അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയും മുലായം സിങ് യാദവിന്റെ അനധികൃത സ്വത്തു കേസുകളും അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍; ബി.എസ്.എഫ് ഐ ജിയായി; എക്‌സൈസ് കമ്മീഷണറായി കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ വില്ലനായി; സൂംമീറ്റില്‍ യാത്രയയപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണം; പോലീസ് ആസ്ഥാനവും ശോകമൂകം
സൂംമീറ്റില്‍ യാത്രയയപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണം
തിരുവനന്തപുരം: മഹിപാല്‍ യാദവ് ഐപിഎസിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത കേരളാ പോലീസ് ആസ്ഥാനത്തെയും ശോകമൂകമാക്കി. ഇന്ന വിരമിക്കാന്‍ ഇരിക്കവേ ഔദ്യോഗിക യാത്രയയപ്പ് നിശ്ചയിച്ചിരിക്കവേയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിയുന്നത്. ഒരു മാസം മുമ്പ് വരെ എക്സൈസ് കമ്മീഷണര്‍ ആയിരുന്ന മഹിപാല്‍ യാദവ് കേരള ഐപിഎസ് നേതൃനിരയിലെ സൗമ്യമുഖമായിരുന്നു. അതുകൊണ്ട് തന്നെയാണ് സംസ്ഥാനത്ത് ഇല്ലെങ്കിലും യാത്രയപ്പ് നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തയാറെടുത്തത്.
ഈ മാസം 30ന് വിരമിക്കാനിരിക്കെ ചികിത്സക്കായാണ് അവധി എടുത്ത് നാട്ടിലേക്ക് പോയത്. ബ്രെയിന്‍ ട്യൂമര്‍ അടക്കമുള്ള അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇത് ഇത്രയും സീരിയസാണെന്ന് സഹപ്രവര്‍ത്തകരില്‍ പലരും അറിഞ്ഞിരുന്നില്ല. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആഘോഷപൂര്‍വമായ യാത്രയപ്പ് പോലീസിലെ പതിവാണ്. എന്നാല്‍ മഹിപാല്‍ യാദവ് രാജസ്ഥാനിലെ ജയ്പൂരില്‍ ചികിത്സയിലായിരുന്നതിനാല്‍ നേരിട്ട് എത്താന്‍ കഴിയുന്ന സ്ഥിതി ആയിരുന്നില്ല.
അനാരോഗ്യം അത്രയ്ക്ക് അദ്ദേഹത്തെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെയാണ് ഓണ്‍ലൈന്‍ യാത്രയപ്പ് എന്ന തീരുമാനം കൈക്കൊണ്ടതും. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ പോലീസ് അസ്ഥാനത്തെ ബോര്‍ഡ് റൂമില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. മാഹിപാല്‍ യാദവ് ജയ്പൂരില്‍ നിന്നും സൂം മീറ്റിങ്ങില്‍ പങ്കെടുത്തും യാത്രയയപ്പ് സംഘടിപ്പിക്കാനായിരുന്നു ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്.
ഇതിന്റെ മീറ്റിങ് ഐഡിയും പാസ്വേര്‍ഡും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകുയും ചെയ്തു. ഈ രീതിയില്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു മരണ വിവരം ബന്ധുക്കള്‍ ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ പോലീസ് ആസ്ഥാനത്തേക്കും ആ ദുഖം പടര്‍ന്നു.
1997 ബാച്ച് ഐപിഎസ് ഓഫിസറാണ് മഹിപാല്‍ യാദവ്. കേന്ദ്ര ഡപ്യൂട്ടേഷന്‍ അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയ മഹിപാല്‍ യാദവിനെ എക്‌സൈസ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. എസ് ആനന്ദകൃഷ്ണന്‍ വിരമിച്ച ഒഴിവിലായിരുന്നു നിയമനം. എന്നാല്‍ ഒരു മാസം മുന്‍പ് ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം മഹിപാല്‍ യാദവ് അവധിയില്‍ പോയ ഒഴിവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.
എറണാകുളം ഐ ജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എം ഡി എന്നീ നിലകളിലും മഹിപാല്‍ യാദവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. ആള്‍വാര്‍ സ്വദേശിയായ ഇദ്ദേഹം സി.ബി.ഐയില്‍ സേവനം ചെയ്യവേ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി, സമാജ് വാദി പാര്‍ട്ടി തലവനായ മുലായം സിങ് യാദവിന്റെ അനധികൃത സ്വത്ത്കേസ് എന്നീ സുപ്രധാന കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. 2018 മുതല്‍ ബി.എസ്.എഫ് ഐ.ജിയായി സേവനംചെയ്യുകയായിരുന്നു.