മനസ്സിലൂടെ ഓടുന്ന ചിന്തകളെ പോലും വരികളില്‍ പ്രതിഫലിപ്പിച്ച പ്രതിഭ; നിളാ നദിക്ക് വേണ്ടി വാദിച്ച പരിസ്ഥിതി വാദി; സംവിധായകനായും തിരിക്കഥാ കൃത്തായും ഗാനരചിയിതാവായും സിനിമകളില്‍ കര്‍മ്മ യോഗിയായി; എഴുത്തിലെ സകലകലാവല്ലഭന്‍; ജ്ഞാനപീഠവും പത്മഭൂഷണും അടക്കം അംഗീകാരം; എംടിയെന്ന രണ്ടക്ഷരം മാഞ്ഞു; എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു
കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍. 91-ാം വയസിലാണ് മലയാളിയുടെ പ്രിയ സാഹിത്യകാരന്റെ വിടവാങ്ങല്‍. 1995ല്‍ രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005-ല്‍ എം. ടി. യെ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു. 2013-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നല്‍കി. പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌ക്കാരം എം ടിക്ക് ലഭിച്ചു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും രാജ്യം ആദരവ് കാട്ടിയ എഴുത്തുകാരനാണ് വിടവാങ്ങുന്നത്.
നാട്ടിന്‍ പുറത്തിന്റെ നിഷ്‌കളങ്കമായ സൗന്ദര്യമാണ് എംടി കഥകളുടെ പ്രത്യേകത. എഴുത്തിലെ പുതുതലമുറക്കാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ പിശുക്കും കാട്ടിയില്ല. മനസിലൂടെ ഓടുന്ന ചിന്തകളെ പോലും വാക്കുകളിലൂടെ പുതിയ തലത്തിലേക്ക് എത്തിച്ചു എംടി. എന്തിനേയും സൂക്ഷ്മമായും സമഗ്രമായും പഠിക്കുകയും അന്വേഷിക്കുകയും ചെയ്ത് സൃഷ്ടികളെ മഹത്തരമാക്കി. മലയാള സാഹിത്യത്തിലെ കുലപതിയായി എംടി വളര്‍ന്നു. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും യാദൃശ്ചികതകളും അസ്തിത്വ പ്രതിസന്ധികളുമെല്ലാം കൃതികളിലൂടെ ചര്‍ച്ചയാക്കി എംടി. നോവലും കഥയും സിനിമാ പാട്ടും തിരക്കഥയും സിനിമാ സംവിധാനവുമല്ലാം വഴങ്ങി. തൊട്ടതെല്ലാം പൊന്നാക്കിയാണ് എംടിയുടെ അരങ്ങൊഴിയല്‍.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായി. ഇതിനിടെ ഹൃദയ സത്ംഭനവും വന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുന്നത് ചികില്‍സയെ പ്രതികൂലമായി ബാധിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എംടി വാസുദേവന്‍ നായര്‍. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു. ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. വ്യാഴാഴ്ച രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ടായിരുന്നു.
1933 ജൂലൈ 15നാണ് കൂടല്ലൂരില്‍ ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായി എംടി ജനിച്ചത്. ജന്മനക്ഷത്രം കര്‍ക്കടകത്തിലെ ഉത്തൃട്ടാതിയാണ്. അദ്ദേഹത്തിന്റെ നവതി മലയാളക്കര ഉത്സവമായാണ് കൊണ്ടാടിയത്. അല്ലാത്ത പിറന്നാളുകളൊന്നും എംടി ആഘോഷിക്കുക പതിവുണ്ടായിരുന്നില്ല. അദ്ധ്യാപകന്‍, പത്രാധിപര്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സ്‌കൂള്‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.
1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്നു. 'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്'ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം','ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1963-64 കാലത്ത് സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത 'നിര്‍മാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.
ഇതുകൂടാതെ 'കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്),'രണ്ടാമൂഴം'(1984വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്‌കാരവും എം.ടിക്ക് തന്നെയായിരുന്നു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ല്‍ പത്മഭൂഷണ്‍ നല്‍കി എം.ടിയിലെ പ്രതിഭയെ ഭാരതസര്‍ക്കാര്‍ ആദരിക്കുകയുണ്ടായി.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതല്‍ തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവന്‍നായര്‍ എന്ന സാഹിത്യകാരന്‍ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ 'കണ്ണാന്തളിപൂക്കളുടെ കാലം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുഞ്ചത്ത് പറമ്പിന്റെ ചെയര്‍മാനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.