26 വര്‍ഷമായി മന്‍മോഹന്‍ സിങ്ങിനൊപ്പം; പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം കൂടി; പിന്നീട വിശ്വസ്തനായ സെക്രട്ടറിയായി; പ്രധാനമന്ത്രിയായപ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറിയും, പിന്നെ ഡയറക്ടറു; അന്നും ഇന്നും ഒപ്പം കോട്ടയം സ്വദേശി ജി.എം.പിള്ള
കോട്ടയം: ഓഫീസിലും വീട്ടിലും, രാഷ്ട്രീയത്തിലും തൊഴില്‍ രംഗത്തും ഒരുപോലെ മലയാളികളുടെ സാന്നിധ്യം മന്‍മോഹന്‍ സിംഗ് കാലഘട്ടത്തിന്റെ ഉദാഹരണമായി മാറിയിരുന്നു. മന്‍മോഹന്‍ സിംഗിന്റെ കാബിനറ്റില്‍ മാത്രം അല്ല, അന്നത്തെ രാഷ്ട്രീയവും ഭരണ സംവിധാനവും കേരളത്തിലെ പ്രതിഭകളുടെ ശക്തമായ ഇടപെടലുകളാല്‍ നിറഞ്ഞിരുന്നു. പൊതു ജീവിതത്തില്‍ മിന്നുന്ന മികവുള്ള മലയാളികള്‍ ഓഫീസില്‍ ജീവനക്കാരായും വീടുകളില്‍ നേതാക്കളായും അന്നത്തെ ദേശസാമ്പത്തിക മുന്നേറ്റത്തിന് പൂര്‍ണ്ണ പിന്തുണയാകുകയായിരുന്നു.
കഴിഞ്ഞ 26 വര്‍ഷമായി മന്‍മോഹന്‍ സിങ്ങിനൊപ്പം ഉണ്ടായിരുന്ന ഒരു വ്യക്തിയുണ്ട്. കോട്ടയം രാമപുരം സ്വദേശി ജി. മുരളീധരന്‍ പിള്ള എന്ന ജി.എം.പിള്ള. 1998 ല്‍ അദ്ദേഹം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവയിരുന്നപ്പോള്‍ മുതലാണ് ജി.എം.പിള്ള മന്‍മോഹന്‍ സിങ്ങിനൊപ്പം പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. പിന്നീട് എന്തിനും ഏതിനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തനായ സെക്രട്ടറിയായിരുന്നു. പിന്നീട് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ പത്ത് വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറിയായും, പിന്നെ ഡയറക്ടറായും ചുമതല വഹിച്ചിരുന്നു. പാലാ രാമപുരത്ത് ഇടയ്ക്കാനാല്‍ കുടുംബാംഗമായ മുരളി ദേശീയ സുരക്ഷാ സമിതിയില്‍ നിന്ന് ഡപ്യൂട്ടേഷനിലാണ് സിങ്ങിനൊപ്പം എത്തിയത്.
ജി.എം.പിള്ളയെ കൂടാതെ നിരവധി മലയാളികള്‍ മന്‍മോഹന്‍ സിങ്ങിന്റെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണിയും വയലാര്‍ രവിയും ഇ.അഹമ്മദും കെ.വി.തോമസും ശശി തരൂരും മുല്ലപ്പള്ളി രാമചന്ദ്രനും തുടങ്ങി കെ.സി.വേണുഗോപാല്‍ വരെയുള്ള മന്ത്രിമാര്‍. കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍, വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍, വാണിജ്യ സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള, നഗരവികസന സെക്രട്ടറി രാമചന്ദ്രന്‍, ആസൂത്രണ കമ്മിഷന്‍ ഉപദേഷ്ടാവ് പോള്‍ ജോസഫ്, സെക്രട്ടറി സുധ പിള്ള എന്നിങ്ങനെ പോകുന്നു സെക്രട്ടറിമാരുടെ നിര.
ഇതിനു പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു കെ. ജി. ബാലകൃഷ്ണനും ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും രാഷ്ട്രപതിയുടെ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസും അക്കാലത്ത് ഡല്‍ഹിയില്‍ നിര്‍ണായക സ്ഥാനങ്ങളിലുണ്ടായിരുന്നു.