ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം 'കാലത്തിന്റെ' നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്‍കിയതും സുവര്‍ണ്ണ കാലം
കോഴിക്കോട്: ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമ പ്രവര്‍ത്തനം. പക്ഷേ പത്രാധിപരായ എംടി വാസുദേവന്‍ നായര്‍ വാര്‍ത്തകളില്‍ ആയിരുന്നില്ല ശ്രദ്ധ പതിപ്പിച്ചത്. എംടി അപ്പോഴും കൈപിടിച്ചുയര്‍ത്തിയത് മലയാള സാഹിത്യത്തെയായിരുന്നു. പത്രാധിപര്‍ എന്ന നിലയില്‍ എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ട കാലം മലയാള സാഹിത്യത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയ കാലമായിരുന്നു. പില്‍ക്കാലത്ത് മലയാള സാഹിത്യത്തിന്ന മുതല്‍ക്കൂട്ടായി മാറിയ എത്രയെത്ര കൃതികളാണ് ഉആ തൂലികത്തുമ്പിലൂടെ കടന്നുപോയത്.
മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ വളര്‍ച്ചക്ക് ഒപ്പം നില്‍ക്കുകയും മലയാള സാഹിത്യമേഖലയെ പുതുവഴിയിലൂടെ നടത്തുകയും ചെയ്ത ഒരു പത്രാധിപരായിരുന്നു എം.ടി. മലയാളത്തിനു പുറമെ, ഇന്ത്യയിലെ ഇതര ഭാഷകളില്‍ പ്രത്യേകിച്ച് ബംഗാളി, പഞ്ചാബി, മറാഠി, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ ഉണ്ടായിക്കൊണ്ടിരുന്ന മികച്ച സാഹിത്യസൃഷ്ടികള്‍, അതിന്റെ ശക്തിയും സൗന്ദര്യവും ചോര്‍ന്നുപോകാതെ അതാതു മേഖലകളിലെ വിദഗ്ദ്ധരെക്കൊണ്ട് തര്‍ജ്ജമ ചെയ്യിച്ച് അവ ആഴ്ചപ്പതിപ്പില്‍ നിരന്തരം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് എം.ടിയുടെ കാലത്താണ്.
പതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ഈ നോവലുകളില്‍ തൊണ്ണൂറു ശതമാനവും പിന്നീടു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഏറ്റവും വില്‍പ്പനയുള്ള പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം നേടി എന്നതും അത്ഭുതകരമാണ്. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ഈ പുസ്തകങ്ങളെല്ലാം ഇപ്പോഴും ഏറ്റവും വില്‍പ്പനയുള്ള കൃതികളായി തുടരുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്താനും, അവരില്‍നിന്നു മികച്ചതു കണ്ടെടുക്കാനും എം.ടിയോളം ഉത്സാഹിച്ച പത്രാധിപര്‍ ഉണ്ടാവില്ല. ഇടയ്ക്കിടെ കഥകള്‍ പ്രസിദ്ധീകരിച്ചതുകൊണ്ടോ, നോവല്‍ പ്രസിദ്ധീകരിച്ചതുകൊണ്ടോ അതു പിന്നീടെഴുതുന്നതെല്ലാം പ്രസിദ്ധീകരിക്കാനുള്ള അവകാശമായി ആരും കരുതേണ്ടെന്ന് എം.ടി. എഴുത്തുകാരെ സൃഷ്ടികള്‍ തിരിച്ചയയ്ക്കുന്നതിലൂടെ ഓര്‍മപ്പെടുത്തുമായിരുന്നു.
1950 കളിലാണ് എം.ടി, എന്‍.വി.കൃഷ്ണവാര്യരുടെ കൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പൂര്‍ണചുമതല എം.ടിക്കു ലഭിച്ചതോടെ മാതൃഭൂമിക്ക് പുതിയൊരു മുഖം കൈവരികയായിരുന്നു. തുടര്‍ന്ന്് ആഴ്ചപ്പതിപ്പില്‍ പല പുതിയ മുഖങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. കഥയിലെ കുറവുകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കുകയും തുടര്‍ന്നെഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന് പതിവായിരുന്നു. എം.ടി. പത്രാധിപരായതിനുശേഷം മലയാളികളുടെ വായനാശീലത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു.
മറ്റു ഭാഷകളിലെ മികച്ച സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്ത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ മലയാള നോവലുകള്‍ക്കൊപ്പമോ അതില്‍ക്കൂടുതലോ വായനക്കാര്‍ അതിനുണ്ടാവാന്‍ തുടങ്ങി. നേരത്തേ ബംഗാളി, പഞ്ചാബി, കന്നട എന്നീ ഭാഷകളിലെ എഴുത്തുകാരെ മലയാളികള്‍ക്കു പരിചിതമായിരുന്നുവെങ്കിലും മറാഠി സാഹിത്യം ഇത്രമാത്രം ഔന്നത്യമുള്ളതാണെന്നു യയാതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് മലയാളി തിരിച്ചറിയുന്നത്. യയാതി പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ ഓരോ ആഴ്ചയും ആഴ്ചപ്പതിപ്പിന്റെ സര്‍ക്കുലേഷന്‍ കൂടിക്കൂടിവന്നു. ആഴ്ചപ്പതിപ്പ് അതിന്റെ ഏറ്റവും ഉയരത്തില്‍ എത്തിയ കാലഘട്ടം കൂടിയായിരുന്നു അത്.
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിനും എല്ലാം എം.ടി എന്ന പത്രാധിപരുടെ കൈയ്യൊപ്പ് കാണാം. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ യുവജനങ്ങള്‍ക്കിടയില്‍ അന്ന് ഒരു ഹരമായി മാറിയിരുന്നു. കെ. സുരേന്ദ്രന്‍ എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ ഏറ്റവും മികച്ച രണ്ടു നോവലുകള്‍ ശക്തിയും മരണം ദുര്‍ബ്ബലവും ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെ അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തിയും സൗന്ദര്യവും വായനക്കാര്‍ തിരിച്ചറിഞ്ഞു. പുനത്തില്‍ കുഞ്ഞബ്ദുള്ള ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ എം.ടിയുടെ പ്രോത്സാഹനം ഏറെ
ഏറ്റുവാങ്ങിയവരാണ്.
തന്നിലുള്ള എഴുത്തുകാരനെക്കുറിച്ചുള്ള പൂര്‍ണമായ ആത്മവിശ്വാസത്തോടെയാണ് എം.ടി. പത്രാധിപരായിരുന്നതെന്ന് കെ.സി. നാരായണനെ പോലുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ നിരീക്ഷിച്ചിരുന്നു. എഴുത്തില്‍ ആര് പൊങ്ങിവന്നാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. സാഹിത്യപത്രാധിപരായിരുന്നപ്പോഴും പത്രപ്രവര്‍ത്തനം ജനങ്ങളുടെ ഭാഗത്തുനിന്ന് തുടങ്ങണമെന്ന് പഠിപ്പിച്ചത് എം.ടി.യായിരുന്നു എന്ന് പറയുന്നവരുമുണ്ട്. 'ഖസാക്കിന്റെ ഇതിഹാസം' പ്രസിദ്ധീകരിച്ച അതേ കാലത്തുതന്നെയാണ് എം.ടി.യുടെ 'കാലം' കേരളശബ്ദം വാരികയില്‍ പ്രസിദ്ധീകരിച്ചത്.
രണ്ടു പുസ്തകങ്ങളുടെയും നിരൂപണം എം.ടി. പത്രാധിപരായ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടാണ് കാലം എന്നെ അസ്വസ്ഥപ്പെടുത്താത്തത് എന്ന് നിരൂപണത്തില്‍ കെ.പി. നിര്‍മല്‍കുമാര്‍ എഴുതിയത് എം.ടി. അതേപോലെ പ്രസിദ്ധീകരിച്ചു. തന്റെ കൃതിക്കെതിരായ നിരൂപണം പ്രസിദ്ധീകരിക്കാനുള്ള ധൈര്യമാണ് എം.ടി. എന്ന പത്രാധിപരുടെ മേന്മ.