'മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്.... ആഘോഷമാണ്'; 'സ്വര്‍ഗം തുറക്കുന്ന സമയ'ത്തില്‍ ഇങ്ങനെ എഴുതിയ കഥാകാരന്‍ ജീവിതം നീട്ടിയെടുക്കാന്‍ വെന്റിലേറ്റര്‍ വേണ്ടെന്ന് വച്ചു; മരണമെന്ന സത്യത്തെ ആര്‍ഭാടങ്ങളില്ലാതെ ഏറ്റുവാങ്ങി; പൊതുദര്‍ശനം പോലും വേണ്ടെന്ന് വച്ച ഇതിഹാസം; എംടി കലാതീതന്‍
കോഴിക്കോട്: 'മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്'. 'സ്വര്‍ഗം തുറക്കുന്ന സമയ'ത്തില്‍ എം.ടി ഇങ്ങനെ പറയുന്നു. പക്ഷേ തന്റെ മരണത്തില്‍ എംടി അതൊന്നും ആഗ്രഹിച്ചില്ല. വിടവാങ്ങലിന് വിഖ്യാത സാഹത്യകാരന്‍ തിരഞ്ഞെടുത്തത് യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനമാണ്. പ്രത്യാശകള്‍ അവസാനിക്കുന്നില്ലെന്ന് ലോകം വിളിച്ചു പറയുന്ന ദിവസം അക്ഷരങ്ങളെ വിപ്ലവത്തിന് ആയുധമാക്കിയ എഴുത്തുകാരന്‍ വിടവാങ്ങുന്നു. സാഹിത്യകാരനായും സിനിമാക്കാരനായും പത്രാധിപരായും സംഭാവനകള്‍ നല്‍കിയ എംടി. പക്ഷേ പൊതു ദര്‍ശനം പോലും വേണ്ടെന്ന് നേരത്തെ കുടുംബത്തെ അറിയിച്ചാണ് മടങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആഘോഷങ്ങള്‍ മരണത്തിലും പാടില്ലെന്ന് എംടി ആഗ്രഹിച്ചിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ സൗകര്യം പോലും എംടിയ്ക്ക് അംഗീകരിക്കാവുന്നതിലും അപ്പുറമായിരുന്നു. മരണമെന്ന സത്യത്തെ നിര്‍ഭയം ഏറ്റുവാങ്ങിയ കഥാകാരന്‍ ആര്‍ഭാടങ്ങളൊന്നും വേണ്ടെന്ന് വച്ച് മടങ്ങുകയാണ്. തന്റെ രചനകളിലൂടെ കാലത്തെ അതിജീവിച്ചും എംടിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. കലാതീതനായി എംടി നിലകൊള്ളുമെന്നത് ഉറപ്പ്.
വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. എം. സ്വരാജ്, എം.എന്‍ കാരശ്ശേരി, ഷാഫി പറമ്പില്‍ എം.പി, മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ വീട്ടിലെത്തി. മോഹന്‍ലാലും എംടിയ്ക്ക് ആദരാജഞലി അര്‍പ്പിക്കാന്‍ എത്തി. വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു എം.ടിയുടെ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.
എംടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആരാധകര്‍ അടക്കം വന്‍ ജനാവലി എത്തിയിരുന്നു. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് 5ന് മാവൂര്‍ പൊതുശ്മശാനത്തിലാണു സംസ്‌കാരം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കും. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായി 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടി ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌ക്കൂള്‍, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാരചയിതാവ്, ചലച്ചിത്രസംവിധായകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് എം.ടി. 1956 മുതല്‍ 1968 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നെ പ്രധാനപത്രാധിപര്‍. 1981-ല്‍ വിരമിച്ചു. വീണ്ടും 1988ല്‍ മാതൃ ഭൂമി പീരിയോഡിക്കല്‍സ് എഡിറ്ററായി ജോലി ചെയ്തു. ആദ്യത്തെ കഥ 1948-ല്‍ പ്രസിദ്ധപ്പെടുത്തി. മലയാളകഥാ- നോവല്‍ സാഹിത്യരംഗത്തു തനതായ ഒരു മാര്‍ഗംതുറന്ന എം.ടിയുടെ രചനകള്‍ സാമൂഹിക ബന്ധങ്ങളിലെ പൊരുത്തക്കേടുകളും തകര്‍ച്ചകളും ദുരന്ത ങ്ങളും ചിത്രീകരിക്കുന്നവയാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ച നാലുകെട്ട് (നോവല്‍), കിളിവാതിലിലൂടെ (ഉപന്യാസം), ഗോപുരനടയില്‍ (നാടകം), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, പാതിരാവും പകല്‍വെളിച്ചവും, ആള്‍ക്കൂട്ടത്തില്‍ തനിയെ, മനുഷ്യര്‍ നിഴലുകള്‍ തുടങ്ങിയവയാണ് മുഖ്യകൃതികള്‍. കൃതികള്‍ പലതും ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ് എന്നീ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പഞ്ചാഗ്‌നി, ഒരു വടക്കന്‍ വീരഗാഥ, ഓളവും തീരവും തുടങ്ങി അനേകം ചലച്ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതി. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ്, പൂനെയിലെ ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി എന്നിവയില്‍ അംഗമായിരുന്ന എം.ടി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെയും മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെയും നേതാജി സുഭാഷ് ഓപ്പണ്‍ സര്‍വകലാശാല യുടേയും ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഓളവും തീരവും, നിര്‍മാല്യം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, കടവ്, പരിണയം, ദയ, പഴശ്ശിരാജ എന്നീ സിനിമകള്‍ മികച്ച തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി.
ഓപ്പോള്‍, അനുബന്ധം, ആരൂഢം, സുകൃതം എന്നീ സിനിമകള്‍ക്കു മികച്ച കഥ യ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിര്‍മാല്യത്തിനു മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചു.