ആധുനിക ഇന്ത്യയുടെ വഴികാട്ടിയായ സ്റ്റേറ്റ്‌സ്മാന്‍; ഇന്ത്യയെ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി മാറ്റിയ തന്ത്രജ്ഞന്‍; ലോകം ആരാധനയോടെ കണ്ട പ്രധാനമന്ത്രി; വിട പറഞ്ഞ മന്‍മോഹന്‍ സിംഗ് ആധുനിക ഇന്ത്യയുടെ ശില്‍പി

സോണിയ ഗാന്ധിയുടെ കളിപ്പാവയെന്ന രാഷ്ട്രീയ പരിഹാസത്തിലും പത്ത് വര്‍ഷം പ്രധാനമന്ത്രി

Update: 2024-12-26 17:28 GMT

ന്യൂഡല്‍ഹി: ഇന്ന് അതിവേഗം ഡിജിറ്റല്‍ രംഗത്ത് കുതിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിലേക്ക് വഴിമരുന്നിട്ട തന്ത്രജ്ഞനായിരുന്നു വിട പറഞ്ഞ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ലോകസാമ്പത്തിക രംഗത്തെ എണ്ണം പറഞ്ഞ ധനതന്ത്രജ്ഞരില്‍ ഒരാളായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ഏറ്റവും സൗമ്യമുഖമായിരുന്ന മന്‍മോഹന്‍ സിംഗ്. 1991-ലെ നരസിംഹ റാവു സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായാണ് മന്‍മോഹന്‍സിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം രാഷ്ട്രം എങ്ങനെ മുന്നോട്ടുപോകണം എന്ന കൃത്യമായ ധാരണയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ ഗവര്‍ണറായും പ്ലാനിങ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായും ജനീവ ആസ്ഥാനമായുള്ള സ്വതന്ത്ര സാമ്പത്തികനയ വിദഗ്ധരുടെ കൂട്ടായ്മയായ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറലായും മികവ് തെളിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം റാവു മന്ത്രിസഭയില്‍ അംഗമായത്.

മന്ത്രിസഭയിലേക്കുള്ള നരസിംഹ റാവുവിന്റെ ക്ഷണത്തെ പിന്നീട് രസകരമായ രീതിയില്‍ മന്‍മോഹന്‍ തന്നെ വിവരിച്ചിട്ടുമുണ്ട്. 'റാവു മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന ദിവസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്റെ അടുക്കലേക്ക് അയച്ചു. പ്രധാനമന്ത്രിക്ക് എന്നെ ധനമന്ത്രിയാക്കാന്‍ താല്പര്യമുണ്ടെന്നായിരുന്നു ലഭിച്ച സന്ദേശം. ഞാന്‍ അത് കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ റാവുവിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായി. സത്യപ്രതിജ്ഞയ്ക്ക് തയാറായി രാഷ്ട്രപതി ഭവനിലേക്ക് എത്താനായിരുന്നു നിര്‍ദേശം. ഇതായിരുന്നു എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം,' ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്ക് ടുള്ളിയോട് മന്‍മോഹന്‍ സിങ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് മന്‍മോഹന്‍ സിങ് മത്സരിച്ചിട്ടുള്ളത്. 1999ല്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പടുകയായിരുന്നു. അന്ന് ബിജെപിയുടെ പ്രൊഫ. വിജയ് കുമാര്‍ മല്‍ഹോത്രയോടായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ തോല്‍വി. 1991ല്‍ ധനമന്ത്രിയായി നാല് മാസത്തിനുശേഷമാണ് കോണ്‍ഗ്രസ് മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അഞ്ച് തവണയാണ് അസമിനെ പ്രതിനിധീകരിച്ച് മന്‍മോഹന്‍ സിങ് രാജ്യസഭയിലെത്തിയത്. 2019-ല്‍ രാജസ്ഥാനില്‍നിന്നാണ് മന്‍മോഹന്‍ പാര്‍ലമെന്റിലെത്തിയത്.

ആരോഗ്യസ്ഥിതി ഗുരുതരമായ അവസാന കാലങ്ങളില്‍ വീല്‍ചെയറിലായിരുന്നു അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ആ ചിത്രം. 91-ല്‍ ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്ന തലക്കെട്ട് മന്‍മോഹന്‍ സിങ്ങിന് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്ത ലൈസന്‍സ് രാജ് റദ്ദാക്കിയതായിരുന്നു സുപ്രധാന നടപടികളിലൊന്ന്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉദാരമാക്കി. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്ത് (2004-09, 2009-14) എത്തിയപ്പോഴും വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികളായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയത് മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ്.

ഇന്നും രാജ്യത്തെ സാധാരണക്കാരന് തങ്ങായ പദ്ധതികളുടെ ശില്‍പ്പി കൂടിയാണ് മന്‍മോഹന്‍ സിംഗ്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി - എംഎന്‍ആര്‍ഇജിഎ) ഉള്‍പ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായുള്ള വിദ്യാഭ്യാസ അവകാശം നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയത് 2009-ലാണ്. 2010-ലാണ് നിയമം നിലവില്‍ വന്നത്. ഇതോടെ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി കണക്കാക്കുന്ന ലോകത്തിലെ 135 രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. ഇന്തോ - അമേരിക്ക ആണവ കരാര്‍, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ സുപ്രധാന നീക്കങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇന്തോ - അമേരിക്ക ആണവ കരാറിലായിരുന്നു മന്‍മോഹന്‍ സിങ് വലിയ രാഷ്ട്രീയ പരീക്ഷണം നേരിടേണ്ടി വന്നത്. ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്താണ് ആണവ കരാറിന്റെ തുടക്കം. 2005-ല്‍ മന്‍മോഹന്‍ സിങ്ങും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ചേര്‍ന്ന് ആണവക്കരാറില്‍ ഏര്‍പ്പെടാനുള്ള കരാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും സാമൂഹിക പ്രവര്‍ത്തകരില്‍നിന്നും വലിയ എതിര്‍പ്പ് മന്‍മോഹന്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അന്ന് യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഇടതു പാര്‍ട്ടികളുടെയും സമാജ്‌വാദി പാര്‍ട്ടി(എസ് പി)യുടെയും എതിര്‍പ്പായിരുന്നു. അന്നത്ത രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമുമായുള്ള ചര്‍ച്ചയ്ക്കുശേഷം എസ് പിയുടെ നിലപാടില്‍ മാറ്റമുണ്ടായി. പക്ഷേ, ഇടതുപക്ഷം ശക്തമായ എതിര്‍പ്പ് തുടരുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

ഇതോടെ ഭരണം നിലനിര്‍ത്താന്‍ മന്‍മോഹന്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ട സ്ഥിതിയുണ്ടായി. വിശ്വാസ വോട്ടെടുപ്പില്‍ (275256) വിജയിച്ച് ഭരണം നിലനിര്‍ത്താന്‍ മന്‍മോഹന്‍ സര്‍ക്കാരിനായി. പ്രതിപക്ഷത്തായിരുന്ന ബിജെപിയുടെ 10 എംപിമാര്‍ യുപിഎ സര്‍ക്കാരിന് അനുകൂലമായായിരുന്നു അന്ന് വോട്ട് ചെയ്തത്. പിന്നീട് 2009ല്‍ ഇടതു പിന്തുണയില്ലാതെയാണ് മന്‍മോഹന്‍ സിങ് അധികാരത്തിലെത്തിയത്.

ഒരു വശത്ത് ചരിത്രപരമായ നേട്ടങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും വിമര്‍ശനങ്ങളും അഴിമതി ആരോപണങ്ങളും മന്‍മോഹന്‍ സര്‍ക്കാരിനെ തേടിയെത്തിയിട്ടുണ്ട്. അഴിമതി, വിലക്കയറ്റം തുടങ്ങിയ വലിയ വെല്ലുവിളികള്‍ ഭരണത്തിന്റെ അവസാനകാലത്ത് നേരിടേണ്ടി വന്നു. 2 ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിങ്ങനെ നീളുന്നു പട്ടിക.

സോണിയ ഗാന്ധിയുടെ കളിപ്പാവ മാത്രമാണ് മന്‍മോഹന്‍ സിങ് എന്ന് പ്രതിപക്ഷത്തിന്റെ പരിഹാസവും പിന്നാലെയെത്തി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ ആധികാരികമായി മറികടന്നായിരുന്നു 2019ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയത്.

അധ്യാപകനില്‍നിന്ന് പ്രധാനമന്ത്രി പദം വരെ എത്തിയ യാത്ര

പഠനത്തിന് ശേഷം ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് നെഹ്‌റുവിന്റെ വിശ്വസ്തനായ പാര്‍ലമെന്ററി സെക്രട്ടറി ലളിത് നാരായണ്‍ മിശ്ര മന്‍മോഹനെ വാണിജ്യ-വ്യവസായ വകുപ്പില്‍ ഉപദേശകനായി നിയമിക്കുന്നത്. ഇരുപത് വര്‍ഷത്തോളം സര്‍ക്കാരിന്റെ പല സ്ഥാനത്തും മന്‍മോഹന്‍സിങ് ഉണ്ടായിരുന്നു. 1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, 1972 -ല്‍ ചീഫ് എക്കണോമിക് അഡൈ്വസര്‍, 1976-ല്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍, 1982 -ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, 1985 -ല്‍ കേന്ദ്ര ആസൂത്രണകമ്മീഷന്‍ ചെയര്‍മാന്‍, 1987-ല്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, 1991-ല്‍ പ്രധാനമന്ത്രിയുട സാമ്പത്തിക ഉപദേഷ്ടാവ്, അതേവര്‍ഷംതന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍...ഇതിനിടെ ലോക വ്യാപാരസംഘടനയിലും ലോകബാങ്കിലും നിര്‍ണായക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുജിസി ചെയര്‍മാനായിരിക്കെയാണ് റാവു തന്റെ മന്ത്രിസഭയിലേക്ക് മന്‍മോഹനനെ ക്ഷണിക്കുന്നത്. ധനമന്ത്രിയായ ശേഷമാണ് മന്‍മോഹന്‍ രാജ്യസഭയിലൂടെ പാര്‍ലമന്റ് അംഗമാകുന്നത്.

