കഥാപാത്രത്തിന് പൂര്‍ണ്ണത നല്‍കാന്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യയിലെത്തി യോഗ അഭ്യസിച്ച നടന്‍; ബ്രിട്ടീഷ് നടന്‍ ടെറെന്‍സ് സ്റ്റാമ്പ് അന്തരിച്ചത് എണ്‍പത്തിയേഴാം വയസ്സില്‍; സൂപ്പര്‍മാന്റെ വില്ലന്‍ ജനറല്‍ സോഡ് വിടവാങ്ങുമ്പോള്‍
ലണ്ടന്‍: സൂപ്പര്‍മാന്‍, സൂപ്പര്‍മാന്‍ 2 സിനിമകളില്‍ സൂപ്പര്‍മാന്റെ പ്രധാന വില്ലനായ ജനറല്‍ സോഡ് എന്ന കഥാപാത്രത്തിന് ജീവനേകിയ പ്രമുഖ ബ്രിട്ടീഷ് നടന്‍ ടെറെന്‍സ് സ്റ്റാമ്പ് ഇന്നലെ അന്തരിച്ചു. 87 വയസ്സായിരുന്നു. 1968 ല്‍ പുറത്തിറങ്ങിയ പിയര്‍ പാവ്‌ലോ പസോലിനിയുടെ തിയോറെം , 1971 ല്‍ പുറത്തിറങ്ങിയ എ സീസണ്‍ ഇന്‍ ഹെല്‍, ദി അഡ്വെഞ്ചേഴ്സ് ഓഫ് പ്രിസില്ല തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അദ്ദേഹത്തെ ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ ക്യൂന്‍ ഓഫ് ദി ഡെസെര്‍ട്ടില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയുടെ വേഷം ചെയ്തു കൊണ്ട് അദ്ദേഹം വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒരു നടന്‍ എന്നതിനോടൊപ്പം തന്നെ ഒരു എഴുത്തുകാരന്‍ എന്ന നിലയിലും അനേകര്‍ക്ക് പ്രചോദനമായി വര്‍ത്തിച്ച അദ്ദേഹത്തിന്റെ മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ തന്നെയാണ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. 1938 ല്‍ ലണ്ടനിലെ ഈസ്റ്റ് എന്‍ഡില്‍ ജനിച്ച അദ്ദേഹം ആദ്യം പരസ്യ രംഗത്തായിരുന്നു ജോലി ചെയ്തത്. പിന്നീട് സ്‌കോളര്‍ഷ്ഗിപ്പോടെ ഡ്രാമാ സ്‌കൂളില്‍ അഭിനയ പഠനത്തിന് ചേരുകയായിരുന്നു. ആകാര ഭംഗിയും മികച്ച ഡ്രസിംഗ് സെന്‍സും കൈമുതലായ അദ്ദേഹവും പ്രമുഖ ബ്രിട്ടീഷ് നടി ജൂലീ ക്രിസ്റ്റിയും അക്കാലത്തെ വെള്ളിത്തിരയിലെ മികച്ച താരജോഡികളായിരുന്നു.
1967 ല്‍ പുറത്തിറങ്ങിയ ഫാര്‍ ഫ്രം ദി മാഡിംഗ് ക്രൗഡ് എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ഈ താരജോഡികളെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കിയത്. നടന്‍ ഷോണ്‍ കോണറിക്ക് ശേഷം ജെയിംസ് ബോണ്ടായി അഭിനയിക്കുന്നതിന് അദ്ദേഹം ഏറെ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് അദ്ദേഹം ഇറ്റാലിയന്‍ സിനിമകളില്‍ വേഷങ്ങള്‍ ചെയ്തു. പിന്നീട് ഏറെക്കാലം അഭിനയ രംഗത്ത് നിന്നും വിട്ട് നിന്ന് ഇന്ത്യയിലെത്തി യോഗ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം തന്നെ വിശ്വ പ്രസിദ്ധനാക്കിയ ജനറല്‍ സോഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
1978 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍, 1980 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ 2 എന്നീ ചിത്രങ്ങളിലെ, ക്രിപ്‌റ്റോണ്‍ ഗ്രഹത്തില്‍ നിന്നെത്തിയ സംഘത്തിന്റെ അധികാരോന്മദനായ നേതാവായ ജനറല്‍ സോഡ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ആഗോളാടിസ്ഥാനത്തില്‍ പ്രശസ്തനാക്കിയത്. ഇന്ത്യയിലെ ഒരു ആശ്രമത്തില്‍ താന്ത്രിക് സെക്സ് ഗുരുവായി ചേരാനിരിക്കവെയാണ് സൂപ്പര്‍മാന്‍ സിനിമയിലെക്ക് തന്നെ തെരഞ്ഞെടുത്ത വിവരം ലണ്ടനിലെ ഏജന്റ് വഴി താന്‍ അറിയുന്നതെന്ന് അദ്ദേഹം നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
തൊട്ടടുത്ത ദിവസം തന്നെ താന്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. എട്ടു വര്‍ഷം അഭിനയ രംഗത്തു നിന്നും ഇടവേളയെടുത്തതിന് ശേഷമാണ് അദ്ദേഹം സൂപ്പര്‍മാനില്‍ വില്ലന്‍ വേഷത്തിലെത്തിയത്.