ഐന്‍സ്റ്റീന്‍ കത്തെഴുതിയിട്ടും നെഹ്രു കുലുങ്ങിയില്ല, പാസ്‌പോര്‍ട്ട് പോലും വിലക്കി; പക്ഷേ യുദ്ധം വന്നപ്പോള്‍ ഇസ്രായേല്‍ ആയുധം നല്‍കി! ഫലസ്തീനൊപ്പം നിന്ന ഇന്ത്യ എങ്ങനെ നെതന്യാഹുവിന്റെ പ്രിയപ്പെട്ടവരായി? നെഹ്രുവിനും ഇന്ദിരയ്ക്കും കഴിയാത്തത് മോദി സാധിച്ചതെങ്ങനെ? ശത്രുതയില്‍ നിന്ന് ചങ്ങാത്തത്തിലേക്കുള്ള ആ 75 വര്‍ഷങ്ങള്‍

ശത്രുതയില്‍ നിന്ന് ചങ്ങാത്തത്തിലേക്കുള്ള ആ 75 വര്‍ഷങ്ങള്‍

Update: 2026-02-25 11:24 GMT

ന്യൂഡല്‍ഹി/ടെല്‍അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും നാളെയുമായി ഇസ്രയേലില്‍ സന്ദര്‍ശനം നടത്തുകയാണ്. 2017 ലാണ് ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. 2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തിനുശേഷം നിരവധി പാശ്ചാത്യ നേതാക്കള്‍ ഇസ്രായേലില്‍ നെതന്യാഹുവിനെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, വളരെ കുറച്ച് ഏഷ്യന്‍ നേതാക്കള്‍ മാത്രമേ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുള്ളൂ, ഇത് മോദിയുടെ സന്ദര്‍ശനത്തെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നുവെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.

കൂടാതെ നെതന്യാഹു തന്നെ ഈയിടെ വ്യക്തമാക്കിയത് ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം കൂടുതല്‍ ശക്തമാകാന്‍ പോകുന്നു എന്നും ഇന്ത്യ ഒരു ചെറിയ രാജ്യമല്ല വലിയൊരു ശക്തിയാണ് എന്നുമായിരുന്നു. 1.4 ബില്യണ്‍ ജനസംഖ്യയുളള രാജ്യമാണ് ഇന്ത്യ എന്ന കാര്യവും നെതന്യാഹു എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം എല്ലായ്‌പ്പോഴും ഇത്ര സുഖകരമായിരുന്നില്ല എന്നതാണ് വാസ്തവം.

പിണക്കവും ഇണക്കവും

പിണങ്ങി തുടങ്ങി ഒടുവില്‍ ഇണക്കത്തിലേക്കാണ് ഇരു രാജ്യങ്ങളും എത്തിച്ചേരുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍ കീഴില്‍, ഇന്ത്യ ഫലസ്തീന്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രയേല്‍ രൂപീകരണത്തെ ഇന്ത്യ അന്ന് എതിര്‍ക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപിതാവായ ഗാന്ധിജി തന്നെ ഇക്കാര്യത്തില്‍ ഫലസ്തീന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജൂതന്മാരെ ജര്‍മ്മനി പീഡിപ്പിച്ചതിന് ചരിത്രത്തില്‍ സമാനതകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, അറബികളുടെ മേല്‍ ജൂതന്മാരെ അടിച്ചേല്‍പ്പിക്കുന്നത് 'തെറ്റും മനുഷ്യത്വരഹിതവുമാണെന്നാണ് ഗാന്ധിജി വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1949 ല്‍ ഇന്ത്യ ഇസ്രായേലിന്റെ യുഎന്‍ അംഗത്വത്തിനെതിരെ വോട്ട് ചെയ്തിരുന്നു. 1950 കളില്‍ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചു. പക്ഷേ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ വിസമ്മതിച്ചു. ഇസ്രയേലിനെ അംഗീകരിക്കാന്‍ ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ പ്രേരിപ്പിച്ചവരില്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഉള്‍പ്പെടുന്നു. നെഹ്രുവിന് അദ്ദേഹം ഇക്കാര്യത്തില്‍ കത്തയച്ചിരുന്നു. നാല് പതിറ്റാണ്ടുകളായി, ഇസ്രായേലിലേക്കുള്ള യാത്രയ്ക്കായി ഇന്ത്യ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നത് പോലും വിലക്കിയിരുന്നു.

വഴുതി മാറി ഇന്ത്യ

എന്നാല്‍ 1962-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം നടന്നപ്പോള്‍ അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍-ഗുരിയോണ്‍ തന്റെ അനുകമ്പയും ആയുധങ്ങളും വാഗ്ദാനം ചെയ്ത് നെഹ്‌റുവിന് കത്തെഴുതി. ഇന്ത്യ, ഇസ്രായേലി ആയുധങ്ങളും യുദ്ധോപകരണങ്ങളും സ്വീകരിച്ചു എന്നാണ് പറയപ്പെടുന്നത്. 1965-ല്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ ഇസ്രായേല്‍ വീണ്ടും ഇന്ത്യയ്ക്ക് യുദ്ധോപകരണങ്ങള്‍ നല്‍കി. 1971 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചപ്പോഴും ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചു. ഇസ്രായേലിന് നയതന്ത്ര അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ ഇന്ദിരയ്ക്ക് കത്തെഴുതി, പക്ഷേ ഇന്ത്യ വഴങ്ങിയില്ല.

കൂടാതെ ഇന്ത്യ നയതന്ത്രപരമായി ഫലസ്തീനുമായി കൂടുതല്‍ അടുക്കുകയായിരുന്നു. 1974-ല്‍, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ ഫലസ്തീന്‍ ജനതയുടെ ഏക പ്രതിനിധിയായി അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യമായി ഇന്ത്യ മാറി. അടുത്ത വര്‍ഷം, പിഎല്‍ഒ ഇന്ത്യയില്‍ ഒരു ഓഫീസ് തുറന്നു. ആയിരക്കണക്കിന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി ഇന്ത്യയിലേക്ക് വന്നു. 1991 ല്‍ ഇന്ത്യയും ആഗോളവത്ക്കരണത്തിന്റെ പാതയിലേക്ക് തിരിയുന്നതിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളുമായി മികച്ച ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായി 1992 ല്‍ പ്രധാനമന്ത്രി ആയിരുന്ന നരസിംഹറാവു ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു.

ഇസ്രയേലിനോട് അടുക്കുന്നു

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍, ഇസ്രായേല്‍ ഇന്ത്യയെ സഹായിച്ചു. ലേസര്‍ ഗൈഡഡ് ബോംബ് കിറ്റുകളും മിസൈലുകളും നല്‍കി ഇസ്രായേല്‍ ഇന്ത്യയെ സൈനികമായി സഹായിച്ചു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍, ഇസ്രായേലിന്റെ പ്രതിരോധ ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി.

2014 ല്‍ മോദി അധികാരത്തില്‍ വന്നപ്പോള്‍, ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വലിയ തോതിലുള്ള ഉയര്‍ച്ചയാണ് ഉണ്ടായത്. 2015 ല്‍ മോദി സര്‍ക്കാരിനു കീഴില്‍, അന്നത്തെ ഇന്ത്യയുടെ പ്രസിഡന്റായിരുന്ന പ്രണബ് മുഖര്‍ജി, ഉഭയകക്ഷി സാമ്പത്തിക, പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റായി.

2017 ജൂലൈയില്‍ മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിലൂടെ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ഒരു വര്‍ഷത്തിനുശേഷം, 2018 ജനുവരിയില്‍ സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഇസ്രായേല്‍ കമ്പനികളും ശ്രമിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഹമാസും മറ്റ് പലസ്തീന്‍ ഗ്രൂപ്പുകളും നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രായേല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനുശേഷം, ഇസ്രായേല്‍ ആയിരക്കണക്കിന് ഇന്ത്യക്കാരെ അവരുടെ സ്ഥാനത്ത് ജോലിക്ക് നിയമിച്ചു.

Tags:    

Similar News