'ഓഫീസിലിരിക്കുകയായിരുന്ന തന്നോട് കുളിച്ച് വേഷം മാറി സത്യപ്രതിജ്ഞ ചെയ്യാനെത്താന്‍ പ്രധാനമന്ത്രി നരസിംഹ റാവു ആവശ്യപ്പെടുകയായിരുന്നെ'ന്ന് മന്‍മോഹന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കര്‍ക്കശക്കാരനായ ബ്യൂറോക്രാറ്റില്‍ നിന്ന് രാഷ്ട്രീയക്കളികള്‍ അറിയുന്ന നേതാവാകാന്‍ മന്‍മോഹന്‍ ഒരിക്കലും മെനക്കെട്ടില്ല. വമ്പന്‍ ഗ്രൂപ്പ് പോരുകളും പാര്‍ട്ടി പ്രശ്‌നങ്ങളും നടക്കുമ്പോഴും മന്‍മോഹന്‍ സിങ് തന്റെ ജോലിയില്‍ വ്യാപൃതനായി. രാഷ്ട്രീയക്കളികളില്‍ മനംമടുത്ത് ധനമന്ത്രിയായി ആദ്യവര്‍ഷം തന്നെ രണ്ട് തവണയാണ് (രാസവള വില കൂട്ടുന്നത് സമ്മതിക്കാതിരുന്നപ്പോള്‍, ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്തെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചപ്പോള്‍) മന്‍മോഹന്‍ രാജിക്കൊരുങ്ങിയത്. പാര്‍ലമെന്റില്‍ റാവു ക്ലീന്‍ ചിറ്റ് നല്‍കിയാണ് മന്‍മോഹന്‍ സിങ്ങിന്റെ മനംമാറ്റിയത്.

അന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ലൈസന്‍സ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും വിദേശനിക്ഷേപത്തിനായി വിപണികള്‍ തുറന്നിടാനും മന്‍മോഹന്‍ സിംഗ് നിര്‍ബന്ധിതനായി.നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണ്ടിവന്നാല്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമാണ് മന്‍മോഹന്‍ സിങ് അന്ന് നടപ്പാക്കിയത്. ഉദാരവല്‍ക്കരണം പ്രശംസയേക്കാളേറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിതുറന്നത്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു ധനതന്ത്രജ്ഞന് രാജ്യത്തെ സുപ്രധാന പദവി നല്‍കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വരെ വിമര്‍ശനമുയര്‍ന്നു. ചൈനയിലെ നേതാവായിരുന്ന ഡെന്‍ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രിയായിരുന്ന പി.ചിദംബരം മന്‍മോഹന്‍ സിങ്ങിനെ ഉപമിച്ചത്. ലോക ബാങ്കിന്റേയും ഐ.എം.എഫിന്റേയും നയങ്ങളാണ് മന്‍മോഹന്‍ നടപ്പാക്കുന്നതെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും വിമര്‍ശനമുയര്‍ന്നു. പക്ഷേ, ചിദംബരമടക്കം പിന്നീട് വന്ന മുഴുവന്‍ ധനമന്ത്രിമാരും ഉദാരവത്കരണം ശക്തമാക്കുകയാണുണ്ടായത് എന്നതും മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങള്‍ 'മന്‍മോഹനോമിക്‌സ്' എന്ന പേരില്‍ പ്രശസ്തമായതും മറ്റൊരു ചരിത്രം.

2004-ല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് ഇടത് പിന്തുണയോടെ രൂപീകരിച്ച ഒന്നാം യു.പി.എ. സര്‍ക്കാരില്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് എത്തുന്നത് വലിയ രാഷ്ട്രീയ നാടകത്തിനൊടുവിലാണ്. പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം നിര്‍ദേശിച്ചത് സോണിയ ഗാന്ധിയെ ആയിരുന്നു. ഒരു വിദേശവനിത രാജ്യത്തിന്റെ പ്രധാനമന്ത്രിയാകേണ്ടെന്ന നിലപാടില്‍ ബി.ജെ.പി. വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. തന്റെ പേരില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാവരുതെന്ന് ഉറപ്പിച്ച് പറഞ്ഞ സോണിയ പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന നിലപാടെടുത്തു. അഴിമതിക്കേസില്‍ അകപ്പെട്ടാല്‍ പോലും രാജിവെക്കാത്ത മന്ത്രിമാര്‍ക്കിടയില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് തലയുയര്‍ത്തി നിന്ന സോണിയയുടെ ആ തീരുമാനത്തെ 'ത്യാഗ' മെന്നാണ് അന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സോണിയ അല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തിന് രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ മന്‍മോഹന്‍ സിങ് എന്ന ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.

Tags:    

Similar News