എന്നിട്ടും മങ്കൊപ്പ് ഗോപാലകൃഷ്ണന്‍ എന്ന ആ പ്രതിഭയെ ആര്‍ക്കും അറിയുകപോലും ഉണ്ടായിരുന്നില്ല. മാത്രമല്ല മറ്റൊരു ദുര്‍വിധികൂടി അദ്ദേഹത്തിനുണ്ടായി. 70-കളില്‍ മങ്കൊമ്പ് ഗാനരചനയിലേക്ക് കടുന്നുവന്നപ്പോള്‍ വയലാര്‍, പി ഭാസ്‌ക്കരന്‍, ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ കത്തിനില്‍ക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ 'ലക്ഷാര്‍ച്ചനകണ്ട്' എന്ന തടക്കമുള്ള മങ്കൊമ്പിന്റെ പല ഹിറ്റുകളും അറിയപ്പെട്ടത് വയലാറിന്റെയോ, ഭാസ്‌ക്കരന്‍ മാഷിന്‍െയോ പേരിലായിരുന്നു. പല ഗാനമേളകളിലും താന്‍ എഴുതിയ ഹിറ്റ്പാട്ടുകള്‍ മറ്റുള്ളവരുടെ പേരില്‍ അനൗണ്‍സ് ചെയ്യുന്നത് കണ്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും മങ്കൊമ്പ് അപൂര്‍വമായി അനുവദിച്ച ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇന്ന് 78-ാം വയസ്സില്‍ അദ്ദേഹം കടന്നുപോവുമ്പോള്‍, നിര്‍ഭാഗ്യവാനായ കവി എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.

ഈ അവഗണകളിലൊന്നും യാതൊരു പരിഭവവും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഇതിനൊക്കെ കാരണം തന്റെ അന്തര്‍മുഖ സ്വഭാവം തന്നെയാണെന്നും മങ്കൊമ്പ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്-''മലയാള സിനിമയിലേക്ക് കടന്നു വരിക എന്നത് 70 കളില്‍ ഏതൊരു വ്യക്തിക്കും വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഒരു സിനിമയില്‍ നാല് പാട്ടുകളുണ്ടെങ്കില്‍ അതില്‍ നാല് പാട്ടുകളും ഒരുപക്ഷേ യേശുദാസ് പാടും, അഞ്ചാമതൊരു പാട്ട് ഉണ്ടെങ്കില്‍ മാത്രമേ പി ജയചന്ദ്രനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതുപോലെയാണ് ഗാനരചയിയാവിന്റെ കാര്യവും. ഒരു നിര്‍മാതാവിനും സംവിധായകനും പുതിയൊരാളെ പരീക്ഷിക്കാനുള്ള ഭയം തന്നെയായിരുന്നു അക്കാലത്തെ മുഖ്യ പ്രശ്‌നം. എന്നിട്ടും ഞാന്‍ എങ്ങനെയോ മലയാള സിനിമയൂടെ ഭാഗമായി. വയലാറിനെയും ശ്രീകുമാരനും തമ്പിയെയും പോലെ ഒരു വ്യക്തി പ്രഭാവം എനിക്ക് സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. എന്നെ ആര്‍ക്കും അറിയില്ല എന്നുള്ളതാണ് വസ്തുത. അതില്‍ പരിഭവമോ പ്രതിഷേധമോ ഒന്നും തന്നെയില്ല. അക്കാലത്തെ ഒരു ഫോട്ടോ പോലും ഞാന്‍ സൂക്ഷിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അത് തെറ്റായിപ്പോയി എന്ന് ബോധ്യം ഇപ്പോഴുണ്ട്''- അഞ്ചുവര്‍ഷം മുമ്പ് നടത്തിയ ഒരു അഭിമുഖത്തില്‍ മങ്കൊമ്പ് പറയുന്നത് ഇങ്ങനെയാണ്.

ഹരിഹരനും രവീന്ദ്രജെയിനും

1947-ല്‍ കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം നാടക ഗാനങ്ങളിലുടെയാണ് ശ്രദ്ധേയനായത്. 1970ല്‍ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പം മുതല്‍ കവിതയെഴുതുമായിരുന്നു. നാട്ടില്‍ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയില്‍ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. മനസ്സില്‍ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ല്‍ പുറത്തിറങ്ങിയ 'വിമോചനസമരം' എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

സംവിധായകന്‍ ഹരിഹരന്‍ കണ്ടെത്തിയ പ്രതിഭയാണ് മങ്കൊമ്പ്. 1975 -ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചു. ഇതിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍'എന്ന ഗാനം അദ്ദേഹത്തെ പ്രശസ്തനാക്കി. ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എം.എസ്. വിശ്വനാഥന്‍ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.

വയലാറും പി ഭാസ്‌കരനും അരങ്ങുവാണിരുന്ന തട്ടകത്തിലേക്ക് ഒരുപിടി കവിതകളുമായി അയാള്‍ കടന്നുവന്നത് രവീന്ദ്ര ജെയിന്‍ എന്ന വിഖ്യാത സംഗീതജ്ഞനുമായുള്ള സൗഹൃദംകൊണ്ട് കൂടിയായിരുന്നു. അക്കഥ മങ്കൊമ്പ് ഇങ്ങനെ പറയുന്നു-'' സുജാത എന്ന ചിത്രത്തിനുവേണ്ടി ഞാന്‍ വരികള്‍ എഴുതിയ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ യേശുദാസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു രവീന്ദ്ര ജയിന്‍ മലയാളത്തിലേക്ക് എത്തുന്നത്. ആ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചത് സാക്ഷാല്‍ ആശ ബോസ്ലെ. ആശയുടെ ആദ്യത്തേതും അവസാനത്തേതുമായ മലയാള ഗാനമായിരുന്നു സുജാതയിലേത്.

രവീന്ദ്ര ജയിനെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് അന്ധനാണ് എന്നത്. മലയാളം തീരെ വശമില്ല. ഞാന്‍ എഴുതുന്ന വരികള്‍ക്കും ഒരല്‍പ്പം കട്ടി കൂടുതലാണെന്ന് അക്കാലത്തും പൊതുവേ ഒരു സംസാരമുണ്ട്. സുജാതയുടെ സംവിധായകന്‍ ഹരിഹരന്‍ ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ ബോംബെയിലേക്ക് പോകുന്നതിനു മുമ്പ് മങ്കൊമ്പിനെ ഒന്ന് ഉപദേശിച്ചു. ''താന്‍ ആ ഹിന്ദിയിലെ പാട്ടൊക്കെ കാണാറുണ്ടല്ലോ. ചെറിയ ചെറിയ വാക്കുകള്‍ കൊണ്ടാണ് ഹിന്ദി ഗാനങ്ങള്‍ പിറവിയെടുക്കുന്നത്. ഖന ഘോരമായ വാക്കുകള്‍ ഇത്തവണ എഴുതാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെറിയ പദങ്ങള്‍ ഉപയോഗിച്ച് വേണ്ട രീതിയില്‍ എഴുതിക്കൊടുത്ത് കാര്യങ്ങള്‍ സുഗമമാക്കണം''-എന്നായിരുന്നു ഹരിഹരന്റെ ഉപദേശം.''

അത് മങ്കൊമ്പ് പാലിച്ചു. ചറിയ ചെറിയ പദങ്ങള്‍ ഉപയോഗിച്ചുള്ള ഒന്ന് രണ്ട് പാട്ടുകള്‍ ആദ്യം എഴുതി കമ്പോസ് ചെയ്തു. രവീന്ദ്ര ജയ്‌നുമായി ആ സമയത്ത് ഒരു ആത്മബന്ധം പുലര്‍ന്നിരുന്നു. ആദ്യ രണ്ട് ഗാനങ്ങള്‍ സുഗമമായി പിറവിയെടുത്തതോടെ ഇനി കാര്യങ്ങള്‍ തന്റെ ട്രാക്കിലേക്ക് കൊണ്ടുവരാമെന്ന് മങ്കൊമ്പിന് ബോധം ഉദിച്ചു. അങ്ങനെ ജനിച്ച പാട്ടുകളില്‍ ഒന്നാണ് കാളിദാസന്റെ കവിഭാവന.

ഭാഷയുടെ അതിര്‍വരമ്പുകള്‍ കടിഞ്ഞാണ്‍ ഇടാത്ത അത്യപൂര്‍വ്വ കലാകാരനായിരുന്നു രവീന്ദ്ര ജയിന്‍. പൊതുവേ അന്യഭാഷയില്‍ നിന്ന് വരുന്ന സംഗീത സംവിധായകര്‍ പാട്ടുകളുടെ വരികള്‍ ചെറുതായി വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോഴാണ് ത്രയംബകം വില്ലൊടിച്ചു പോലുള്ള പാട്ടുകള്‍ മലയാളത്തില്‍ ജനിക്കുന്നത്. തന്റെ പാട്ടുകളിലെ പ്രയോഗങ്ങള്‍ കടുകട്ടിയാണെന്ന് പറയുന്നവരുണ്ട്. പലതും പുരാണങ്ങളില്‍ നിന്ന് കടം കൊണ്ടു എന്നും സാരം. അത്തരം ചോദ്യങ്ങള്‍ക്ക് ഒരു മറുപടി മാത്രമേയുള്ളൂ. അക്കാലത്തെ സാഹിത്യ ഭീമന്മാരോടൊപ്പം പിടിച്ചുനില്‍ക്കണ്ടേ എന്നും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.

ബാഹുബലിയോടെ കഥ മാറുന്നു

80കളില്‍ തിരക്കേറിയ ഗാനചരയിതാവായി അദ്ദേഹം മാറി. സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയില്‍ പാട്ടുകളായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്.ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍ ചിലതാണ്.

കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗായകന്‍, പ്രൊഡ്യൂസര്‍ എന്നീ വിവിധ മേഖലകളില്‍ കൈവെച്ച വ്യക്തിത്വമാണ് അദ്ദേഹം. 'ചക്രായുധം' എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി രചിച്ചു കെജെ ജോയ് സംഗീതം ചെയ്ത 'മന്മഥറാണികളെ' എന്ന ഗാനം ആലചിപ്പിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.ടി ഹരിഹരന്‍ സംവിധാനം ചെയ്ത 'പൂമഠത്തെ പെണ്ണ്' എന്ന ചിത്രം നിര്‍മിച്ചു. പക്ഷേ അത് വിജയമായില്ല. അന്നും അന്യഭാഷാ ചിത്രങ്ങള്‍ മൊഴിമാറ്റുന്നതിലുടെയാണ്, മങ്കൊമ്പ് പിടിച്ചുനിന്നത്.

പക്ഷേ ജീവിതം മാറിമറിഞ്ഞത് ബാഹുബലിക്ക് ശേഷമാണ്. ബാഹുബലി 1, 2, ആര്‍ ആര്‍ ആര്‍ തുടങ്ങി നിരവധി ഹിറ്റ് തെലുങ്ക് ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതോടെ അദ്ദേഹത്തിന് വലിയ സാമ്പത്തിക നേട്ടവും, പാന്‍ ഇന്ത്യന്‍ അംഗീകാരവുമുണ്ടായി. ബാഹുബലി മൊഴിമാറ്റിയ ഭാഷകളില്‍വെച്ച് രാജമൗലിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മലയാളമായിരുന്നു.

മറ്റ് ഭാഷകളിലേക്ക് ചിത്രങ്ങള്‍ മൊഴിമാറ്റുമ്പോഴും എസ് എസ് രാജമൗലി മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഭാഷയും എഴുത്ത് റഫറന്‍സ് ആയി എടുക്കാറുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ എഴുത്തുകാരന്‍ എന്ന ക്രഡിറ്റും മങ്കൊമ്പിന് സ്വന്തം. 'വിസ്മയം', 'മിര്‍ച്ചി', 'സര്‍വാധിപന്‍', 'റിബല്‍', 'ടോസ്', 'ബില്ല ദ ഡോണ്‍', 'ഏയ് പ്രിയ', 'ദി ടാര്‍ഗറ്റ്', 'മണിയറക്കള്ളന്‍', 'അമര്‍ക്കുളം', 'യുവശക്തി', 'ഏയ് മാഡം', 'ഡൊമിനിക് പ്രസന്റേഷന്‍', 'ഇനിയൊരു പ്രണയകഥ', 'ബിഗ് ബോസ്', 'ഏയ് ഹീറോ', 'പ്രണവം', 'സിന്ദൂര' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഭാഷണം എഴുതി. പിന്നീട് വന്ന മൊഴിമാറ്റ ചിത്രങ്ങളും മങ്കൊമ്പ് എഴുതിയവും നോക്കിയാല്‍ അറിയാം ആ വ്യത്യാസം. 'വയലാര്‍ എഴുതുമോ' എന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്ന രീതിയിലുള്ള വികൃത മൊഴിമാറ്റങ്ങും ഒരിക്കലും മങ്കൊമ്പ് നടത്തിയിട്ടില്ല.

Tags:    

Similar News